കണ്ടു തീർന്നപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തന്ന, അറിയാതെ തന്നെ മുഖത്ത് ചിരി വിരിഞ്ഞ സിനിമയാണ് 'പാൽതു ജാൻവർ'. ആഗ്രഹിച്ച ജോലി നേടാനാകാതെ കിട്ടിയ ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ഒടുവിൽ അമ്പേ പരാജയപ്പെടുകയും ചെയ്യുന്നവരെ നമുക്ക് ചുറ്റും ഒരുപാട് കണ്ടിട്ടുണ്ട്. അതുപോലെ അനിമേഷൻ സ്വപ്നം കണ്ട് വളർന്ന ഒരു ചെറുപ്പക്കാരന് അച്ഛന്റെ മരണത്തോടെ കിട്ടിയ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ എന്ന ജോലി ഏറ്റെടുക്കേണ്ടി വരുകയും ആത്മാർഥതയില്ലാതെ ഏറ്റെടുക്കുന്ന ജോലിയിൽ പറ്റുന്ന പാളിച്ചകൾ ഒരു മലയോരഗ്രാമത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ബേസിൽ ചെയ്ത പ്രസൂൺ എന്ന കഥാപാത്രം ഒരു പക്വത കൈവരിക്കുന്ന, മാനസികമായി കുറച്ചുകൂടി വളരുന്ന സാഹചര്യങ്ങളിലാണ് സിനിമ അവസാനിക്കുന്നത്യി. ഒരു നാട്ടിലെ അതായത് കണ്ണൂർ ജില്ലയിലെ കുടിയാന്മല എന്ന മലയോര ഗ്രാമത്തിൽ ഉള്ള മൃഗങ്ങളും അവയെ ചുറ്റിപ്പറ്റി ജീവിക്കുന്ന മനുഷ്യരുടേയും കഥയാണ് ഈ സിനിമ.

സിനിമയിൽ ഏറ്റവും കൂടുതൽ എടുത്തുപറയേണ്ടത് സിനിമയിലെ കഥാപാത്രങ്ങളാണ്. അച്ഛന്റെ മരണശേഷം, അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രസൂൺ (ബേസിൽ ജോസഫ്) എന്ന യുവാവിനെ മുൻനിർത്തിയാണ് സിനിമയുടെ പശ്ചാത്തലം. അനിമേറ്റർ ആവണം എന്ന അതിയായ മോഹമുപേക്ഷിച്ചാണ്, തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സുരക്ഷ, അച്ഛൻ ചെയ്തിരുന്ന ജോലി തുടങ്ങിയ പരിഗണനകളിൽ മനസ്സില്ലാമനസ്സോടെ അയാൾ കുടിയാന്മല എന്ന ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രിയിലെ ജോലിയിൽ പ്രവേശിക്കുന്നത്. തനിക്ക് തീരെ താല്പര്യമില്ലാത്ത ഒരു ജോലി ചെയ്യാൻ തനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു നാട്ടിലേക്ക് കുറെ മനുഷ്യരുടെയും മൃഗങ്ങളുടെയും ഇടയിലേക്ക് എത്തിപ്പെടുന്ന ഒരാളാണ് പ്രസൂൺ. ആ കഥാപാത്രത്തിന്‍റെ എല്ലാ തരം അംഗലാപ്പുകളും ചെറിയ ഇമോഷണൽ രംഗങ്ങളും സന്തോഷവും സിറ്റുവേഷനിൽ കോമഡിയുമൊക്കെ തികച്ചും അനായാസമായാണ് ബേസിൽ കൈകാര്യം ചെയ്യുന്നത്. കൂടെ ജോലി ചെയ്യുന്ന കഥാപാത്രം പറയുന്നതുപോലെ നമ്മുടെ ജോലി സ്നേഹിച്ചു തുടങ്ങിയാൽ നമുക്ക് ആ ജോലിയിൽ വിജയിക്കാനാകുമെന്നു ബേസിലിന്റെ കഥാപാത്രം ക്ലൈമാക്സിൽ തിരിച്ചറിയുന്നുണ്ട്. ഒരുതരത്തിൽ ഓരോ സർക്കാർ ജീവനക്കാർക്കും പിന്തുടരാവുന്ന സന്ദേശമാണ് ഇത്. മറ്റൊരു കഥാപാത്രം ഇന്ദ്രൻസ് കൈകാര്യം ചെയ്യുന്ന വാർഡ് മെമ്പറുടെ കഥാപാത്രമാണ്. നമുക്ക് ചുറ്റും കാണുന്ന രാഷ്ട്രീയക്കാരുടെ പെരുമാറ്റ രീതികൾ കൃത്യമായി പുലർത്താൻ അറിയുന്ന ഇയാളോട് ഒരേ സമയം നമുക്ക് തോന്നുന്നത് ദേഷ്യമാണോ സഹതാപമാണോ സ്നേഹമാണോ എന്ന് മനസിലാവാത്ത ഒരു കഥാപാത്രം. കുറച്ച് സീനുകൾ കഴിയുമ്പോഴേ ആ കഥാപാത്രത്തെ നമുക്ക് മനസിലാവുകയുള്ളൂ. അത്രയേറെ മനോഹരമായാണ് വാർഡ് മെമ്പറെ ഇന്ദ്രൻസ് ചെയ്തു വയ്ക്കുന്നത്. പക്ഷെ തരാതരം പോലെ പെരുമാറുമെങ്കിലും പൊതുവെ രാഷ്ട്രീയക്കാർ പുലർത്തുന്ന നന്മ ഇയാളിലും നമുക്ക് കാണാനാകും. മറ്റൊന്ന് ജോണി ആന്‍റണി കൈകാര്യം ചെയ്ത കഥാപാത്രമാണ്. ജോണി ആന്‍റണി മറ്റു സിനിമകളിൽ ചെയ്ത സംസാരശൈലി ഒഴിച്ച് നിർത്തിയാൽ ഗൗരവമായി കാര്യങ്ങൾ സംസാരിക്കുന്ന ഒരു സാധാരണ നാട്ടിൻപുറത്തുകാരനാണ് ഈ കഥാപാത്രം. തികച്ചും വ്യത്യസ്തത പുലർത്തുന്ന തികച്ച നാച്ചുറൽ ആയ ഒരു അഭിനയം കാഴ്ച വച്ചിട്ടുണ്ട് ജോണി ആന്‍റണി സിനിമയിൽ. ഒരു നാട്ടിൻപുറത്തിന്‍റെ കഥ പറയുമ്പോൾ നമുക്കെല്ലാം പരിചയമുള്ള കുറെ കഥാപാത്രങ്ങളെയാണ് നമ്മൾ ഈ സിനിമയിൽ കാണുന്നത്. ഗ്രാമസഭ ദൃശ്യങ്ങളും മറ്റും യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്നതായി മനസ്സിലാകും. പരസ്പരമുള്ള സഹായങ്ങൾ ചെയ്യുന്നതിൽ കാണിക്കുന്ന ആത്മാർത്ഥതയും നഷ്ടമാകുന്ന ഗ്രാമസൗഭാഗ്യമാണ്. വിശ്വാസതട്ടിപ്പുകളും സാമ്പത്തികത്തട്ടിപ്പുകളും ഗ്രാമീണജനങ്ങളെ സമീപിക്കുന്ന വിധവും സിനിമയിൽ നമുക്ക് കാണാം. മൃഗങ്ങളോടുള്ള ആളുകളുടെ പലതരം സമീപനങ്ങളും കാഴ്ച്ചപ്പാടുകളുമെല്ലാം സിനിമ പറഞ്ഞു വെക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ അവിടുത്തെ നാടിനോടും ആളുകളോടും നമുക്ക് ഇത്തിരി സ്നേഹം തോന്നി തുടങ്ങും.