2021 മേയ് 11, ചൊവ്വാഴ്ച

കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മ (102) വിടവാങ്ങി..


കേരളത്തിന്‍റെ രാഷ്ട്രീയ-സാമൂഹിക മുന്നേറ്റത്തിലെ വിപ്ലവ തേജസ്സായിരുന്നു

കെ.ആർ. ഗൗരിയമ്മ. സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും വഴികളിലൂടെ ദിശാബോധം നൽകിയ ദീപ്​ത നക്ഷത്രത്തെയാണ്​ കേരളത്തിന്​ നഷ്​ടമായിരിക്കുന്നത്​.പുരോഗമനപരമായ നിയമ നിർമാണങ്ങളിലൂടെയും അഴിമതിരഹിത പൊതുജീവിതത്തിലൂടെയും ഈ രാഷ്ട്രീയ മുത്തശ്ശി കാണിച്ചുതന്ന അസാമാന്യ മാതൃക കേരള ചരിത്രത്തിൽ എന്നും മായാതെ കിടക്കും. കേരള രാഷ്ട്രീയത്തിനെന്നല്ല ഇന്ത്യന്‍ രാഷ്ട്രീയ ചരിത്ര താളുകളില്‍ തന്നെ പാഠ്യ വിഷയമാക്കേണ്ട ജീവിതമാണ് കെ.ആര്‍. ഗൗരിയമ്മയുടേത്. തളരാത്ത മനസ്സും ദൃഢ നിശ്ചയവും ആരുടെ മുന്നിലും തോല്‍ക്കാത്ത മനസുമാണ് ഗൗരിയമ്മയെ മുന്നോട്ട് നയിച്ചത്

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. നിയമം പഠിച്ച് വക്കീലായി, രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു. ഇരുപത്തിയെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം. ഒളിവു ജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരിയമ്മ രൂപപ്പെട്ടത്. 1957-ല്‍ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു കെ.ആര്‍.ഗൗരിയമ്മ 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിർണായക ചുവടുകൾ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്.

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളായിരുന്നു കെ.ആര്‍. ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയില്‍ പെട്ട കെ.ആര്‍. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ ഭരണാധികാരിയായിരുന്നു.നിയമ ബിരുദം നേടിയ ആദ്യകാല സ്ത്രീകളിൽ ഒരാൾ. വിദ്യാഭ്യാസം കൊണ്ടും രാഷ്ട്രീയ ജാഗ്രത കൊണ്ടും ജാതീയമായും ലിംഗപരമായുമുണ്ടായ വിവേചനങ്ങളെ നേരിട്ട പോരാളി. തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ പെൺ പെരുമയായി മാറിയ കമ്മ്യൂണിസ്റ്റുകാരി. കേരള രാഷ്ട്രീയത്തിൽ സ്ത്രീകൾക്കെന്നും പ്രചോദനവും മാതൃകയുമായിരുന്നു. സ്ത്രീകൾക്ക് മാത്രമല്ല, കേരള ജനതയ്ക്കാകെ അവരെന്നും അഭിമാനമായിരുന്നു.

ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമയാണ് കെ ആര്‍ ഗൗരിയമ്മ എന്നും കരുതുന്നവരുണ്ട്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ 'ഗൗരി' എന്ന കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നുണ്ട്.

കരയാത്ത ഗൗരി, തളരാത്ത ഗൗരി,

കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി.

ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,

പതിവായി ഞങ്ങള്‍ ഭയമാറ്റി വന്നു.

        എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.

ഗൗരിയമ്മയോട് കൂടി ഒരു ചരിത്ര കാലഘട്ടം മറയുകയാണ്. വിപ്ലവത്തിന്‍റെ അഗ്നിമുഖത്ത് തളിര്‍ത്ത പൂമരമെന്ന വിശേഷണമാണ് ഗൗരിയമ്മയ്ക്ക് അക്ഷരാർത്ഥത്തിൽ ചേരുന്നത്. ഗൗരിയമ്മയുടെ ജീവിതം തന്നെ സമരമായിരുന്നു നൂറ് വയസ്സ് പിന്നിട്ടിരിക്കുമ്പോഴും ആ സമരവീര്യം അവരുടെ വാക്കുകളിലുണ്ടായിരുന്നു. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. കാലമെത്ര കഴിഞ്ഞാലും ഗൗരിയമ്മയുടെ സമരവീര്യവും ജീവിതവും തങ്ക ലിപികളാല്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തുക തന്നെ ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല: