2020 സെപ്റ്റംബർ 27, ഞായറാഴ്‌ച

വിക്രമാദിത്യചരിതം

പ്രാചീന ഭാരതത്തിലെ പ്രഗത്‌ഭരായ ഭരണാധികാരികളിൽ അദ്വിതീയ സ്ഥാനമുള്ള ഭരണാധികാരിയായ ഭോജരാജാവിനു ഒരിക്കൽ മുപ്പത്തിരണ്ട് പടവുകളും കാവൽക്കാരികളായി മുപ്പത്തിരണ്ട് സാലഭഞ്ജികകളുംഉണ്ടായിരുന്ന ഒരു ദിവ്യസിംഹാസനം ലഭിക്കുന്നു. ഏവരുടെയും ഹർഷാരവം സ്വീകരിച്ചുകൊണ്ട് സിംഹാസനാരോഹണം ചെയ്യുന്നതിലേക്കായി ഭോജരാജാവ് ഒന്നാമത്തെ പടിയിൽ കാൽവച്ചു. അപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മുപ്പത്തിരണ്ട് പടവുകൾക്കു കാവൽക്കാരായിനിന്ന മുപ്പത്തിരണ്ട് സാലഭഞ്ജികമാരും പൊട്ടിച്ചിരിച്ചു. അമ്പരപ്പോടെ ആ പൊട്ടിച്ചിരിയുടെ കാരണം അന്വേഷിച്ച ഭോജരാജാവിനോട് മുപ്പത്തിരണ്ട് സാലഭഞ്ജികമാരും കഥപറയുന്ന രീതിയിലാണ്  വിക്രമാദിത്യചരിതം എഴുതപ്പെട്ടിട്ടുള്ളത്. ഉജ്ജയിനിലെ രാജാവായിരുന്നു വിക്രമാദിത്യൻ എന്നാണ്‌ ഐതിഹ്യം. ശ്രീഭദ്രകാളിയുടെ ഉപാസകനായിരുന്നു ഇദ്ദേഹം. ധൈര്യശാലിയായിരുന്ന അദ്ദേഹം, ലോകം മുഴുവനും ചുറ്റിസഞ്ചരിക്കുകയും അനേകം അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്തിരുന്നു എന്ന് കരുതപ്പെടുന്നു. അനുജനായ ഭട്ടിയും, അനുചരനായ വേതാളവും എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. കവിയും പണ്ഡിതശ്രേഷ്ഠനുമായ ഭർതൃഹരി വിക്രമാദിത്യന്റെ ജ്യേഷ്ഠനായിരുന്നു. വിക്രമാദിത്യ കഥകൾക്ക് ഇന്നും വളരെ പ്രചാരമുണ്ട്. കഥാപുസ്തകങ്ങളിലൂടെയും കുട്ടികൾക്കുള്ള പരമ്പരകളിലൂടെയും ഇവ                                                                                                                                 

ഇപ്പോഴും പ്രചരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സദസ്സിൽ നിരവധി പണ്ഢിതരുണ്ടായിരുന്നതായി കരുതപ്പെടുന്നു. ധന്വന്തരി, ക്ഷപണകൻ , അമരസിംഹൻ , ശംഖു , വേതാളഭട്ടൻ , ഘടകരപരൻ, കാളിദാസൻ , വരാഹമിഹിരൻ,  വരരുചി  എന്നിവരാണ് അദ്ദേഹത്തിന്റെ സദസ്സിലുണ്ടായിരുന്ന നവരത്നങ്ങൾ.ഈ ഐതിഹ്യകഥകൾക്ക് ആധാരമായി ഒരു ചരിത്രപുരുഷനുണ്ടായിരുന്നിരിക്കണം. അത് ഗുപ്തരാജവംശത്തിലെ ചന്ദ്രഗുപ്തൻ രണ്ടാമനാ

യിരിക്കാനാണ് സാദ്ധ്യത. ഗുപ്തരാജവംശത്തിൻറെ കാലം പൊതുവേയും ഇദ്ദേഹത്തിൻറെ ഭരണകാലം പ്രത്യേകിച്ചും ഭാരതചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായാണ് ചരിത്രകാരന്മാർ ഗണിക്കുന്നത്. അതിനാൽ ചന്ദ്രഗുപ്തൻ രണ്ടാമൻറെ വീരാപദാനങ്ങളാണ് പിൽക്കാലത്ത് വിക്രമാദിത്യകഥകളായി പ്രചരിക്കുന്നതെന്നു കരുതാം. എന്റെ ബാല്യകാലത്തു എസ് ടി ആർ  സചിത്രകഥകളിലൂടെയും അമ്പിളി അമ്മാമൻ മാസികയിലൂടെയുമാണ് വിക്രമാദിത്യകഥകൾ ഞാൻ വായിച്ചിരുന്നത്. ആ ഓർമ്മകൾ ഒന്നുകൂടി പൊടിതട്ടിയെടുക്കുകയായിരുന്നു ഈ വായനയിലൂടെ.... 

2020 സെപ്റ്റംബർ 10, വ്യാഴാഴ്‌ച

പ്രണയവും മൂലധനവും

കാള്‍ മാര്‍ക്‌സിന്റെ അനവധി ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ, മാര്‍ക്‌സ് കുടുംബത്തിന്റെ സമ്പൂർണ്ണ ജീവിതകഥ എന്നതാണ് ഈ കൃതിയുടെ പ്രസക്തി. മാർക്സിന്റെ ഭാര്യ ജെന്നിയിലും അദ്ദേഹത്തിന്റെ മക്കളായ ജെന്നി, ലോറ, എലിനോർ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നുതന്നെ വിളിക്കാവുന്ന ഏംഗല്‍സിലും ഹെലന്‍ ഡിമത്തിലും പൂര്‍ണമായും ക്രേന്ദ്രീകരിച്ച ഒരു ഗ്രന്ഥവുമാണ് പ്രണയവും മൂലധനവും എന്ന മേരി ഗബ്രിയേലിന്റെ ഈ കൃതി.  കയ്പും മധുരവും നിറഞ്ഞ അവരുടെ ജീവിതകഥ,  അവരുടെ സംഘര്‍ഷങ്ങള്‍ മാര്‍ക്‌സിന്റെ കൃതികളിലുളവാക്കിയ ഫലം സന്ദര്‍ഭപ്രസക്തിയോടെ അനാവൃതമാക്കാനുള്ള ശ്രമങ്ങൾ ഈ കൃതിയിൽ നമുക്ക് കാണാം.
 

നാലുമക്കള്‍ മരിച്ചുപോയിട്ടും ദാരിദ്ര്യവും രോഗവും സമുദായ ഭ്രഷ്ടുമുണ്ടായിരുന്നിട്ടും മറ്റൊരു സ്ത്രീയില്‍ മാര്‍ക്‌സിനു ഒരു കുട്ടി പിറക്കുകയെന്ന അന്തിമ വഞ്ചന നടന്നിട്ടും സര്‍വ്വഗ്രാഹിയും വികാരാവേശവുമാര്‍ന്ന പ്രേമം നിലനിര്‍ത്തിയ ദമ്പതികളുടെ കഥയാണിത്. സ്വന്തം സ്വപ്‌നങ്ങളെ ബലിയര്‍പ്പിച്ച്, എന്തിന്, സ്വന്തം കുഞ്ഞുങ്ങളെപ്പോലും ബലിയര്‍പ്പിച്ച്, അച്ഛനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ഗരിമയാര്‍ന്ന ആശയത്തിന് സ്വയം സമര്‍പ്പിക്കുകയും ചെയ്ത മൂന്നു യുവതികളുടെ കഥകൂടിയാണിത്. പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിലെ വിപ്ലവ പ്രവാഹത്തില്‍ ആമഗ്നമായ, ഉജ്ജ്വലവും സമരോന്മുഖവും കോപമുളവാക്കുന്നതും ചിരിപ്പിക്കുന്നതും വികാരവേശമാര്‍ന്നതും അന്തിമമായി, ദുരന്തപൂര്‍ണവുമായ കഥാപാത്രങ്ങളുടെ ചരിത്രമാണിത്. അതിലുപരി, വ്യക്തിപരവും രാഷ്ട്രീയപരവുമായ കയ്‌പേറിയ യാഥാര്‍ത്ഥ്യത്തിന്റെ മുന്നിൽ അനുഭവവേദ്യമാകാതെപോയ പ്രതീക്ഷകളാണ് ഈ കൃതിയിൽ രേഖപെടുത്തപ്പെട്ടിട്ടുള്ളത്.

സംഘർഷങ്ങളുടെ ഫലമാണ് മനുഷ്യചരിത്രം എന്ന ഹെഗേലിയൻ ദർശനത്തിൽ ആകൃഷ്ടനായാണ് മാർക്സ് തന്റെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. രണ്ടു ആശയങ്ങൾ കൂട്ടിമുട്ടുന്നു, തദ്‌ഫലമായി മൂന്നാമതൊരാശയം ഉടലെടുക്കുന്നു. അത് വീണ്ടും മറ്റൊന്നുമായി സംഘർഷത്തിൽ ഏർപ്പെടുക വഴി പുതിയ ഒന്നിന് ജന്മമേകുന്നു എന്ന വൈരുധ്യാത്മകത ഹെഗേലിയൻ ദര്ശനത്തിന്റെ കേന്ദ്രബിന്ദു ആയിരുന്നു. പക്ഷെ കാലക്രമേണ  ഹെഗേലിയൻ  ആശയങ്ങളിൽ നിന്നും മാർക്സ് വഴിമാറി. ആ മാറ്റം പ്രതിഫലിച്ചത് അതിഖ്യാതി നേടിയ രണ്ടു പ്രസ്താവനകളിലൂടെയാണ്- 

                            " സാമാന്യ ജനത്തിന്റെ മയക്കുമരുന്നാണ് മതം."
                        " തൊഴിലാളി വർഗമാണ് മനുഷ്യവിമോചനത്തിന്റെ ആണിക്കല്ല്. "

മനുഷ്യൻ ആണ് പ്രപഞ്ചത്തിന്റെ ശരിയായ കേന്ദ്രബിന്ദു എന്ന പുതിയചിന്തയോടെ മാർക്സ് തന്റെ കമ്മ്യൂണിസ്റ്റ് ആശയപ്രചാരണത്തിനു തുടക്കമിട്ടു. അവിടെ ധൈഷണികവും സാമ്പത്തികവും ആയ പിന്തുണയുമായി ഏംഗൽസ് മാർക്സിന്റെ ജീവിതത്തിലേക്ക്   കടന്നുവന്നു. അപ്പോൾ മാർക്സിനെ മാനവീകരിക്കാനുള്ള ചുമതല ജെന്നി സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്.
1844 ഓടുകൂടി  കമ്മ്യൂണിസത്തെ സാമൂഹ്യപുനര്നിര്മാണത്തിനുള്ള ഉപായമായി മാർക്സ് കണ്ടു. മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള, മനുഷ്യനും മനുഷ്യനുമിടയിലുള്ള വൈരത്തിനൊരു നേർപരിഹാരം ആയിട്ടാണ് മാർക്സ് കമ്മ്യൂണിസത്തെ ചിത്രീകരിച്ചത്.  മനുഷ്യചരിത്രത്തിന്റെ ഭൗതികാടിത്തറ എന്ന മാർക്സിന്റെ ആശയത്തെ ആദ്യമായി പ്രതിപാദിക്കുന്നത് 'ജർമൻ പ്രത്യയശാസ്ത്രം' എന്ന അദ്ദേഹത്തിന്റെ കൃതിയാണ്. മനുഷ്യനിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു ശക്തിയല്ല ചരിത്രത്തെ നയിക്കുന്നതെന്ന് മാർക്‌സും ഏംഗൽസും വാദിച്ചു. മനുഷ്യന്റെ പ്രവൃത്തികളുടെ കാലക്രമാനുസാരിയായ ആഖ്യാനമാണ് ചരിത്രം എന്നതായിരുന്നു ആ വാദത്തിന്റെ കാതൽ. വിപ്ലവത്തിന്റെ ദശാസന്ധിയിലേക്കു മനുഷ്യനെയെത്തിച്ച ചരിത്രത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെ, പഴയ വ്യവസ്ഥിതി തുടച്ചുനീക്കുമ്പോൾ ഭാവിയിലെന്തു വേണമെന്നുള്ളതിനു ഒരു രൂപരേഖയില്ലാതെ നിരന്തരവും വിജയകരവുമായ ഒരു വിപ്ലവം അസാധ്യമാണെന്ന മാർക്സിന്റേയും ഏംഗല്സിന്റെയും കാഴ്ചപ്പാട് അവരുടെ ദീര്ഘദര്ശിത്വം വെളിവാക്കുന്നുണ്ട്.
 

ഒരു വിപ്ലവകാരി എന്നതിലുപരി, പലരീതികളിലും മാർക്സ് ഒരു സാമൂഹിക പരിണാമവാദി ആയിരുന്നു. ആശയങ്ങൾ വിപ്ലവകരമായിരിക്കെ തന്നെ, അദ്ദേഹത്തിന്റെ മാർഗ്ഗങ്ങൾ പരിണാമപരമായിരുന്നു. മാർക്സിന്റെ അഭിപ്രായത്തിൽ നിശ്ചിതചരിത്രപ്രക്രിയകളുടെ ഫലമായി മാത്രമേ ഒരു വിപ്ലവം സംഭവിക്കുകയുള്ളൂ.
വിദ്യാഭ്യാസത്തിലൂടെയും സംഘടനകളിലൂടെയും രാഷ്ട്രീയപാര്ടികളിലൂടെയും തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ നൽകിയ, ഉല്പാദനമാർഗ്ഗങ്ങളുടെ പൊതു ഉടമസ്ഥാവകാശവും അന്തിമമായി മുതലാളിത്ത വ്യവസ്ഥയുടെ ഉന്മൂലനവും ലക്ഷ്യങ്ങളാക്കിയതായിരുന്നു മാർക്സിന്റെ സോഷ്യലിസം (ഭാവിയിലെ വർഗ്ഗരഹിതസമൂഹത്തെ സൂചിപ്പിക്കാനാണ് 'കമ്മ്യൂണിസം' എന്ന പദം ഉപയോഗിക്കപെട്ടത്.).
 മാർക്‌സിന്റെയും ഏംഗല്സിന്റെയും സോഷ്യലിസ്റ് ആശയങ്ങളുടെ എഴുതപ്പെട്ട രേഖയാണ് കമ്മ്യൂണിസ്റ് മാനിഫെസ്റ്റോ.  ലോകചരിത്രത്തിലെ പ്രധാനപ്പെട്ട രചനകളിൽ ഒന്നായി അത് ഇന്നും തിളങ്ങിനിൽക്കുന്നു.
ലോകചരിത്രത്തെ ഏറ്റവും അഗാധമായി സ്വാധീനിച്ച വിമോചനശാസ്ത്രത്തിന്റെ തത്വസംഹിതയും കര്മപദ്ധതിയും ഉൾക്കൊള്ളുന്ന 'മൂലധനം'  എന്ന ബ്രിഹത് കൃതിക്കുവേണ്ടി സ്വന്തം ആരോഗ്യവും ജീവിതവും തന്റെ കുടുംബത്തിന്റെ ജീവിതവും മാർക്‌സും ഏംഗൽസും ത്യജിച്ചു എന്നതാണ് അവരെ ഇപ്പോഴും കമ്മ്യൂണിസതിന്റെ ആത്മീയ ആചാര്യന്മാരായി നിലനിർത്തുന്നത്. വിരോധാഭാസമെന്ന് പറയട്ടെ മൂലധനമെഴുതിയ മാർക്സിന്റെ മൂലധനം ഏംഗൽസും കുടുംബവും മാത്രമായിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അക്കാദമിക് പണ്ഡിതരും സാമ്പത്തിക വിദഗ്ധന്മാരും  സ്വതന്ത്രവിപണിയുടെയും മുതലാളിത്തത്തിന്റെയും മേന്‍മയെ പരസ്യമായി ചോദ്യം ചെയ്തു തുടങ്ങി. മാർക്സിസത്തിനു അനുകൂലമായ വാദങ്ങൾ ഉയർന്നുവരുന്ന ഇന്നത്തെ പരിതസ്ഥിതിയില്‍ മാര്‍ക്‌സിന്റെ രചനകള്‍ ക്രാന്തദര്‍ശിത്വമുള്ളതും യുക്തിഭദ്രതയുള്ളതുമാണെന്ന് വെളിപെടുകയാണ്. ഇത്തരമൊരു പരിണതഫലം ഉണ്ടാകുമെന്ന് 1851ല്‍ ആധുനിക മുതലാളിത്തത്തിന്റെ ഉദയകാലത്തുതന്നെ അദ്ദേഹം മുന്‍കൂട്ടികണ്ടിരുന്നു. അക്കാലത്തു മാർക്സ് പറഞ്ഞതൊക്കെയും പ്രവാചകസ്വഭാവത്തിലുള്ളതായിരുന്നുവെന്നത് ബോധ്യപ്പെടാൻ ലോകം വര്ഷങ്ങളെടുത്തു എന്നതാണ് യാഥാർഥ്യം.

ആസന്ന വിപ്ലവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനം അനിവാര്യമായും തെറ്റായിരുന്നു. പക്ഷേ, മുതലാളിത്ത വ്യവസ്ഥിതിയുടെ പോരായ്മകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ ഭയാനകമാം വിധം സാക്ഷാല്‍ക്കരിക്കപ്പെട്ടു.  മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളും, കൂടെ തൊഴിലാളി വര്‍ഗത്തിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയും. ഉള്‍പ്പെടുത്താതെ മാര്‍ക്‌സ് കുടുംബത്തിന്റെ കഥ പൂര്‍ണമാകുന്നില്ല. അവര്‍ ഉണ്ടതും ഉറങ്ങിയതും ശ്വസിച്ചതും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക വിപ്ലവമായിരുന്നു. അതും മാര്‍ക്‌സിനോടുള്ള അടങ്ങാത്ത പ്രേമവുമായിരുന്നു അവരെ പരസ്പരം ഒട്ടിച്ചു ചേര്‍ത്തത്.
എഴുത്തിലൂടെ മാർക്സ് ലോകത്തിന്റെ മനസ്സുമാറ്റി. കൃതിയിലൂടെ കടന്നുപോകുന്ന വായനക്കാർക്കു മാർക്‌സിനേയും ഏംഗൽസിനെയും മാർക്സിന്റെ കുടുംബത്തെയും കൂടുതൽ നന്നായി മനസ്സിലാകും. ഓർക്കേണ്ടത് ഏംഗൽസും മാർക്സിന്റെ കുടുംബവും ഇല്ലെങ്കിൽ കാൾമാർക്സ് ഇല്ല; കാൾ മാർക്സ് ഇല്ലെങ്കിൽ നാം ഇന്നറിയുന്ന ലോകവുമില്ല ....