2026 ജൂലൈ 23, വ്യാഴാഴ്‌ച

Talking Life - Javed Akthar

 

ടോക്കിംഗ് ലൈഫ് – ജാവേദ് അക്തർ

(നസ്രീൻ മുന്നി കബീറുമായുള്ള സംഭാഷണങ്ങൾ)

"ടോക്കിംഗ് ലൈഫ്" എന്ന പുസ്തകം ഒരു സാധാരണ ആത്മകഥയല്ല. ജീവിതത്തെയും സാഹിത്യത്തെയും സിനിമയെയും സമൂഹത്തെയും കുറിച്ചുള്ള ജാവേദ് അക്തറിന്റെ ചിന്തകളുടെ ആഴം വായനക്കാരന് മുന്നിൽ തുറന്നുകാട്ടുന്ന ആത്മാർത്ഥമായ സംഭാഷണങ്ങളുടെ സമാഹാരമാണിത്. പ്രശസ്ത എഴുത്തുകാരിയും ചലച്ചിത്ര ഗവേഷകയുമായ നസ്രീൻ മുന്നി കബീറുമായുള്ള അഭിമുഖരൂപത്തിലാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്.

ജാവേദ് അക്തറിന്റെ ബാല്യകാല ജീവിതത്തിലെ കഷ്ടപ്പാടുകൾ, കുടുംബ പശ്ചാത്തലം, സാമ്പത്തിക പ്രതിസന്ധികൾ, സാഹിത്യത്തോടുള്ള അടുപ്പം എന്നിവ വളരെ സത്യസന്ധമായി അദ്ദേഹം പങ്കുവയ്ക്കുന്നു. ജീവിതത്തിലെ വെല്ലുവിളികൾ എങ്ങനെ ഒരു വ്യക്തിയുടെ സ്വഭാവത്തെയും സൃഷ്ടിപരതയെയും രൂപപ്പെടുത്തുന്നു എന്നത് ഈ അനുഭവങ്ങളിലൂടെ വ്യക്തമായി മനസ്സിലാക്കാം.

ഹിന്ദി സിനിമയുടെ ചരിത്രം മാറ്റിമറിച്ച സലീം-ജാവേദ് കൂട്ടുകെട്ടിന്റെ രൂപീകരണവും ഷോലെ, ദീവാർ, സഞ്ജീർ തുടങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പിന്നാമ്പുറ കഥകളും പുസ്തകത്തിന്റെ ഏറ്റവും ആകർഷകമായ ഭാഗങ്ങളാണ്. തിരക്കഥയുടെ രൂപീകരണം, കഥാപാത്രങ്ങളുടെ സൃഷ്ടി, സിനിമയുടെ സാമൂഹിക സ്വാധീനം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങൾ സിനിമാപ്രേമികൾക്ക് വിലപ്പെട്ട വായനാനുഭവമാണ്.

ഒരു ഗാനരചയിതാവെന്ന നിലയിലും കവിയെന്ന നിലയിലും ജാവേദ് അക്തർ തന്റെ സൃഷ്ടിപ്രക്രിയയെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. ഒരു നല്ല ഗാനത്തിന്റെ ആത്മാവ് വികാരത്തിലും സാഹചര്യത്തിലുമാണെന്നും, വാക്കുകൾക്ക് സമൂഹത്തെ സ്വാധീനിക്കാനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭാഷയോടുള്ള അദ്ദേഹത്തിന്റെ ആദരവും സാഹിത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ഈ പുസ്തകത്തെ കൂടുതൽ സമ്പന്നമാക്കുന്നു.

സിനിമയ്ക്കും സാഹിത്യത്തിനുമപ്പുറം മതനിരപേക്ഷത, വിദ്യാഭ്യാസം, യുക്തിചിന്ത, അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. വായനക്കാരനെ ചിന്തിപ്പിക്കുകയും സ്വന്തം നിലപാടുകളെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളാണ് ഇവ.

നസ്രീൻ മുന്നി കബീറിന്റെ അഭിമുഖ ശൈലി ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കൃത്യവും ചിന്തോദ്ദീപകവുമായ ചോദ്യങ്ങളിലൂടെ അവർ ജാവേദ് അക്തറിന്റെ ജീവിതവും ചിന്തകളും സ്വാഭാവികമായി വായനക്കാരിലേക്ക് എത്തിക്കുന്നു. അതിനാൽ പുസ്തകം ഒരു അഭിമുഖമെന്നതിലുപരി, ഒരു ജ്ഞാനിയുടെ ജീവിതാനുഭവങ്ങൾ നേരിട്ട് കേൾക്കുന്ന അനുഭവം നൽകുന്നു.

"ടോക്കിംഗ് ലൈഫ്" ഒരു വ്യക്തിയുടെ ജീവിതകഥ മാത്രമല്ല; അനുഭവങ്ങളിലൂടെ രൂപപ്പെട്ട ചിന്തകളുടെയും സൃഷ്ടിപരതയുടെയും ആത്മവിശ്വാസത്തിന്റെയും രേഖപ്പെടുത്തലാണ്. ജാവേദ് അക്തറെന്ന എഴുത്തുകാരനെയും കവിയെയും മാത്രമല്ല, ചിന്തകനെയും മനുഷ്യസ്നേഹിയെയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം നിർബന്ധമായും വായിക്കേണ്ട ഒന്നാണ്.

"ജീവിതം, സാഹിത്യം, സിനിമ, സമൂഹം—ഈ നാലിനെയും ഒരേ സംഭാഷണത്തിൽ കോർത്തിണക്കുന്ന അപൂർവ ഗ്രന്ഥമാണ് ടോക്കിംഗ് ലൈഫ്. അവസാന താൾ മറിച്ച ശേഷവും വായനക്കാരന്റെ മനസ്സിൽ ചിന്തയുടെ അനുരണനങ്ങൾ അവശേഷിപ്പിക്കുന്ന ഒരു മികച്ച വായനാനുഭവം."

2025 ജനുവരി 25, ശനിയാഴ്‌ച

Aathreyakam

 മഹാഭാരതത്തെ കുറിച്ച് പറയാറുള്ളത് ലോകത്തു നടക്കുന്ന സംഭവങ്ങളെല്ലാം അതിലുണ്ടെന്നും അതിലില്ലാത്ത ഒന്നും ലോകത്തു സംഭവിക്കില്ല എന്നുമാണ്. അതുകൊണ്ടുതന്നെ മഹാഭാരതം വിഷയമായി എത്ര കൃതികൾ വന്നാലും അത് അവസാന കൃതിയാവുന്നില്ല. എം ടീയുടെ രണ്ടാമൂഴം, ഭീമനും പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, കർണ്ണനും പുതുജന്മമായതു അങ്ങിനെയാണ്. ഇനിയും ഒരുപാട് കൃതികൾ എഴുതാനിരിക്കുന്നു എന്നാണു രാജശ്രീയുടെ ആത്രേയകവും തെളിയിക്കുന്നത്. കഥകളിലാണ് സംസ്‌കാരങ്ങള്‍ അതിജീവിക്കുകയെന്ന സാമാന്യ പാഠത്തില്‍ നിന്ന് കഥകള്‍ കൊണ്ടാണ് രാഷ്ട്രീയപാപങ്ങള്‍ ന്യായീകരിക്കപ്പെടുകയെന്ന സത്യാനന്തര പാഠത്തിലേക്കുള്ള പരകായമായി ഇതിഹാസ സന്ദര്‍ഭങ്ങളെ കണ്ടെടുക്കുകയാണ് 'ആത്രേയകം'. ഇരുജന്മബാധ്യതകള്‍ പേറുന്ന നിരമിത്രനെയും തിരസ്‌കൃതരുടെ ഔഷധിയായ ഒരു ഭൂമികയെയും മുന്‍നിര്‍ത്തി ഇതിഹാസത്തിന്റെ നിഴലിടങ്ങളില്‍ പുതുകാല കാഴ്ചകളും വായനകളും കണ്ടെത്തുന്നു നോവല്‍

മഹാഭാരതം പുനർജന്മങ്ങളുടെ കഥ കൂടിയാണ്. ഭീഷ്മപിതാമഹൻ മുതൽ അദ്ദേഹത്തിന്റെ എതിരാളിയായി വാഴ്ത്തപ്പെട്ട ശിഖണ്ഡീവരെ അങ്ങിനെയായിരുന്നു. ശിഖണ്ഡിയെന്ന, നിരമിത്രനെന്നോ നിരമിത്രയെന്നോ എന്ന് വിളിക്കപെടാൻ സംശയിച്ച ഒരു ജന്മമാണ് ആത്രേയകത്തിന്റെ കേന്ദ്രകഥാപാത്രം. മഹാഭാരതത്തിലെ ഒരു അനുബന്ധകഥ മാത്രമായിരുന്നു ഭീഷ്മരോടുള്ള പകയുടെ പേരിൽ പുനർജ്ജന്മം നേടിയ അംബയുടെ കഥ. ആത്രേയകത്തിൽ പറയുന്നതുപോലെ, 'ഒരു കഥ കേള്‍ക്കുമ്പോള്‍ പിന്നെ എന്തു സംഭവിച്ചുവെന്നാണ് സാധാരണക്കാര്‍ ചോദിക്കുക. പിന്നീടെന്തെന്നല്ല, അതിനു മുമ്പെന്തുണ്ടായി എന്നതിലേക്കാണ് അവരുടെ നോട്ടമെത്തേണ്ടത്.' നമ്മളൊക്കെ ശിഖണ്ഡിയെ മുന്നിൽ നിർത്തി ഭീഷ്മരെ വധിച്ച അർജുനനെ വാഴ്ത്തിപ്പാടുമ്പോൾ നിരമിത്രനെ മനപ്പൂർവ്വം മറന്നുപോവുകയായിരുന്നു. സ്ത്രീയായി ജനിച്ചിട്ടും പിതാവായ ദ്രുപദന്റെ അഭിമാനത്തിനുവേണ്ടി പുരുഷനായി ജീവിക്കേണ്ടിവരികയും വിധിവൈപരീത്യത്താൽ പുരുഷജന്മമായി മരിക്കേണ്ടിയും വന്ന നിരമിത്രനെ അങ്ങിനെയാക്കി മാറ്റിയത് ആത്രേയകമെന്ന ഉപേക്ഷിക്കപെട്ടവർക്കുവേണ്ടിയുള്ള ഭൂമികയായിരുന്നു. ഹരിണിയെന്ന മദ്രദേശക്കാരിയുടെ മക്കളായ ധൃഷ്ടദുമാന്യനും കൃഷ്ണയും ദ്രുപദന്റെ യാഗത്തിൽ പിറന്ന മക്കളായി അറിയപ്പെട്ടു. രാജവംശങ്ങൾ കഥകൾ സൃഷ്ടിക്കുകയും അതിൽ അഭിരമിക്കുകയും ചെയ്യുമെന്ന യാഥാർഥ്യം മഹാഭാരതത്തിൽ ഒരുപാട് തവണ ആവർത്തിക്കപ്പെട്ട ഒന്നാണ്. പാണ്ഡവജനനം പോലും അത്തരത്തിലൊന്നായി വാഴ്ത്തപ്പെട്ടു. അതിനുപിന്നിലെ വസ്തുതകൾ അന്വേഷിച്ചുപോയാൽ ഒരുപാട് കഥകൾ സൃഷ്ടിക്കപ്പെടും. അതുപോലൊരു മിത്താണ് മഹാഭാരതത്തെ ധര്മാധര്മത്തിന്റ്റെ വിലയിരുത്തലാക്കി മാറ്റിയത്. അധർമ്മവും ചതിയും രാജതന്ത്രത്തിന്റെ പേരിൽ യഥേഷ്ടം പ്രയോഗിച്ചത് പാണ്ഡവർ തന്നെയാണെന്ന് മനസ്സിലാക്കാം. അത്തരമൊരു ചതിപ്രയോഗം തന്നെയായിരുന്നാല്ല്ലോ ഘടോത്കചനെ കര്ണനെതിരെ ഉപയോഗിച്ച കൃഷ്‌ണന്റെ ബുദ്ധിയും. ആ കഥയ്ക്കൊരു പുനഃർവ്യഖ്യാനം ആത്രേയകത്തിൽ കാണാം. പാണ്ഡവർ എന്ന ധര്മരക്ഷകർ എന്ന പ്രയോഗത്തിനുതന്നെ വെല്ലുവിളിയാണ് തെളിഞ്ഞുവരുന്ന വസ്തുതകൾ. പുരാണേതിഹാസങ്ങളുടെ അതിവിശാല ഭൂമികയില്‍ എല്ലായിടത്തും ഒരുപോലെ എപ്പോഴും വെളിച്ചമെത്തുക സാധ്യമല്ല. ആ വെളിച്ചമെത്തിക്കേണ്ടത് സർഗ്ഗധനരായ പുതിയ എഴുത്തുകാരാണ്. ഈ കൃതിയിൽ ആത്രേയകം മൃതിയുടെയും ഔഷധങ്ങളുടെയും ഭൂമിക ആയാണ് പ്രാഥമികമായി അടയാളപ്പെടുന്നത്. എന്നാല്‍ അതിനപ്പുറം, പ്രാകൃതമെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ജൈവജ്ഞാനത്തിന്റെയും അവയുടെ കാവലാളുകളായ, തെറ്റിദ്ധരിക്കപ്പെട്ട സമൂഹങ്ങളുടെയും അതിജീവനത്തിന്റെ ഇടം കൂടിയാണ്. ധൃഷ്ടനും കൃഷ്ണാര്‍ജ്ജുനാദികളും പ്രസരിപ്പിക്കുന്ന മാനവിക വൈകാരിക മൂല്യങ്ങൾ ഒന്നുമേയില്ലാത്ത പുരുഷാധികാരപ്രകടനത്തെക്കാൾ, ഒട്ടേറെ തരളഭാവങ്ങളുള്ള, ഇരുജന്മങ്ങളുടെ വ്യഥകള്‍ പേറുന്ന ഒരു കഥാപാത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നോവലിന്റെ സന്ദേശം വ്യക്തമാണ്. കഥകള്‍ മുമ്പേ, സത്യം പിറകെ എന്നത് തത്വശാസ്ത്രം തന്നെയായി മാറിയ ഒരു കാലത്തിന്റെ നോവലാണ് 'ആത്രേയകം.'

2024 ഓഗസ്റ്റ് 25, ഞായറാഴ്‌ച

The Rise and Fall of Third Reich

അഡോൾഫ് ഹിറ്റ്‌ലറുടെ ഉദയം എന്ന അധ്യായം, ഹിറ്റ്‌ലറുടെ പ്രാരംഭ ജീവിതം, രാഷ്ട്രീയത്തിലെ പ്രവേശം, നാസി പാർട്ടിയുടെ രൂപീകരണം എന്നിവ വിശദീകരിക്കുന്ന ഒന്നാണ്.  തുടർന്ന് 1933-ൽ ഹിറ്റ്‌ലർ ചാൻസലറായി ഉയർന്നതും, വിവിധ ഗൂഢപദ്ധതികളിലൂടെ രാഷ്ട്രീയ എതിരാളികളെ നീക്കം ചെയ്യുകയും അധികാരം ഉറപ്പിക്കുന്നതും വിശദീകരിക്കുന്നു. 

തുടക്കത്തിൽ ജര്മനിക്കെതിരെ റഷ്യയെ കൂടെച്ചേർക്കാൻ തയ്യാറാകാതിരുന്ന ഇംഗ്ലണ്ട്, ഫ്രാൻസ് മുതലായ പാശ്ചാത്യ ശക്തികളുടെ നയങ്ങൾ പോളണ്ടിനെ കീഴടക്കുന്നതിനു ഹിറ്റ്ലർക്ക് സഹായകമായി. പോളണ്ട് അധിനിവേശം രണ്ടാം ലോകമഹായുദ്ധത്തിനു കാരണമായി. പ്രധാനപ്പെട്ട യുദ്ധസന്ദര്ഭങ്ങളും ഹോളോകോസ്റ്റിന്റെ ക്രൂരതകളും പുസ്തകത്തിൽ വിശദമായ വായനയ്ക്ക് കടന്നുവരുന്നുണ്ട്. ഇതിന്റെ അവസാന ഭാഗം സഖ്യസേനകൾ യൂറോപ്പിൽ പ്രവേശിച്ചതിനെയും നാസി ജർമ്മനിയുടെ തകർച്ചയെയും, യുദ്ധാനന്തര ഘട്ടങ്ങളെയുംക്കുറിച്ച് വിശദീകരിക്കുന്നു. 

ഷിററിന്റെ പുസ്തകം സമഗ്രമായ ഒന്നാണ്. ജർമനിയുടെ രാഷ്ട്രീയ, സൈനിക, സാമൂഹിക ചരിത്രങ്ങളെ കൃത്യമായി  അവതരിപ്പിക്കുന്ന ഈ പുസ്തകം, നാസി ജർമനിയുടെ മുന്നേറ്റവും പതനവും സവിശേഷമായി അവതരിപ്പിക്കുന്നു. നാസി ജർമനിയുടെ പ്രവർത്തനങ്ങളും പാശ്ചാത്യ ശക്തികളുടെ പരാജയങ്ങളും ഷിറർ തുറന്നടിക്കുന്നു. 

ഷിററിന്റെ "ദി റൈസ് ആൻഡ് ഫാൾ ഓഫ് ദി തേർഡ് റൈച്ച്" നാസി ജർമ്മനിയുടെ ചരിത്രത്തിൻ്റെ ഏറ്റവും സമഗ്രമായ ചരിത്രകൃതികളിൽ ഒന്നാണ്. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളുടെ ഉത്ഭവവും നാശവും അത് വിശദമാക്കുന്നു. എങ്ങനെ മറ്റൊരു മഹായുദ്ധവും അതിന്റെ ദുരിതകരമായ പ്രത്യാഘാതങ്ങളും ചരിത്രത്തിൽ തിരിച്ച് വരാതിരിക്കണമെന്നുള്ള ഒരു കരുത്തുറ്റ മുന്നറിയിപ്പ് കൂടിയാണ് ഈ പുസ്തകം.