മഹാഭാരതത്തെ കുറിച്ച് പറയാറുള്ളത് ലോകത്തു നടക്കുന്ന സംഭവങ്ങളെല്ലാം അതിലുണ്ടെന്നും അതിലില്ലാത്ത ഒന്നും ലോകത്തു സംഭവിക്കില്ല എന്നുമാണ്. അതുകൊണ്ടുതന്നെ മഹാഭാരതം വിഷയമായി എത്ര കൃതികൾ വന്നാലും അത് അവസാന കൃതിയാവുന്നില്ല. എം ടീയുടെ രണ്ടാമൂഴം, ഭീമനും പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, കർണ്ണനും പുതുജന്മമായതു അങ്ങിനെയാണ്. ഇനിയും ഒരുപാട് കൃതികൾ എഴുതാനിരിക്കുന്നു എന്നാണു രാജശ്രീയുടെ ആത്രേയകവും തെളിയിക്കുന്നത്. കഥകളിലാണ് സംസ്കാരങ്ങള്‍ അതിജീവിക്കുകയെന്ന സാമാന്യ പാഠത്തില്‍ നിന്ന് കഥകള്‍ കൊണ്ടാണ് രാഷ്ട്രീയപാപങ്ങള്‍ ന്യായീകരിക്കപ്പെടുകയെന്ന സത്യാനന്തര പാഠത്തിലേക്കുള്ള പരകായമായി ഇതിഹാസ സന്ദര്‍ഭങ്ങളെ കണ്ടെടുക്കുകയാണ് 'ആത്രേയകം'. ഇരുജന്മബാധ്യതകള്‍ പേറുന്ന നിരമിത്രനെയും തിരസ്കൃതരുടെ ഔഷധിയായ ഒരു ഭൂമികയെയും മുന്‍നിര്‍ത്തി ഇതിഹാസത്തിന്റെ നിഴലിടങ്ങളില്‍ പുതുകാല കാഴ്ചകളും വായനകളും കണ്ടെത്തുന്നു നോവല്‍
മഹാഭാരതം പുനർജന്മങ്ങളുടെ കഥ കൂടിയാണ്. ഭീഷ്മപിതാമഹൻ മുതൽ അദ്ദേഹത്തിന്റെ എതിരാളിയായി വാഴ്ത്തപ്പെട്ട ശിഖണ്ഡീവരെ അങ്ങിനെയായിരുന്നു. ശിഖണ്ഡിയെന്ന, നിരമിത്രനെന്നോ നിരമിത്രയെന്നോ എന്ന് വിളിക്കപെടാൻ സംശയിച്ച ഒരു ജന്മമാണ് ആത്രേയകത്തിന്റെ കേന്ദ്രകഥാപാത്രം. മഹാഭാരതത്തിലെ ഒരു അനുബന്ധകഥ മാത്രമായിരുന്നു ഭീഷ്മരോടുള്ള പകയുടെ പേരിൽ പുനർജ്ജന്മം നേടിയ അംബയുടെ കഥ. ആത്രേയകത്തിൽ പറയുന്നതുപോലെ, 'ഒരു കഥ കേള്‍ക്കുമ്പോള്‍ പിന്നെ എന്തു സംഭവിച്ചുവെന്നാണ് സാധാരണക്കാര്‍ ചോദിക്കുക. പിന്നീടെന്തെന്നല്ല, അതിനു മുമ്പെന്തുണ്ടായി എന്നതിലേക്കാണ് അവരുടെ നോട്ടമെത്തേണ്ടത്.' നമ്മളൊക്കെ ശിഖണ്ഡിയെ മുന്നിൽ നിർത്തി ഭീഷ്മരെ വധിച്ച അർജുനനെ വാഴ്ത്തിപ്പാടുമ്പോൾ നിരമിത്രനെ മനപ്പൂർവ്വം മറന്നുപോവുകയായിരുന്നു. സ്ത്രീയായി ജനിച്ചിട്ടും പിതാവായ ദ്രുപദന്റെ അഭിമാനത്തിനുവേണ്ടി പുരുഷനായി ജീവിക്കേണ്ടിവരികയും വിധിവൈപരീത്യത്താൽ പുരുഷജന്മമായി മരിക്കേണ്ടിയും വന്ന നിരമിത്രനെ അങ്ങിനെയാക്കി മാറ്റിയത് ആത്രേയകമെന്ന ഉപേക്ഷിക്കപെട്ടവർക്കുവേണ്ടിയുള്ള ഭൂമികയായിരുന്നു. ഹരിണിയെന്ന മദ്രദേശക്കാരിയുടെ മക്കളായ ധൃഷ്ടദുമാന്യനും കൃഷ്ണയും ദ്രുപദന്റെ യാഗത്തിൽ പിറന്ന മക്കളായി അറിയപ്പെട്ടു. രാജവംശങ്ങൾ കഥകൾ സൃഷ്ടിക്കുകയും അതിൽ അഭിരമിക്കുകയും ചെയ്യുമെന്ന യാഥാർഥ്യം മഹാഭാരതത്തിൽ ഒരുപാട് തവണ ആവർത്തിക്കപ്പെട്ട ഒന്നാണ്. പാണ്ഡവജനനം പോലും അത്തരത്തിലൊന്നായി വാഴ്ത്തപ്പെട്ടു. അതിനുപിന്നിലെ വസ്തുതകൾ അന്വേഷിച്ചുപോയാൽ ഒരുപാട് കഥകൾ സൃഷ്ടിക്കപ്പെടും. അതുപോലൊരു മിത്താണ് മഹാഭാരതത്തെ ധര്മാധര്മത്തിന്റ്റെ വിലയിരുത്തലാക്കി മാറ്റിയത്. അധർമ്മവും ചതിയും രാജതന്ത്രത്തിന്റെ പേരിൽ യഥേഷ്ടം പ്രയോഗിച്ചത് പാണ്ഡവർ തന്നെയാണെന്ന് മനസ്സിലാക്കാം. അത്തരമൊരു ചതിപ്രയോഗം തന്നെയായിരുന്നാല്ല്ലോ ഘടോത്കചനെ കര്‍ണനെതിരെ ഉപയോഗിച്ച കൃഷ്ണന്റെ ബുദ്ധിയും. ആ കഥയ്ക്കൊരു പുനഃർവ്യഖ്യാനം ആത്രേയകത്തിൽ കാണാം. പാണ്ഡവർ എന്ന ധര്മരക്ഷകർ എന്ന പ്രയോഗത്തിനുതന്നെ വെല്ലുവിളിയാണ് തെളിഞ്ഞുവരുന്ന വസ്തുതകൾ. പുരാണേതിഹാസങ്ങളുടെ അതിവിശാല ഭൂമികയില്‍ എല്ലായിടത്തും ഒരുപോലെ എപ്പോഴും വെളിച്ചമെത്തുക സാധ്യമല്ല. ആ വെളിച്ചമെത്തിക്കേണ്ടത് സർഗ്ഗധനരായ പുതിയ എഴുത്തുകാരാണ്. ഈ കൃതിയിൽ ആത്രേയകം മൃതിയുടെയും ഔഷധങ്ങളുടെയും ഭൂമിക ആയാണ് പ്രാഥമികമായി അടയാളപ്പെടുന്നത്. എന്നാല്‍ അതിനപ്പുറം, പ്രാകൃതമെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ജൈവജ്ഞാനത്തിന്റെയും അവയുടെ കാവലാളുകളായ, തെറ്റിദ്ധരിക്കപ്പെട്ട സമൂഹങ്ങളുടെയും അതിജീവനത്തിന്റെ ഇടം കൂടിയാണ്. ധൃഷ്ടനും കൃഷ്ണാര്‍ജ്ജുനാദികളും പ്രസരിപ്പിക്കുന്ന മാനവിക വൈകാരിക മൂല്യങ്ങൾ ഒന്നുമേയില്ലാത്ത പുരുഷാധികാരപ്രകടനത്തെക്കാൾ, ഒട്ടേറെ തരളഭാവങ്ങളുള്ള, ഇരുജന്മങ്ങളുടെ വ്യഥകള്‍ പേറുന്ന ഒരു കഥാപാത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നോവലിന്റെ സന്ദേശം വ്യക്തമാണ്. കഥകള്‍ മുമ്പേ, സത്യം പിറകെ എന്നത് തത്വശാസ്ത്രം തന്നെയായി മാറിയ ഒരു കാലത്തിന്റെ നോവലാണ് 'ആത്രേയകം.'