20-ാം നൂറ്റാണ്ടിലെ മനുഷ്യ വിമോചന പോരാട്ടങ്ങളുടെയും ഏകാധിപത്യ വിരുദ്ധ വിപ്ലവങ്ങളുടേയും ചരിത്രത്തിലെ ഏടാണ് ചെഗുവേരയുടെ ജീവിതം. ലാറ്റിനമേരിക്കയെ മുഴുവൻ സർവാധിപത്യ ഭരണകൂടങ്ങളിൽനിന്നു വിമോചിപ്പിച്ച് പാവങ്ങളുടെ കണ്ണീരൊപ്പാൻ ആയുധമേന്തി പുറപ്പെട്ട ചെ യ്ക്ക് തന്റെ ദൗത്യം പൂർത്തികരിക്കാനായില്ല. വിപ്ലവത്തിന്റെ കഠിന പാതയിൽ ശത്രുക്കൾ അദ്ദേഹത്തെ പിടികൂടി വെടിവച്ചു കൊന്നു.
ആ പോരാളിയുടെ മൃതദേഹത്തെപ്പോലും ഭയന്ന അവർ ശരീരത്തിൽ നിന്നു ഒരു കൈ വെട്ടിമാറ്റി അജ്ഞാതമായ ഒരിടത്ത് സംസ്കരിച്ചു. മരണത്തിനും 30 വർഷത്തിനു ശേഷമാണ് (1997) മനുഷ്യ വിമോചനം സ്വപ്നംകണ്ട, പ്രത്യാശയുടെ രക്തനക്ഷതമായ ചെ യുടെ അസ്ഥിപഞ്ജരം കണ്ടെത്തിയത്.
‘ഏണെസ്റ്റോ ഗവാര ദെ ലാ സെർന’ എന്ന ചെ അർജന്റീനയിലെ റൊസാരിയയിലാണ് ജനിച്ചത്. ‘ചെ’ എന്ന വ്യാക്ഷേപക ശബ്ദം (നമ്മുടെ ‘ഛെ!’ പോലെ) ഉപയോഗിക്കുന്ന ശീലത്തിൽ നിന്നാണ് ആ പേര് പതിഞ്ഞത്. ചെ ഗവാര എന്നാണ് പേരിന്റെ ശരിയായ ഉച്ചാരണം.1959-ൽ ചെ എന്ന ഓമനപ്പേര് അദ്ദേഹം ഔദ്യോഗിക നാമമായി സ്വീകരിച്ചു.
വൈദ്യശാസ്ത്ര വിദ്യാർത്ഥിയായിരിയ്ക്കെ സുഹൃത്തായ ഗ്രനഡയ്ക്കൊപ്പം 1951 ഡിസംബർ 29-ന് ലാറ്റിനമേരിക്കയിലൂടെ നടത്തിയ ബൈക്ക് യാത്രയാണ് ചെയുടെ രാഷ്ട്രീയ ബോധത്തെ ഇളക്കിമറിച്ചത്. സർവാധിപത്യങ്ങൾക്കെതിരെ പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ജനകീയ വിപ്ലവങ്ങളിലൂടെ രൂപം കൊണ്ട കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെ അമേരിക്കൻ പിന്തുണയോടെ പ്രതിവിപ്ലവക്കാരികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നതും ആദിമനിവാസികളായ ഇന്ത്യന്മാർ അനുഭവിക്കുന്ന ചൂഷണവും കണ്ടു മനസ്സിലാക്കി.
1953-ൽ വൈദ്യശാസ്ത്ര ബിരുദം നേടി.ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനിടെ സ്വാതന്ത്ര്യത്തിനായി സമരരംഗത്തിറങ്ങിയ ചെ യെ വിപ്ലവകാരികളുടെ അഭയകേന്ദ്രമായ മെക്സിക്കോയിൽവച്ച് പെറുവിലെ വിപ്ലവകാരിയായ ഹിൽഡഗഡിയ എന്ന യുവതിയാണ് ക്യൂബയുമായി അടുപ്പിച്ചത്.1955-ൽ ഹിൽഡയെ ചെ വിവാഹം ചെയ്തു.
1955-ൽ ജയിൽ മോചിതനായ ഫിദൽ കാസ്ട്രോ മെക്സിക്കോയിലെത്തി ‘ജൂലൈ 26 പ്രസ്ഥാനം’ എന്ന ഒളിപ്പോർ സംഘം രൂപീകരിച്ചപ്പോൾ ചെ അതിലംഗമായി.
1956 നവംബർ 25-ന് കാസ്ട്രോയും ചെയും ഉൾപ്പെടെ ‘താടിക്കാർ’ എന്നു വിളിക്കപ്പെടുന്ന 82 വിപ്ലവകാരികൾ സായുധരായി ക്യൂബയിലേക്ക് പുറപ്പെടുകയും 1959 ജനുവരി 2-ന് രക്തരൂഷിതമായ പോരാട്ടത്തിലൂടെ ഏകാധിപതിയായ ഫൾജൻസിയോ ബത്തിസ്ത ഭരണകൂടത്തെ പരാജയപ്പെടുത്തി.
ചെ യെ കുറിച്ച് ഫിദൽ കാസ്ട്രോയുടെ വാക്കുകൾ കൂടെ ഇവിടെ ചേർക്കുന്നു. " ചെ അനുപമേയനായ ഒരു പടയാളിയായിരുന്നു. സൈനിക കാഴ്ചപ്പാടിൽ പറഞ്ഞാൽ അദ്ദേഹം അസാധാരണമാംവിധം പ്രാപ്തിയുള്ള മനുഷ്യനായിരുന്നു. അസാധാരണമാംവിധം ധീരനായിരുന്നു. അസാധാരണമാംവിധം ആക്രമകാരിയായിരുന്നു. ഗറില്ലായെന്നനിലയിൽ ചെ യ്ക്ക് അപായകരമായ ഒരു ദൗർബല്യമുണ്ടായിരുന്നെങ്കിൽ അത് ഈ അമിതമായ അക്രമികത്വം ആയിരുന്നു. അപകടത്തോടുള്ള പൂർണമായ അവജ്ഞയായിരുന്നു. പ്രവർത്തനത്തിൽ ആർക്കും അതിശയിക്കാൻ വയ്യാത്ത, കല്പനാശക്തിയും, ബുദ്ധിവൈഭവവും സാംസ്കാരിക വൈപുല്യവും ചിന്താഗംഭീര്യവും ഒത്തിണങ്ങിയ, ഒരു വ്യക്തിയായിരുന്നു ചെ. തത്വചിന്തകനും കര്മനിരതനും കൂടിച്ചേർന്നതായിരുന്നു അദ്ദേഹം. ഒരു വിപ്ലവകാരിയിൽ ഉണ്ടാവേണ്ട ഗുണങ്ങളുടെ തികഞ്ഞ ആവിഷ്കാരം".
അസാധാരണമാംവിധം മനുഷ്യത്വവും സംവേദനശേഷിയും പുലർത്തിയ ചെ വിപ്ലവത്തിന്റെ ഇതിഹാസം എന്ന വിശേഷണത്തെ അന്വർഥമാക്കി. വിപ്ലവത്തിന്റെ പര്യായം തന്നെയാണ് ചെ. അതുതന്നെയാണ് ചെ യെ അനശ്വരനാക്കുന്നത്.
