2020 ഒക്‌ടോബർ 24, ശനിയാഴ്‌ച

ഖബറുകൾ കഥ പറയുമ്പോൾ

 

നമ്മൾ ജീവിക്കുന്ന സമൂഹം മിത്തുകളും യാഥാർത്ഥ്യങ്ങളും ഇടകലർന്ന വിശ്വാസങ്ങൾ വച്ചുപുലർത്തുന്നവരാണ്. എത്രത്തോളം യുക്തിചിന്ത വച്ച് പുലർത്തിയാലും ചിലപ്പോഴൊക്കെ നമ്മൾ ഈ മിത്തുകളെയും ഐതിഹ്യങ്ങളെയും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. യാഥാർത്ഥ്യങ്ങൾ പോലും കാലങ്ങൾക്കപ്പുറം കൈമറിഞ്ഞു പോവുമ്പോൾ മിത്തുകളായി മാറും.

കെ ആർ മീരയുടെ പുതിയ നോവൽ ആയ ഖബർ, കൺകെട്ടുകളുടെയും പഴംകഥകളുടെയും ചെപ്പിലടച്ച് ഇന്നിന്റെ കഥ പറയുകയാണ്. പഴയ ശവകുടീരങ്ങളും ജന്മസ്ഥലങ്ങളും തേടിപ്പോവുന്ന ഈ ആധുനിക കാലത്തു ഇനിയും ഇത്തരം ഖബറുകൾ ഉയർന്നുവരിക തന്നെ ചെയ്യും.

പിന്നേക് മാറ്റിവെക്കേണ്ട ഒന്നല്ല എന്ന് തോന്നിയതിനാൽ, ഒറ്റയിരിപ്പിലാണ് ഞാൻ ഖബർ വായിച്ചു തീർത്തത്. വരികൾക്കിടയിൽ സമകാലിക ഇന്ത്യയുടെ രാഷ്ട്രീയചിത്രവും സംഭവങ്ങളും പരാമർശ്ശിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും തെളിവുകളില്ലാത്ത മിത്തുകൾ ചരിത്രത്തെ മാറ്റി എഴുതുന്ന കോടതിവിധികളുടെ കാലത്തു.

ഇപ്പോഴും പുരോഗമന കേരളത്തിലെ കുടുംബബന്ധങ്ങളുടെ പുരുഷമേധാവിത്ത സമീപനങ്ങളും അത് സൃഷ്ടിക്കുന്ന തകർച്ചകളും കഥാകാരി ഇവിടെ പ്രതിപാദിക്കുന്നുണ്ട്. പരസ്പരം പ്രണയിച്ചു ദമ്പതികളാവുന്നവരുടെ ജീവിതത്തിൽ പോലും പുരുഷമേധാവിത്ത സമീപനങ്ങൾ പുതിയ ഖബറുകൾ സൃഷ്ടിക്കുന്നുണ്ട്. നായികയായ ഭാവനയുടെയും അമ്മയുടെയും ജീവിതം അത്തരം ഖബറുകളിൽ അടക്കം ചെയ്യപ്പെടാൻ ആഗ്രഹിക്കാതെ ജീവിതത്തിന്റെ വിശാലതയിലേക്കു വരാൻ തയ്യാറാകുന്ന ഒന്നാണ്. എഴുത്തുകാരിയുടെ സ്ത്രീപക്ഷസമീപനം അവരുടെ കൃതികളിൽ എപ്പോഴും നമുക്ക് വായിച്ചെടുക്കാനാകും.

ഈ ലോകത്തു ഓരോ മനുഷ്യന്റെയും സ്വത്വം നൂറ്റാണ്ടുകൾക്കു മുൻപ് രൂപപ്പെട്ടതാണ്. അതിൽ മതം മാറ്റങ്ങളുടെയും മതപ്രവർത്തനങ്ങളുടെയും പിന്ബലവുമുണ്ട്. മതവർഗീയതയ്ക്കു ആഹ്വാനം നൽകുന്നവർ ചിന്തിക്കേണ്ടത് താൻ ശത്രുവായി കാണുന്നയാൾ സ്വത്വപരമായി തന്റെ സഹോദരൻ തന്നെയായിരുന്നു എന്നതാണ്. അങ്ങിനെ വരുമ്പോൾ വിശ്വസാഹോദര്യം എന്ന ലോകവീക്ഷണമാണ് ഇന്നിന്റെ യാഥാർത്ഥ്യമായി മാറേണ്ടത്.

ഖബർ എന്ന നോവലിൽ രാഷ്ട്രീയം പ്രത്യക്ഷമായി കടന്നുവരുന്നത് 2019 നവംബർ 9 എന്ന തീയതിയിലൂടെയാണ്. നോവലിൽ ആ തീയതിയിൽ ആണ് പുതുക്കിപ്പണിയാനുള്ള ശ്രമത്തിനിടയിൽ പുരാതനസ്മാരകത്തിന്റെ തൂണ് തകർന്നുവീണു നായകകഥാപാത്രം മരണപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രം നോക്കുമ്പോൾ 2019 നവംബർ 9 ന് ആണ് അയോദ്ധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നതും. നോവലിലെ തകർന്നുവീണ തൂണ് യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യ ഘടകമായ മതേതരത്വത്തെ തന്നെയല്ലേ സൂചിപ്പിക്കുന്നതെന്ന് വായനക്കാരുടെ യുക്തിക്കു വിട്ടുകൊണ്ട് നോവൽ അവസാനിക്കുന്നു.

2020 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

വായിച്ചുതീരാത്ത വായന : വാസനിപ്പിക്കുന്ന ദലങ്ങൾ

അതിരുകളില്ലാത്ത ഒരു ലോകത്തെ പുസ്തകങ്ങളിലൂടെ കണ്ടെത്തുകയാണ് എസ്. ജയചന്ദ്രന്‍ നായര്‍. വായനയിലൂടെ, സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അന്തര്‍ധാരകളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യാവസ്ഥയുടെ വിവിധഭാവങ്ങള്‍ അദ്ദേഹം വിശകലനം ചെയ്യുന്നു. സൂക്ഷ്മമായ നിരീക്ഷണങ്ങളാല്‍ സമൃദ്ധമായ ഈ നിരൂപണഗ്രന്ഥം ദൈവം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം, ഉന്മാദം, പ്രണയം, രതി, മരണം, സംഗീതം, ചിത്രകല, ആത്മീയത എന്നിവയില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. വൈവിധ്യ പൂര്‍ണമായ വിസ്മയലോകങ്ങളിലേക്കുള്ള കവാടമാണ് ഓരോ പുസ്തകവും. പട്ടിണിയായ മനുഷ്യന് പുത്തനൊരായുധമായും ജിജ്ഞാസുക്കള്‍ക്ക് അറിവിന്റെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയായും പുസ്തകങ്ങള്‍ ഒപ്പം ചേരുന്നു. അക്ഷരസ്‌നേഹികള്‍ക്ക് വായന പ്രഭാതഭക്ഷണം പോലെ ഒരു നിത്യശീലമാണ്.

വായനയുടെ മഹാസഞ്ചാരങ്ങള്‍ക്കിടെ താനെത്തിച്ചേർന്ന വിസ്മയ ലോകങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ് എസ്.ജയചന്ദ്രന്‍ നായരുടെ റോസാദലങ്ങളെന്ന പുസ്തകം. വിവിധ വിഭാഗങ്ങളില്‍പ്പെട്ട 129 വിശ്വോത്തരകൃതികളെക്കുറിച്ചുള്ള വായനാനുഭവങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.  

വായനയുടെ വഴികൾക്കു നിശ്ചിതമായ അതിരുകളില്ലെന്നു ഓർമ്മിപ്പിക്കുന്ന റോസാദലങ്ങൾ എന്ന പുസ്തകവായനയിൽ മനസ്സിൽ പതിഞ്ഞ ഒരുപാട് പുസ്തകങ്ങളുണ്ട്. എന്നെങ്കിലും വായിക്കാൻ കഴിയും എന്ന ചിന്ത എന്നിലുണർത്തിയ ചില പുസ്തകങ്ങളെ കുറിച്ചുള്ള കുറിപ്പുകൾ ഇവിടെ ചേർക്കുകയാണ്.
 
ഫിഡല്‍ കാസ്‌ട്രോയുടെ ഇതിഹാസ ജീവിതത്തെക്കുറിച്ച് ഇഗ്നേഷ്യോ റമോനെ രചിച്ച മൈ ലൈഫ് എ സ്‌പോക്കണ്‍ ഓട്ടോബയോഗ്രഫി, ആ വിശിഷ്ട ജീവിതത്തിലേക്ക് നമ്മെ കൈ പിടിച്ചു കൊണ്ടുപോകുന്നതിനെ ക്കുറിച്ചുള്ള അനുഭവ വിവരണമാണ് ഈ കുടന്നയിലെ ആദ്യത്തെ റോസാദലം. Fidel Castro: My Life: A Spoken Autobiographyചുരുക്കത്തിൽ, ഫിഡൽ കാസ്ട്രോയുടെ ജീവിതവും ചിന്തകളും ഒരു മനുഷ്യന്റെ ധൈര്യം, മാനവികത, ബുദ്ധി, എളിമ, ശുഭാപ്തിവിശ്വാസം, വിപ്ലവകരമായ സമർപ്പണം എന്നിവയുടെ കാലാതീതമായ തെളിവുകളുമാണ്. മൂന്ന് വർഷത്തിനിടെ നടത്തിയ ഫിഡൽ കാസ്ട്രോയുമായുള്ള 100 മണിക്കൂറിലധികം സമയമെടുത്ത അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ, ഫിഡൽ കാസ്ട്രോ, തന്റെ അസാധാരണമായ ജീവിത സംഭവങ്ങളെക്കുറിച്ചും അദ്ദേഹം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും ഇവിടെ സംസാരിക്കുന്നു. ജീവിതത്തിന്റെ  വിശുദ്ധത  എന്ന  തലവാചകം  തന്നെ ഫിഡൽ കാസ്ട്രോ എന്ന വിപ്ലവകാരിയുടെ ജീവിതത്തെ ഒറ്റനോട്ടത്തിൽ വെളിപ്പെടുത്തുന്ന ഒന്നാണ്.  പാവപ്പെട്ടവന്റെ കണ്ണിൽ വെളിച്ചം ഉദിച്ചുയരുന്ന കാണാൻ ആഗ്രഹിക്കുകയും അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്നു വിശ്വസിക്കുകയും ചെയ്യുന്ന കാസ്‌ട്രോയെപ്പോലുള്ള മനുഷ്യസ്നേഹികൾ ചരിത്രത്തിൽ വിരളമാണെന്ന ഓര്മപ്പെടുത്തലിനും ഈ വായന അവസരമൊരുക്കുന്നു .

ഒരു പോളിഷ് പത്രപ്രവർത്തകനായിരുന്ന Ryszard Kapuscinski, ലോകത്തിലെ ചില ഹോട്ട് സ്പോട്ടുകളിൽ സ്ഥിരമായി ഇടംപിടിച്ചു. Ryszard Kapuscinski ഹെറോഡൊട്ടസിൽ  മികച്ച യാത്രാ സഹായിയെ കണ്ടെത്തിയ ഓർമകളാണ് Travel with Herodotus ൽ പറയുന്നത്. പകുതി തന്റെ ആത്മകഥനവും ഹെറോഡൊട്ടസിന്റെ ചരിത്രത്തെക്കുറിച്ചുള്ള പകുതി പ്രതിഫലനവും എന്ന രീതിയിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്നു;  ട്രാവൽസ് വിത്ത് ഹെറോഡൊട്ടസ്. ബിസി അഞ്ചാം നൂറ്റാണ്ടിൽ വിദേശരാജ്യങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസിനെ പിന്തുടരുകയായിരുന്നു, കപുസ്കിൻസ്കി.

ദാസ്‌ക്യാപ്പിറ്റലിന്റെ ജീവചരിത്രം മാര്‍ക്‌സിന്റെയും എന്ന ലേഖനത്തില്‍ നിന്ന് കാള്‍ മാര്‍ക്‌സ് എന്ന സാധാരണ മനുഷ്യനെ നമുക്കു പരിചയപ്പെടാന്‍ കഴുയുന്നു. വിശദമായി പറഞ്ഞാൽ, ഫ്രാൻസിസ് വീൻ, തന്റെ പൂർത്തിയാകാത്ത മാസ്റ്റർപീസ് പൂർത്തിയാക്കാനുള്ള ദാസ് കാപിറ്റലിന്റെയും കാൾ മാർക്സിന്റെയും ഇരുപതുവർഷത്തെ പോരാട്ടത്തിന്റെ കഥ പറയുന്നു. രാഷ്ട്രീയ സംഘർഷങ്ങൾക്കും വ്യക്തിപരമായ ദുരന്തങ്ങൾക്കുമിടയിൽ ലണ്ടനിലെ സോഹോയിലെ രണ്ട് മുറികളുള്ള ഒരു ഫ്ലാറ്റിൽ ജനിച്ച ദാസ് കാപിറ്റലിന്റെ ആദ്യ വാല്യം 1867 ൽ പ്രസിദ്ധീകരിച്ചു. മാർക്‌സിന്റെ മരണശേഷം, ജോർജ്ജ് ബെർണാഡ് ഷാ മുതൽ വി. ഐ. ലെനിൻ വരെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രത്തിന്റെ ദിശ മാറ്റിക്കൊണ്ട് ചിന്തകരെയും എഴുത്തുകാരെയും വിപ്ലവകാരികളെയും സ്വാധീനിച്ചു. വരണ്ട സാമ്പത്തിക ഗ്രന്ഥം എന്നതിലുപരി, മുതലാളിത്തം നിലനിൽക്കുന്നിടത്തോളം കാലം ദാസ് കാപിറ്റൽ വായിക്കാനും മനസിലാക്കാനും ആവശ്യപ്പെടുന്നുവെന്ന് വീൻ വാദിക്കുന്നു.

1955-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ Halldor  Laxness  നെ പരിചയപ്പെടുത്തുന്നത് The Islander   എന്ന  ജീവചരിത്ര കൃതിയിലൂടെയാണ്. ഏതാണ്ട് ഒരു നൂറ്റാണ്ട് മുഴുവൻ നീണ്ടുനിന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ അറുപത് പുസ്തകങ്ങൾ എഴുതപ്പെട്ടു എന്ന് മാത്രമല്ല, യൂറോപ്പിന്റെ ആദർശപരമായ സംവാദങ്ങളിലും പോരാട്ടങ്ങളിലും അദ്ദേഹം സജീവ പങ്കാളിയായി. 1930 കളിൽ ലക്ഷ്നെസ് സോവിയറ്റ് കമ്മ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. സോവിയറ്റ് ബ്ലോക്കിൽ അദ്ദേഹം വ്യാപകമായി സഞ്ചരിച്ചു, ചില അതിക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും 1960 കൾ വരെ കമ്മ്യൂണിസത്തിന്റെ സംരക്ഷകനായി തുടർന്നു. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്‌വുകൾ ഒരിക്കലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആധിപത്യം പുലർത്തിയില്ല. തന്റെ കലാരൂപം മാനവികതയുടെയും പ്രതിഫലനത്തിന്റെയും സങ്കേതമായി തുടരുന്നുവെന്ന് ഉറപ്പുവരുത്തി, ദൈനംദിന അടിയിൽ പതിയിരിക്കുന്ന സൗന്ദര്യത്തിന്റെ ലോകത്തെ വെളിപ്പെടുത്താൻ അദ്ദേഹം നിരന്തരം ശ്രമിച്ചു. ഈ ജീവചരിത്രത്തിൽ, ലക്ഷ്‌നസിന്റെ വ്യക്തിജീവിതവും അദ്ദേഹത്തിന്റെ രാഷ്ട്രീയവും കരിയറും തമ്മിലുള്ള പരസ്പരബന്ധം സൂക്ഷ്മമായി പരിശോധിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ പലതരം സംഘട്ടനങ്ങൾ പ്രതിഫലിപ്പിക്കുന്ന ആകർഷകമായ വ്യക്തിത്വത്തിന്റെ മഹത്തായ വിവരണമാണ് ഉയർന്നുവരുന്നത്.

ഇറ്റാലിയൻ എഴുത്തുകാരനും സംവിധായകനും അവതാരകനുമാണ് അലസ്സാൻഡ്രോ ബാരിക്കോ. നമ്മുടെ ആധുനിക ഭാവനയുടെ വിവരണാത്മക ഭാഷയിൽ  ഇരുപത്തിയൊന്ന് ഹോമറിക് കഥാപാത്രങ്ങളുടെ ശബ്ദങ്ങളിലൂടെ അലസ്സാൻഡ്രോ ബാരിക്കോ ട്രോയിയുടെ ഉപരോധം വീണ്ടും സൃഷ്ടിക്കുന്നു.   ഇതിഹാസത്തിന്റെ അമ്പരപ്പിക്കുന്ന പുതിയ പ്രസക്തിയും മാനവികതയും ഉൾക്കൊള്ളുന്ന ബാരിക്കോ ഇലിയഡ് എന്ന ഇതിഹാസത്തിന്റെ എല്ലാ വായനക്കാരെയും ആനന്ദിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും.

ചിലിയൻ എഴുത്തുകാരിയായ  ഇസബെൽ അല്ലെൻഡെ എഴുതിയ ചരിത്ര നോവലാണ് ഇനസ് ഓഫ് മൈ സോൾ. പ്രായമായ ഇനസ് സുവാരസ് അവളുടെ ജീവിതത്തിന്റെ ഓർമ്മക്കുറിപ്പ് എഴുതുന്നതാണ് ഈ നോവൽ. പെഡ്രോ ഡി വാൽഡിവിയയുമായുള്ള ബന്ധത്തെക്കുറിച്ചും ചിലിയെ കീഴടക്കാൻ അവർക്ക് നേരിടേണ്ടിവന്ന തടസ്സങ്ങളെക്കുറിച്ചും സാന്റിയാഗോ നഗരം കണ്ടെത്തിയതിനെക്കുറിച്ചും അവൾ വിവരിക്കുന്നു.

അന്തർ‌ദ്ദേശീയമായി അറിയപ്പെടുന്ന മെക്‌സിക്കൻ എഴുത്തുകാരൻ കാർലോസ് ഫ്യൂവന്റസ്, നമ്മുടെ കാലത്തെ രൂപപ്പെടുത്തിയ സംഭവങ്ങളും തന്റെ അസാധാരണമായ ജീവിതവും കഠിനമായ അഭിനിവേശങ്ങളും ഉൾപ്പെടുത്തി ചരിത്രത്തിലേക്ക് സഞ്ചരിച്ചതിന്റെ നേർരേഖയാണ് This I Believe: An A to Z of a Life. ഈ പുസ്തകം തീർച്ചയായും ഒരു മികച്ച എഴുത്തുകാരനോടൊപ്പം അത്ഭുതകരമായ ഒരു ആന്തരിക യാത്രയിലേക്ക് നമ്മളെ കൊണ്ടുപോകും എന്ന് മനസ്സിലാക്കാൻ ഫ്യുവന്തസ്സും മകന്റെ മരണവും എന്ന ലേഖനത്തിനു സാധിക്കുന്നുണ്ട്.

എഡ്വേർഡോ ഗാലിയാനോയുടെ The Book  of  Embraces  എന്ന കൃതി  ചങ്ങാത്തം, കല, സ്വപ്നങ്ങൾ, രാഷ്ട്രീയം, സമൂഹം, ദാരിദ്ര്യം, വംശീയത, യുദ്ധം, അക്രമം തുടങ്ങിയ എല്ലാ വികാരങ്ങളും ലാറ്റിനമേരിക്കയുടെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന ഒന്നാണ്. പല ലാറ്റിൻ അമേരിക്കൻ എഴുത്തുകാരെയും പോലെ, മാന്ത്രിക റിയലിസത്തിന്റെ ഘടകങ്ങളും അദ്ദേഹത്തിന്റെ ചില കൃതികളിലൂടെ ഒഴുകുന്നതായി തോന്നുന്നു.

Gabriel García Márquez: a Life : കഴിഞ്ഞ നൂറുവർഷത്തെ ഏറ്റവും ജനപ്രിയ നോവലായ 'ഏകാന്തതയുടെ നൂറു വർഷങ്ങളുടെ '  രചയിതാവിന്റെ സമഗ്ര ജീവചരിത്രം. നോബൽ സമ്മാന ജേതാവായ മാർക്വേസിന്റെ ആരാധകൻ എന്ന നിലയിലും  ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ താൽപ്പര്യമുള്ള വായനക്കാരൻ എന്ന നിലയിലും എന്നെ തൃപ്തിപ്പെടുത്തിയ ഒന്നാണ് ഈ ജീവചരിത്രത്തെ കുറിച്ചുള്ള ലേഖനം. ഗാർസിയ മാർക്വേസ് ജീവിതകാലം മുഴുവൻ സോഷ്യലിസ്റ്റും ക്യൂബയിലെ ഫിഡൽ കാസ്ട്രോയുടെയും വെനസ്വേലയിലെ മാർക്കോസ് പെരസ് ജിമെനെസിന്റെയും ഇടതുപക്ഷത്തിന്റെ മറ്റ് ലോക നേതാക്കളുടെയും അടുത്ത സുഹൃത്തും ആയിരുന്നു. ജറാൾഡ് മാർട്ടിൻ മാർക്വേസിനെ കൃത്യമായി അടയാളപ്പെടുത്തിയ കൃതി എന്ന നിലയിൽ എന്റെ വായനസ്വപ്നങ്ങളിലേക്കു ഈ പുസ്തകം കടന്നുവരുന്നു.

മാർക്വേസിനുശേഷം ലാറ്റിനമേരിക്കൻ എഴുത്തിന്റെ കൊടിയടയാളമായ റോബർട്ട് ബൊലാനോയുടെ 2666 എന്ന സംഭ്രമജനകം എന്ന് വിശേഷിപ്പിക്കാവുന്ന നോവലിനെ പരിചയപ്പെടുത്തുക വഴി വീണ്ടും ലാറ്റിനമേരിക്കൻ സാഹിത്യം മലയാളിയുടെ വായനാമുറിയിലേക്കു കടന്നുവരികയാണ്.  

ഹരീഷ് ദാമോദരന്റെ India's New Capitalists: Caste, Business, and Industry in a Modern Nation എന്ന കൃതി സമകാലീന ദക്ഷിണേഷ്യയിൽ ഫലപ്രദമായി ബിസിനസ്സ് നടത്തുന്നതിന്, സംസ്കാരം, ധാർമ്മികത, പ്രദേശത്തിന്റെ പുതിയ വ്യാപാര കമ്മ്യൂണിറ്റികൾ എന്നിവ മനസ്സിലാക്കേണ്ടതിന്റെ ആവശ്യം വരച്ചുകാട്ടുന്ന ഒന്നാണ്. ഇന്ത്യയിലെ ബിസിനസ്സ് കമ്മ്യൂണിറ്റികളുടെ ഇന്നത്തെ പരിണാമം കണ്ടെത്തുന്നതിൽ, ഈ പുസ്തകം ഇന്ത്യയുടെ പുതിയ സംരംഭക ഗ്രൂപ്പുകളെ ആസൂത്രിതമായി രേഖപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും സാമൂഹിക ചരിത്രം ഉപയോഗിക്കുന്നു. ഈ കൃതി എന്നെ ആകർഷിക്കാൻ പ്രധാനപ്പെട്ട ഒരു കാരണം ലേഖകൻ സഖാവ് ഇ എം എസ്സിന്റെ കൊച്ചുമകൻ ആണ് എന്നതുകൂടിയാണ്.
മാവോയുടെ ജീവിതത്തെക്കുറിച്ചും സദ്ദാം ഹുസൈന്റെ ജീവിതത്തെക്കുറിച്ചും ഗാന്ധിജിയുടെ ബ്രഹ്മചര്യപരീക്ഷണങ്ങളെക്കുറിച്ചു വിവരിക്കുന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബ്രഹ്മചര്യ ഗാന്ധി ആന്‍ഡ് ഹിസ് വിമന്‍ അസ്സോസിയേറ്റ്‌സ് എന്ന പുസ്തകത്തെക്കുറിച്ചും ഉള്ള സാമാന്യം വിശദമായ ലേഖനവും വ്യത്യസ്ത രാഷ്ട്രീയ ധാരകളിലുള്ള മഹാജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നു.

സംഗീതജ്ഞരുടെയും ചിത്രകാരന്മാരുടെയും തത്ത്വചിന്തകരുടെയും ജീവിതവിവരണങ്ങളുടെ വായനാനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആ വിശിഷ്ടവ്യക്തിത്വങ്ങളെക്കുറിച്ച് നല്ലൊരു വിവരണം കൂടിയാകുന്നുണ്ട് അവ. സംഗീതലോകത്തെ വിസ്മയജീവിതങ്ങള്‍ അവതരിപ്പിക്കുന്ന ആറേഴു ലേഖനങ്ങളുണ്ട്. ഇന്നും വിസ്മയിപ്പിക്കുന്ന ദുരൂഹതകള്‍ കൊണ്ട് അലുക്കുകള്‍ ചാര്‍ത്തിയ അന്നപൂര്‍ണാദേവിയുടെ മഹാമൗനത്തെക്കുറിച്ച് എഴുതിയിട്ടുള്ള ആന്‍ അണ്‍ഹേഡ് മെലഡി എന്ന പുസ്തകത്തെക്കുറിച്ചും അന്നപൂര്‍ണാ ദേവിയുടെ ശിഷ്യനായ ലോകോത്തര പുല്ലാങ്കുഴല്‍ പ്രതിഭയായ ഹരിപ്രസാദ് ചൗരസ്യയെക്കുറിച്ചുള്ള റൊമാന്‍സ് ഓഫ് ദ ബാംബൂ റീഡ്, ഹിന്ദുസ്ഥാനിയുടെ അഭൗമരാഗതാളങ്ങള്‍ കൊണ്ട് ശ്രോതാക്കളെ ആനന്ദിപ്പിക്കുകയും ജീവിതത്തിന്റെ നൊമ്പരപ്പാടുകള്‍ക്കുമേല്‍ പേലവമായ ഒരാശ്വാസലേപനമായി സംഗീതത്തെ മാറ്റിത്തീര്‍ക്കുകയും ചെയ്ത നമിത ദേവിദയാലിന്റെ ദ മ്യൂസിക് റൂം തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ സംഗീതം പോലെ മധുരതരമാണ്.
പുസ്തകത്തിലെ വലിയൊരു പങ്കു ലേഖനങ്ങളും വിശിഷ്ട നോവലുകളെക്കുറിച്ചും നോവലിസ്റ്റുകളെക്കുറിച്ചുമുള്ളവയാണ്. ദസ്തയേവ്‌സ്‌കിയും മാര്‍കേസും യോസയും കുന്ദേരയും കാര്‍ലോസ് ഫ്യുവെന്തസും ബോര്‍ഹസും മാഴ്‌സല്‍ പ്രൂസ്തും കവാബാത്തയും സരമാഗോയും ഓര്‍ഹന്‍ പാമുക്കും മുതല്‍ ജുംപാലാഹിരിയും രാജാ അല്‍സാനിയയും അനുരാധാ റോയിയും വരെയുള്ള സാഹിത്യലോകത്തെ മഹാസംഭവങ്ങളെയും മഹാവ്യക്തികളെയും പുതുമുറക്കാരെയുമൊക്കെ ലളിതമായും ഹൃദ്യമായും അനുഭവിപ്പിക്കുന്ന ലേഖനങ്ങള്‍.
പുസ്തകങ്ങളുടെ മഹാ പ്രപഞ്ചത്തിലേക്ക് വായനക്കാരെ സ്‌നേഹത്തോടെ കൂട്ടിക്കൊണ്ടു പോവുകയും ഓരോ പുസ്തകവും തേടിപ്പിടിച്ചു വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിലെ ലേഖനങ്ങളെല്ലാം. ഇനിയും ഒരുപാട് പുസ്തകങ്ങളെ കുറിച്ച് എഴുതാനുണ്ട്‌. അത് പിന്നീടൊരിക്കലാകാം. 

2020 ഒക്‌ടോബർ 17, ശനിയാഴ്‌ച

ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടിയുടെ നൂറു വർഷങ്ങൾ


ഇന്ന് ഒക്ടോബര് 17 ഇന്ത്യൻ കമ്മ്യൂണിസ്റ് പാർട്ടി രൂപം കൊണ്ടിട്ടു 100 വര്ഷം തികയുന്നു. നിസ്വജനതയുടെ മോചന പോരാട്ടങ്ങളിൽ പ്രതീക്ഷയുടെയും ആവേശത്തിന്റെയും കരുത്തായി പാറിയുയരുന്ന ചെങ്കൊടിച്ചൂരിന്‌‌ ഇന്ത്യയിൽ ഒരു നൂറ്റാണ്ട്‌. 1917 ലെ റഷ്യന്‍ വിപ്ലവം കെട്ടഴിച്ചുവിട്ട ആവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ബ്രിട്ടീഷ്‌ ഇന്ത്യ വിട്ടുപോവുകയും ബോൾഷെവിക്‌ വിപ്ലവനായകൻ ലെനിനുമായി ബന്ധം പുലർത്തുകയും ചെയ്‌തവരാണ്‌ പാർടി രൂപീകരണത്തിന്‌ മുൻകൈ എടുത്തത്‌. ഏഴംഗങ്ങളുള്ള പാര്‍ടിക്കാണ് അന്ന് രൂപം നല്‍കിയിരുന്നത്. 1920 ഒക്ടോബർ 17ന്‌ താഷ്‌കെന്റിൽ ചേർന്ന രൂപീകരണയോഗം മുഹമ്മദ്‌ ഷഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം എൻ റോയി ആയിരുന്നു മുഖ്യസംഘാടകൻ. എവലിൻ റോയ്‌, അബനി മുഖർജി, റോസ ഫിറ്റിൻഗോവ്‌, മുഹമ്മദ്‌ അലി, ആചാര്യ എന്നിവരും പങ്കെടുത്തു. ഇന്ത്യൻ സാഹചര്യങ്ങൾക്ക്‌ യോജിച്ച പാർടിപരിപാടി തയ്യാറാക്കാൻ തീരുമാനിച്ചു. ഇതോടെ, ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി ചിതറിക്കിടന്നിരുന്ന പല വിപ്ലവസംഘങ്ങളിലേക്കും ആദ്യമായി മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങള്‍ എത്തിച്ചേര്‍ന്നു. ബോംബെ, കൊല്‍ക്കത്ത, മദ്രാസ് എന്നിവിടങ്ങളിലും യു.പി-പഞ്ചാബ് ഭാഗങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ചെറുകമ്മ്യൂണിസ്റ്റ് സംഘങ്ങളെ കാണ്‍പൂരില്‍ വച്ച് 1925ല്‍ നടന്ന കമ്മ്യൂണിസ്റ്റ് കോണ്‍ഫറന്‍സാണ് ഒന്നിപ്പിച്ചത്. അതോടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തിനകത്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.അവിടെ വച്ചാണ്‌ സി.പി.ഐ. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്.

രൂപീകരണം മുതല്‍ക്കു തന്നെ, ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടകളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വാധീനിക്കാന്‍ തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാർ വിട്ടുപോകണമെന്നും ഇന്ത്യക്ക്‌ പൂർണസ്വാതന്ത്ര്യം നൽകണമെന്നും ഉള്ള മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്‌ കമ്യൂണിസ്റ്റ്‌ പാർടിയാണ്‌.1921ല്‍ അഹമ്മദാബാദില്‍ വച്ചു നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയുടെ യോഗത്തില്‍, ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും പരിപൂര്‍ണ സ്വാതന്ത്ര്യം ആവശ്യമാണ് എന്നൊരു പ്രമേയം മൗലാനാ ഹസ്രത് മൊഹാനി, സ്വാമി കുമാരാനന്ദ എന്നിവര്‍ ചേര്‍ന്ന് മുന്നോട്ടുവച്ചു.

ഇന്ത്യയില്‍ സംഘടിതമായ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ചാല്‍ തങ്ങള്‍ക്കുണ്ടാകാവുന്ന ആപത്തുകളെക്കുറിച്ച് ബ്രിട്ടീഷുകാര്‍ ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയ വേളയില്‍ത്തന്നെ അതിനെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചിരുന്നു. പെഷവാര്‍(1922-23), കാണ്‍പൂര്‍(1923-24), മീറത്ത്(1929-33) തുടങ്ങിയ ഗൂഢാലോചന കേസുകള്‍തന്നെ ഉദാഹരണം. ഈ അടിച്ചമര്‍ത്തലുകളെയെല്ലാം അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്ത് വളര്‍ന്നുപന്തലിച്ചത്.

ഇന്ത്യ നേടുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരന്റെയും സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യം കൂടിയായി മാറണമെന്നായിരുന്നു കമ്മ്യൂണിസ്റ്റ് വീക്ഷണം. ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടയിലേക്ക് പല സുപ്രധാന വിഷയങ്ങളും കൊണ്ടുവന്നതിലൂടെ, എല്ലാവര്‍ക്കും ഇടമുള്ള പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് വളരെ വലുതാണ്. അതില്‍ ആദ്യത്തേത് ഭൂവിനിയോഗവുമായി ബന്ധപ്പെട്ടതായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കിയ ഭൂസമരങ്ങള്‍ ഭൂപരിഷ്‌കരണം എന്ന വിഷയം ശ്രദ്ധയില്‍ക്കൊണ്ടുവരുന്നതിന് കാരണമായിട്ടുണ്ട്.ത്യാഗോജ്വലമായ തെലങ്കാനസമരം സെമിന്ദാരി സമ്പ്റദായത്തിനെതിരേ ബഹുജനസമരവികാരം ശക്തിപ്പെടാൻ വലിയപങ്കുവഹിച്ചു. അതുപോലെ കമ്മ്യുണിസ്റ്റുകാർ നേതൃത്വം നൽകിയ പുന്നപ്ര – വയലാർ, തേഭാഗ, സുർമവാലി, വർളി, വടക്കേമലബാർ പോരാട്ടങ്ങൾ നാടിന്റെ പരിവർത്തനപോരാട്ട പരമ്പരകളിൽ അവിസ്മരണീയങ്ങളാണ്. രണ്ടാമതായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്ര ഇന്ത്യയില്‍ ഭാഷാപരമായുള്ള സംസ്ഥാനവിഭജനം ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. വിശാല ആന്ധ്ര, ഐക്യ കേരളം, സംയുക്ത മഹാരാഷ്ട്ര എന്നിവയ്ക്കായുള്ള സമരങ്ങള്‍ മുന്നില്‍ നിന്നു നയിച്ചത് രാജ്യത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്നു. ഇന്ത്യയിലെ പല ഭാഷാദേശീയതകളെയും തുല്യരായി ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്ര നിര്‍മാണത്തിനുള്ള വഴിയാണ് അതോടെ ഒരുങ്ങിയത്. ഇന്ത്യയുടെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഇടതുപക്ഷം മതനിരപേക്ഷതയ്ക്കു വേണ്ടി ആത്മാര്‍ത്ഥമായി നിലകൊണ്ടത്. ഇതാണ് മൂന്നാമത്തെ ഘടകം. യഥാര്‍ത്ഥത്തില്‍, ഇന്ത്യയിലെ വര്‍ഗ്ഗീയ വിഭജനത്തിനുള്ള മറുമരുന്ന് എല്ലാ ജാതിമത വിഭാഗങ്ങളിലുമുള്ള തൊഴിലാളികളുടെ വര്‍ഗ്ഗപരമായ യോജിപ്പാണെന്ന് 1920-ല്‍ത്തന്നെ പാര്‍ട്ടി നിരീക്ഷിച്ചിരുന്നു.

1920ല്‍ രൂപീകരിച്ച ഒരു പാര്‍ട്ടിക്ക് എന്തുകൊണ്ടാണ് സോഷ്യലിസം എന്ന ഉദ്ദേശലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കാതിരുന്നത്? നിര്‍ണ്ണായകമായ പല വര്‍ഗ്ഗസമരങ്ങളും നയിച്ചിട്ടുള്ളവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍. ദേശീയ പ്രസ്ഥാനത്തിനു വേണ്ടിയായാലും ചൂഷിത വര്‍ഗ്ഗങ്ങളുടെയും തൊഴിലാളി വര്‍ഗ്ഗങ്ങളുടെയും മോചനത്തിനു വേണ്ടിയായാലും എണ്ണമറ്റ ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ളവരാണവര്‍. ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ ഏറ്റവും മികച്ച പാരമ്പര്യം അവകാശപ്പെടാവുന്നവര്‍. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കായെങ്കിലും, ചൈനയിലോ വിയറ്റ്നാമിലോ കൊറിയയിലോ സംഭവിച്ചതുപോലെ പോരാട്ടത്തിന്റെ നേതൃസ്ഥാനത്തെത്താന്‍ സാധിച്ചില്ല. മതേതരജനാധിപത്യ മൂല്യങ്ങളോടുള്ള കമ്യൂണിസ്റ്റു പ്രതിബദ്ധതയും ഇന്ത്യയുടെചരിത്ര ജീവിതത്തിൽ തെളിഞ്ഞു പതിഞ്ഞിട്ടുണ്ട്. ഓദ്യോഗിക പ്രതിപക്ഷം സ്തംഭിച്ചു നിൽക്കുകയോ മൃദുവർഗ്ഗീയത കുറുക്കുവഴികളന്വേഷിക്കുകയോ ചെയ്യുമ്പോൾ കമ്മ്യൂണിസ്റ്റുകാരാണ് മുഖ്യമായി ഭരണഘടനയിലെ ജനാധിപത്യ - മതേതര- തുല്യതാ മൂല്യങ്ങൾക്കുവേണ്ടി ഉറച്ചനിലപാടു സ്വീകരിക്കുന്നത്. നവോത്ഥാനമൂല്യങ്ങളിൽ നിന്ന് കൂടുതൽ മുന്നോട്ടു കുതിക്കാൻ ധീരതയുള്ളതും ഇടതുപക്ഷത്തിനും കമ്മ്യൂണിസ്റ്റുകാർക്കുമാണെന്ന് വ്യക്തം. ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗരൂപം, ഇന്ത്യന്‍ വിപ്ലവം സ്വീകരിക്കേണ്ട മാര്‍ഗ്ഗം എന്നിങ്ങനെ മൂര്‍ത്തമായ സാഹചര്യങ്ങളെക്കുറിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായ വ്യത്യാസങ്ങള്‍ പതിറ്റാണ്ടുകള്‍ക്കിടയില്‍ പല വിഭജനങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ഈ വിഭജനങ്ങൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജനസ്വാധീനത്തെ ദുര്ബലപ്പെടുത്തിയെന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണ്.

1957ല്‍ കേരളത്തില്‍ അധികാരത്തിലേറിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍, സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ എന്നിവയും ഇന്ത്യന്‍ പാര്‍ലമെന്റിലെ നിര്‍ണായക സാന്നിധ്യവും ചേര്‍ന്ന് ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.എന്നിരുന്നാലും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കമ്മ്യൂണിസ്റ് പാർട്ടികളുടെ പാര്‍ലമെന്ററി സാന്നിധ്യത്തില്‍ കാര്യമായ ഇടിവു സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇതേ കാലഘട്ടത്തില്‍ത്തന്നെ തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിച്ചുള്ള ജനകീയ സമരങ്ങള്‍ക്കു പിന്നില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസ്റ് പാർട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ജമ്മു-കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റിയതും, ആസ്സാമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രതിസന്ധികളും, അത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതയും, മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന പൗരത്വ ഭേദഗതി ബില്ലും, എല്ലാം വിരല്‍ ചൂണ്ടുന്നത് രാജ്യത്ത് മതനിരപേക്ഷവും ജനാധിപത്യപരവും ഭരണഘടനയില്‍ അധിഷ്ഠിതവുമായ വ്യവസ്ഥകള്‍ നിലനില്‍പ്പു ഭീഷണി നേരിടുകയാണ് എന്ന വസ്തുതയിലേക്കാണ്. ഈ തീവ്രവലത് രാഷ്ട്രീയ സഖ്യത്തിനുള്ള വെല്ലുവിളി ഉയരേണ്ടത് ഇടതുപക്ഷപ്പാര്‍ട്ടികളില്‍ നിന്നാണ്.

അതേ സമയം ശതാബ്ദിയിലേക്ക് നീങ്ങുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി അഭിമുഖീകരിക്കുകയാണിന്ന്. സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും വേണ്ടി നിലകൊണ്ടിരുന്ന പുരോഗമനശക്തികൾ വലിയ തിരിച്ചടികൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും ചാലകശക്തിയായി മാറ്റത്തെ കാണുന്ന മാർക്സിസത്തിനു ഈ തിരിച്ചടികളെയും വെല്ലുവിളികളെയും തരണം ചെയ്തു മുന്നോട്ടു പോകാനുള്ള ദിശാസൂചികൾ നൽകാൻ കഴിയേണ്ടതാണ്. വലിയ മാറ്റങ്ങൾക്കും പരിവർത്തനങ്ങൾക്കും സ്വയം വിധേയമായിക്കൊണ്ട് മാത്രമേ ഈ അവസ്ഥയെ മറികടന്നു മാർക്സിസത്തിനു മുന്നോട്ടു പോകാനാകൂ. പാര്‍ട്ടി രൂപീകരണത്തിന്റെ നൂറു വര്‍ഷം ആചരിക്കുന്ന ഈ സാഹചര്യം, നമുക്ക് ആവേശം പകരാനും ന്യൂനതകളെ മറികടന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുമുള്ള മാര്‍ഗ്ഗമാകും. ഭരണഘടനാപരമായ വ്യവസ്ഥിതിയെ സംരക്ഷിക്കാനും എല്ലാവിധത്തിലുള്ള ചൂഷണങ്ങളും ഇല്ലാതെയാകുന്ന അവസ്ഥയിലേക്ക് മുന്നേറാനും അതു കൂടിയേ തീരൂ.

മൗലാനാ ഹസ്രത് മൊഹാനി രൂപപ്പെടുത്തിയതും ഭഗത് സിംഗ് അനശ്വരമാക്കിയതുമായ ആ മുദ്രാവാക്യം – ഇന്‍ക്വിലാബ് സിന്ദാബാദ് – നിലവിലെ വര്‍ഗ്ഗീയ തീവ്രദേശീയ വാദത്തെ നേരിടാനുള്ള കാഹളമാണ്. എല്ലാവര്‍ക്കും ഇടമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യ വിജയം കാണുക തന്നെ ചെയ്യും. ജനങ്ങളുടേതായ ജനാധിപത്യം സ്ഥാപിക്കാനുള്ള സമരങ്ങളും സോഷ്യലിസത്തിലേക്കുള്ള മുന്നേറ്റവും ഒന്നാകും, ബലപ്പെടും.

                            **********************************************







2020 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

From boatsman's son to rocket builder to First Citizen of India: A man with an uncomplicated worldview


Greatness comes in the cloak of humility, Samuel Butler once wrote. He may well have been describing Avul Pakir Jainulabdeen Abdul Kalam.

Avul Pakir Jainulabdeen Abdul Kalam was born on October 15, 1931, to a Tamil-Muslim family in Rameswaram in Tamil Nadu. His father was a boat owner. From an early age, Kalam had to work to supplement the family’s income. His first job was as a newspaper delivery boy. At school, though he was described as “bright and hardworking” his grades were only average. But he loved to study.

Kalam's suit has been well-earned. Not only was he responsible for building India's first satellite launcher, the SLV3, but in the 1980s he also made the country a missile power by developing the Agni and Prithvi. His role in 1998's Pokhran blast came in a decade devoted to weaponising nuclear capability. Kalam’s contribution in the field of space sciences has been immense. He also contributed in India’s civilian space programme and military missile development, and so he got the title of India’s “Missile Man”.

If the Bharat Ratna in 1997 was a token of the nation's appreciation, the presidential nomination is the real thing. For those who ask why Kalam, the question really should be why not. Kalam prays twice a day but religion to him has always been an intensely individual quest. He refers to the Bhagvad Gita as often as he does to the Koran. In Kalam's worldview there is no room for complexities. India lost its greatness, he believes, because in the past she became technologically inferior. So to regain it, India must be self-sufficient in science. His hobbies are calming: playing the rudra veena and writing poetry. Kalam became the 11 President of India in 2002.

One day, his aide, Srijan Pal Singh, asked Kalam; how he would want to be remembered. He also gave him a list of choices – Scientist, Writer, Missile Man, President…But Kalam’s answer was “Teacher”! He said, “I feel comfortable in the company of young people, particularly high school students. Henceforth, I intend to share with them experiences, help them ignite their imagination and prepare them to work for a developed India for which the road map is already available.”

While he was the President, students would send requests asking to meet him. Kalam always made time for them and met them in his personal chambers at the Rashtrapati Bhavan. He listened to their ideas and gave feedback too. Sometimes, he even followed up some of the ideas discussed with the students, wanting to know if they had made progress! Rightfully, his 79 birthday was recognised as World Student Day by the United Nations.

All Presidents of India are taken care of by the Government. So, when Kalam became the President he decided to give away his life savings. He donated to a fund providing urban amenities to rural population. He came to be known as the People’s President.

Kalam died the way he wished. He said, “One is blessed if one can die working, standing tall without any long drawn ailing. Goodbyes should be short, really short!”. On July 27, 2015 he suffered a cardiac arrest while delivering a lecture to students in IIM, Shillong.

In short, he was Missile man, scientist, teacher and author, but above all, a benevolent humanitarian.


2020 ഒക്‌ടോബർ 3, ശനിയാഴ്‌ച

എന്റെ ജീവിതമാണെന്റെ സന്ദേശം

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വഴികാട്ടി, അഹിംസ എന്ന ആയുധത്താൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച വ്യക്തിത്വം, കുട്ടികളുടെ സ്വന്തം ബാപ്പുജി. ഏതാണ്ട് 200  വർഷങ്ങൾ നീണ്ട അടിമത്തത്തിനു വിരാമമിട്ട് ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് നയിച്ച പൊൻതാരകം. സത്യത്തെ ജീവശ്വാസമാക്കി ധർമ്മത്തിന്റെ പ്രതിരൂപമായി മാറിയ ഇദ്ദേഹത്തെ ആൽബർട്ട് ഐൻസ്റ്റൈൻ വിശേഷിപ്പിച്ചത് " ഇങ്ങനെയൊരു മനുഷ്യൻ ഈ ലോകത്ത്‌ ജീവിച്ചിരുന്നുവെന്നു വരുംതലമുറ വിശ്വസിക്കില്ല " എന്നാണ്. മരണം അദ്ദേഹത്തെ പുണർന്നിട്ടു ഏഴു പതിറ്റാണ്ടു പിന്നിടുമ്പോഴും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു മഹാത്മാഗാന്ധി, ഇന്ത്യയുടെ രാഷ്‌ട്രപിതാവായി.
1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‌ലിഭായിയുടെയും നാലുമക്കളിൽ ഇളയവനായി മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചു. ബാല്യവിവാഹം നിലനിന്നിരുന്ന കാലഘട്ടമായതിനാൽ 13  വയസ്സിൽ തന്നെ കസ്തുർബയെ ജീവിതപങ്കാളിയാക്കി. 1891-ൽ ഇംഗ്ലണ്ടിൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് അഭിഭാഷക ജോലിയുടെ ഭാഗമായി 1893-ൽ ദക്ഷിണാഫ്രിക്കയിൽ എത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.  വർണവിവേചനത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നത് ഗാന്ധിജിയിലെ പോരാളിയെ ഉണർത്തി. വർണവിവേചനത്തിനെതിരെയും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്കായും നടത്തിയ സമരങ്ങളാണ് അദ്ദേഹത്തെ ഗാന്ധിജിയാക്കി മാറ്റിയത്. സത്യാഗ്രഹം എന്ന ആശയത്തിന് രൂപം കൊടുത്തതോടെ ദക്ഷിണാഫ്രിക്ക യഥാർത്ഥത്തിൽ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാലയായി മാറി.    
 

1915   ജനുവരി ഒമ്പതിന് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങി. ഈ ദിവസമാണ് ഇപ്പോൾ പ്രവാസി ഭാരതീയദിനമായി നമ്മൾ ആചരിക്കുന്നത്.  ഇന്ത്യയിലെത്തിയ ഗാന്ധിജി അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ ഉപദേശപ്രകാരം ഇന്ത്യയിലെങ്ങും സഞ്ചരിച്ചു  ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചു.  ടാഗോർ മഹാത്മാ എന്ന് വിശേഷിപ്പിച്ചതോടെ മോഹൻദാസ് കരംചന്ദ് ഗാന്ധി മഹാത്മാഗാന്ധിയായി മാറി.


1917-ൽ ചമ്പാരനിലെ നീലം കർഷകരുടെ അവകാശ സംരക്ഷണത്തിനായി നടത്തിയ സത്യാഗ്രഹത്തോടെ ഗാന്ധിജി ഇന്ത്യയിൽ സത്യാഗ്രഹസമരത്തിനു തുടക്കം കുറിച്ചു. തുടർന്നുള്ള വർഷങ്ങൾ അഹിംസയെ സ്വാംശീകരിച്ച്‌ ഗാന്ധിജി നിയമലംഘന, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കരുത്തു നൽകി. 1920-കളിൽ ജയിൽവാസക്കാലത്തു തന്റെ ജീവിതം പ്രതിപാദിക്കുന്ന ഇന്നും ഓരോ മനുഷ്യനും പാഠപുസ്തകമായി കരുതുന്ന 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' ഗാന്ധിജി എഴുതിത്തുടങ്ങി. വിവിധ സമരസംഭവങ്ങളുടെ ഭാഗമായി അഞ്ചുതവണ ഗാന്ധിജി കേരളം സന്ദർശിക്കുകയുണ്ടായി.
 

1930-ൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ ദണ്ഡിമാർച്ചും ഉപ്പുസത്യാഗ്രഹസമരവും ഗാന്ധിജിയുടെ ആത്മശക്തിയും ജനസ്വാധീനവും വിളംബരം ചെയ്ത പോരാട്ടമായി മാറി.
രണ്ടാം ലോകമഹായുദ്ധത്തിലേക്കു ഇന്ത്യയുടെ സമ്മതമില്ലാതെ വലിച്ചിഴച്ചതോടെ, ഇന്ത്യക്കു ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന ആഹ്വാനത്തോടെ ഗാന്ധിജി ക്വിറ്റ്‌ ഇന്ത്യ സമരത്തിന് ആരംഭം കുറിച്ചു. 1942-ൽ ബോംബെയിൽ അദ്ദേഹം നടത്തിയ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം അന്തിമപോരാട്ടത്തിലേക്കുള്ള നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു. 


ആഗ്രഹിച്ചതുപോലെ 1947  ഓഗസ്റ്റ് 15-നു ഇന്ത്യ സ്വാതന്ത്രയായെങ്കിലും അതൊരിക്കലും ഗാന്ധിജിക്കു പൂർണ്ണസംതൃപ്തി നൽകിയില്ല. ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, എന്നു വിശ്വസിച്ചിരുന്ന ഗാന്ധിജി, രാജ്യം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകിയപ്പോൾ വർഗീയലഹളകൾക്കെതിരായി നവഖാലിയിൽ സത്യാഗ്രഹ സമരത്തിലായിരുന്നു. 1948 ജനുവരി 30ന്​ വൈകീട്ട്​ 5.17ന് മതഭ്രാന്തനായ നാഥുറാം വിനായക് ഗോദ്​സെയുടെ കൈത്തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയാല്‍ ചേതനയറ്റ് അദ്ദേഹം വീണു. അന്ന് വൈകീട്ട് ആകാശവാണിയിലൂടെ രാഷ്​ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്റു പറഞ്ഞു, ‘‘നമ്മുടെ ജീവിതങ്ങളില്‍നിന്ന് പ്രകാശം അണഞ്ഞുപോയിരിക്കുന്നു’’ എന്ന്.

ഒരു ജീവിതംകൊണ്ട് ഒത്തിരി ജീവിതങ്ങള്‍ക്കു വഴികാട്ടിയായ ഈ മഹാത്മാവിനെ ‘രാഷ്​ട്രപിതാവ്’ എന്ന് ആദ്യം വിളിച്ചത് നേതാജി സുഭാഷ്ചന്ദ്ര ബോസ് ആയിരുന്നു. ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാർഥം ഒക്ടോബര്‍ രണ്ട്​ ഗാന്ധിജയന്തി ഐക്യരാഷ്​ട്രസഭ അന്താരാഷ്​ട്ര അഹിംസദിനമായി പ്രഖ്യാപിച്ചു. ലോകത്തിനൊരു പാഠപുസ്​തകമാണ്​ ഗാന്ധിജിയുടെ ജീവിതം. വളർന്നുവരുന്ന തലമുറ തീർച്ചയായും അറിഞ്ഞിരിക്കണം അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. സ്വയംപര്യാപ്​തമായ ഗ്രാമങ്ങളും സ്വാശ്രയ ശീലവുമാണ്​ ഗ്രാമസ്വരാജ്​ എന്ന ഗാന്ധിയുടെ സ്വപ്​നത്തി​ൻറ ആകെത്തുക. 'എത്ര മികവുറ്റതാണെങ്കിലും വളരെ അകലെയുള്ളതിനെ ഒഴിവാക്കിക്കൊണ്ട്​ നമ്മുടെ ചുറ്റുപാടുകളിലുള്ളതിനെ ഉപയോഗിക്കാനും സേവിക്കാനും മനസ്സിനെ നിയന്ത്രിക്കുന്ന നമ്മിൽത്തന്നെയുള്ള ചൈതന്യമാണ്​ സ്വദേശി'.  ഗാന്ധിയൻ സന്ദേശങ്ങൾ ഉൾകൊള്ളുന്ന ഒരു ഭരണസംവിധാനത്തിനു മാത്രമേ ഇന്ത്യയെ ഒരു മഹത്തായ രാജ്യമായി മാറ്റാനാകൂ.