2021 മേയ് 13, വ്യാഴാഴ്‌ച
ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മനോഹരമായ യാത്ര
നായാട്ട് ! ഈ കാലത്തിന്റെ ക്ളൈമാക്സ് !...
അധികാരത്തിൽ ഉണ്ടായിരുന്ന മൂന്നു മനുഷ്യർ ഒരു പ്രത്യേക സാഹചര്യത്തിൽ നടത്തേണ്ടിവരുന്ന അതിജീവനപോരാട്ടത്തിൽ അധികാരത്തിന്റെ പല തട്ടിലുള്ളവരുടെ താല്പര്യങ്ങൾ അവസാനവിധി നിശ്ചയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ‘നായാട്ടി’ൽ ഇരയാക്കപ്പെടുന്നതും വേട്ടയാടുന്നതും ഒരേ മുഖമുള്ളവരാണ്, പൊലീസുകാർ. കനിവൊട്ടുമില്ലാത്ത മുഖങ്ങളുമായി വന്നുപോകുന്നവരിൽ ഒപ്പമുള്ളവരും തലയ്ക്കുമുകളിലുള്ളവരുമുണ്ട്. സമൂഹത്തിന്റെ ഏതു തട്ടിലുള്ളവരുമാകട്ടെ, ഒരിക്കൽ വേട്ടയാടപ്പെടേണ്ടി വരുമെന്നും ആ സാഹചര്യത്തിന് കൂരിരുളിനേക്കാൾ ഇരുട്ടും ക്രൗര്യവും ഏറെയായിരിക്കുമെന്നും ഓർമിപ്പിക്കുന്ന ചിത്രം.
പിറവത്തെ ഒരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മണിയനും പ്രവീണും സുനിതയും. മകളെ കലാപ്രതിഭയാക്കണമെന്ന് സ്വപ്നം കണ്ടുനടക്കുന്ന ഇടത്തരം കുടുംബത്തിലെ ആളാണ് മണിയൻ. പ്രായമായ അമ്മയുമായി ഒറ്റയ്ക്കാണ് പ്രവീണിന്റെ ജീവിതം. അമ്മ മാത്രമുള്ള സുനിതയുടെ ജീവിതവും പ്രാരബ്ധങ്ങള്‍ നിറഞ്ഞതാണ്. അപ്രതീക്ഷിതമായി ഇവർ ഒരു കുരുക്കിലകപ്പെടുന്നു; അഴിയുന്തോറും വലിഞ്ഞുമുറുകുന്ന അധികാരകുരുക്കിൽ. ഭരണകൂടത്തിന്റെ രാഷ്ട്രിയതാല്പര്യവും മാധ്യമങ്ങളുടെ നൈതികമല്ലാത്ത വാർത്തതാല്പര്യവും നിരപരാധിത്വം തെളിയിക്കാൻ അവസരം ലഭിക്കാതെയുള്ള വേട്ടയാടപ്പെടലുകളിലേക്കു ഇവരെ നയിക്കുന്നു. ചെറുത്തുനിൽക്കാൻ ശ്രമിക്കുമ്പോഴും അതിന്റെ സാദ്ധ്യതകൾ വളരെ ഇടുങ്ങിയതാണെന്നു അവർക്കു ബോധ്യമുണ്ട്. പോലീസുകാർ പലപ്പോഴും മനസ്സാക്ഷിക്കും മനുഷ്യത്വത്തിനും എതിരെ പണിയെടുക്കേണ്ടിവരുന്നവർ ആണ്. മണിയൻ പറയുന്നതുപോലെ, ‘ഗുണ്ടകൾക്കു പോലും ക്വട്ടേഷൻ എടുക്കാനും എടുക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്, നമ്മൾ പൊലീസുകാർക്ക് അതില്ല’.
‘നായാട്ടി’ ന്‍റെ കഥ പലരീതിയില്‍ കേരള സമൂഹം അനുഭവിച്ചു തീര്‍ത്തതാണ്. അപ്പോഴൊക്കെയും ഇരയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥകളാണ് സിനിമകള്‍ക്ക് പ്രമേയമായി മാറിയതെങ്കില്‍ ‘നായാട്ട്’ മറ്റൊരു രീതിയില്‍ ഈ പ്രമേയത്തെ അവതരിപ്പിക്കുകയാണ്. ശരീര ഭാഷയിലും കഥാപാത്രഭാവത്തിലും മണിയനെ ജോജു ഗംഭീരമാക്കി. ‘ജോസഫി’ലൂടെ ഒരു പൊലീസ് ഓഫിസറുടെ മാനറിസങ്ങളും സ്വഭാവവും കൊണ്ടുവരുന്നതിൽ വിജയിച്ച ആളാണ് ജോജു. അനായാസമായ അഭിനയപാടവത്തിന്റെ മറ്റൊരു തലമാണ് മണിയനിലൂടെ ജോജു തുറന്നിടുന്നത്. വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനുമായ മണിയന്റെ ജീവിതതലങ്ങളെ അതിഗംഭീരമായി സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പ്രേക്ഷക മനസ്സിനെ മണിയൻ വേട്ടയാടിക്കൊണ്ടേയിരിക്കും. പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും അരങ്ങു തകർത്തു. കര്‍ക്കശക്കാരനും സൗമ്യനുമായ പ്രവീണ്‍, ചാക്കോച്ചന്റെ കൈകളിൽ ഭദ്രമായിരുന്നു. പതിവു നാടൻ കഥാപാത്രങ്ങളിൽ നിന്നൊക്കെ ഏറെ സങ്കീര്‍ണതകളുള്ള കഥാപാത്രമാണ് നിമിഷ അവതരിപ്പിച്ച സുനിത. ഒറ്റപ്പെടുന്നതിന്റെ ഭയാനകതയെ തന്റെ മുഖഭാവങ്ങൾ കൊണ്ടുപോലും പ്രേക്ഷകർക്കു മനസിലാക്കി തരുന്നു. ജാഫർ ഇടുക്കിയുടെ മുഖ്യമന്ത്രി കഥാപാത്രം തന്റെ താല്പര്യത്തിനായി ഏതു നിമിഷവും ഉദ്യോഗസ്ഥരെപോലും കയ്യൊഴിയാൻ മടികാണിക്കാത്ത ഇന്നത്തെ രാഷ്ട്രീയക്കാരന്റെ പ്രതിരൂപമാണ്.
കുരുക്കുകള്‍ കെട്ടു പിണഞ്ഞു കിടക്കുന്ന ഭരണാധികാരലോകത്തിന്‍റെ പക്ഷപാതിത്വങ്ങളെ നായാട്ട് തുറന്നു കാണിക്കുന്നു. അധികാരം വര്‍ഗ്ഗപരമാണെന്നും ചൂഷണത്തിന് ഉതകുന്നതാണ് എന്നുമുള്ള സൂചനയും അതിലുണ്ട്. അധികാരത്തിൽ ഇരിക്കുന്നവരുടെ താല്പര്യങ്ങൾക്കനുസരിച്ചു നീതി നടപ്പാക്കുന്ന കഥ പറയുമ്പോഴും അതിലേക്കു നയിക്കുന്ന ചില ഇടത്തട്ടുകാരുടെ താല്പര്യങ്ങളും വിസ്മരിക്കാൻ പാടില്ല എന്ന് ഈ സിനിമയിലെ ചില സംഭാഷണങ്ങൾ നമ്മെ ഓര്മിപ്പിക്കുന്നുണ്ട്. പോലീസ് ചീഫ് അന്വേഷണ ഉദ്യോഗസ്ഥയോടു പറയുന്ന ഒരു വാചകം, മാധ്യമങ്ങൾ പ്രശ്നത്തെ വഷളാക്കി കഴിഞ്ഞു എന്നും അതുകൊണ്ടുതന്നെ ഇനി രാഷ്ട്രീയതാല്പര്യത്തിനു നിന്നുകൊടുക്കുക എന്നതല്ലാതെ നീതി നടപ്പാക്കുന്നതിന് പ്രാധാന്യം നൽകേണ്ടതില്ല എന്ന് ധ്വനിപ്പിക്കുന്നതാണ്. ഈയിടെ കേരളത്തിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നവർക്കു അത് ബോധ്യപ്പെടാവുന്നതേയുള്ളൂ. സർക്കാരും പോലീസും മാധ്യമങ്ങളും തങ്ങളുടെ താല്പര്യങ്ങളുടെ പുറത്താണ് മുന്നോട്ടുപോകുന്നതെന്നും സാധാരണക്കാരന് നീതി നടപ്പാക്കാനല്ല എന്നുമുള്ള വിമര്ശനം കൂടി നമുക്ക് വായിച്ചെടുക്കാം.
ഷാഹി കബീറിന്റെ ആദ്യ സിനിമയായ ജോസഫ് പോലെ യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്നതാണ് നായാട്ടിന്റെയും തിരക്കഥ. പോലീസുകാരനായിരുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളുമൊക്കെ ഏറെ സങ്കീർണതകളോടെ തന്നെ എഴുതി ഫലിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തിരക്കഥയുടെ ഉൾക്കാമ്പ് ചോരാതെ എത്രത്തോളം സത്യസന്ധമാക്കാമോ അത്രയും നീതിപുലർത്തിയാണ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ സംവിധാനമികവ് മുന്‍ ചിത്രങ്ങളിലേതു പോലെ തന്നെ ‘നായാട്ടി’ലും തിളങ്ങി നില്‍ക്കുന്നു. ഷൈജു ഖാലിദിന്‍റെ ക്യാമറ സിനിമയിലെ ജീവിതത്തെ സത്യമെന്ന തോന്നല്‍ ഉണ്ടാക്കുന്ന വിധത്തില്‍ മികച്ചു നിന്നു. സർവൈവൽ ത്രില്ലർ എന്നതിലുപലരി ഇതിലെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ നീതി, തുല്യത, സ്വാതന്ത്ര്യം എന്നിവയെല്ലാം അധികാരം കയ്യിലുള്ളവർക്കു മാത്രമേ ലഭിക്കുന്നുള്ളൂ എന്നും സാധാരണക്കാർക്ക് ഇതെല്ലാം അപ്രാപ്പ്യം ആണെന്നും ഈ സിനിമ പറഞ്ഞുവെക്കുന്നു. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ആത്യന്തികമായി ഭരണഘടനാതത്വങ്ങൾക്കപ്പുറത്തു രാഷ്ട്രീയക്കാരെ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന സമകാലികരാഷ്ട്രീയത്തിന്റെ പൊള്ളത്തരം കൂടി നായാട്ട് മുന്നോട്ടുവെക്കുന്നുണ്ട് .
2021 മേയ് 11, ചൊവ്വാഴ്ച
കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മ (102) വിടവാങ്ങി..
കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹിക മുന്നേറ്റത്തിലെ വിപ്ലവ തേജസ്സായിരുന്നു
കെ.ആർ. ഗൗരിയമ്മ. സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും വഴികളിലൂടെ ദിശാബോധം നൽകിയ ദീപ്ത നക്ഷത്രത്തെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.പുരോഗമനപരമായ നിയമ നിർമാണങ്ങളിലൂടെയും അഴിമതിരഹിത പൊതുജീവിതത്തിലൂടെയും ഈ രാഷ്ട്രീയ മുത്തശ്ശി കാണിച്ചുതന്ന അസാമാന്യ മാതൃക കേരള ചരിത്രത്തിൽ എന്നും മായാതെ കിടക്കും. കേരള രാഷ്ട്രീയത്തിനെന്നല്ല ഇന്ത്യന്‍ രാഷ്ട്രീയ ചരിത്ര താളുകളില്‍ തന്നെ പാഠ്യ വിഷയമാക്കേണ്ട ജീവിതമാണ് കെ.ആര്‍. ഗൗരിയമ്മയുടേത്. തളരാത്ത മനസ്സും ദൃഢ നിശ്ചയവും ആരുടെ മുന്നിലും തോല്‍ക്കാത്ത മനസുമാണ് ഗൗരിയമ്മയെ മുന്നോട്ട് നയിച്ചത്
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. നിയമം പഠിച്ച് വക്കീലായി, രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു. ഇരുപത്തിയെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം. ഒളിവു ജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരിയമ്മ രൂപപ്പെട്ടത്. 1957-ല്‍ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു കെ.ആര്‍.ഗൗരിയമ്മ 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിർണായക ചുവടുകൾ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്.
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളായിരുന്നു കെ.ആര്‍. ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയില്‍ പെട്ട കെ.ആര്‍. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ ഭരണാധികാരിയായിരുന്നു.നിയമ ബിരുദം നേടിയ ആദ്യകാല സ്ത്രീകളിൽ ഒരാൾ. വിദ്യാഭ്യാസം കൊണ്ടും രാഷ്ട്രീയ ജാഗ്രത കൊണ്ടും ജാതീയമായും ലിംഗപരമായുമുണ്ടായ വിവേചനങ്ങളെ നേരിട്ട പോരാളി. തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ പെൺ പെരുമയായി മാറിയ കമ്മ്യൂണിസ്റ്റുകാരി. കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾക്കെന്നും പ്രചോദനവും മാതൃകയുമായിരുന്നു. സ്ത്രീകൾക്ക് മാത്രമല്ല, കേരള ജനതയ്ക്കാകെ അവരെന്നും അഭിമാനമായിരുന്നു.
ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമയാണ് കെ ആര്‍ ഗൗരിയമ്മ എന്നും കരുതുന്നവരുണ്ട്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ 'ഗൗരി' എന്ന കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നുണ്ട്.
കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങള്‍ ഭയമാറ്റി വന്നു.
എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.
ഗൗരിയമ്മയോട് കൂടി ഒരു ചരിത്ര കാലഘട്ടം മറയുകയാണ്. വിപ്ലവത്തിന്‍റെ അഗ്നിമുഖത്ത് തളിര്‍ത്ത പൂമരമെന്ന വിശേഷണമാണ് ഗൗരിയമ്മയ്ക്ക് അക്ഷരാർത്ഥത്തിൽ ചേരുന്നത്. ഗൗരിയമ്മയുടെ ജീവിതം തന്നെ സമരമായിരുന്നു നൂറ് വയസ്സ് പിന്നിട്ടിരിക്കുമ്പോഴും ആ സമരവീര്യം അവരുടെ വാക്കുകളിലുണ്ടായിരുന്നു. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. കാലമെത്ര കഴിഞ്ഞാലും ഗൗരിയമ്മയുടെ സമരവീര്യവും ജീവിതവും തങ്ക ലിപികളാല്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തുക തന്നെ ചെയ്യും.


