ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വഴികാട്ടി, അഹിംസ എന്ന ആയുധത്താൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച വ്യക്തിത്വം, കുട്ടികളുടെ സ്വന്തം ബാപ്പുജി. ഏതാണ്ട് 200 വർഷങ്ങൾ നീണ്ട അടിമത്തത്തിനു വിരാമമിട്ട് ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് നയിച്ച പൊൻതാരകം. സത്യത്തെ ജീവശ്വാസമാക്കി ധർമ്മത്തിന്റെ പ്രതിരൂപമായി മാറിയ ഇദ്ദേഹത്തെ ആൽബർട്ട് ഐൻസ്റ്റൈൻ വിശേഷിപ്പിച്ചത് " ഇങ്ങനെയൊരു മനുഷ്യൻ ഈ ലോകത്ത് ജീവിച്ചിരുന്നുവെന്നു വരുംതലമുറ വിശ്വസിക്കില്ല " എന്നാണ്. മരണം അദ്ദേഹത്തെ പുണർന്നിട്ടു ഏഴു പതിറ്റാണ്ടു പിന്നിടുമ്പോഴും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു മഹാത്മാഗാന്ധി, ഇന്ത്യയുടെ രാഷ്‌ട്രപിതാവായി.
1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്‌ലിഭായിയുടെയും നാലുമക്കളിൽ ഇളയവനായി മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചു. ബാല്യവിവാഹം നിലനിന്നിരുന്ന കാലഘട്ടമായതിനാൽ 13 വയസ്സിൽ തന്നെ കസ്തുർബയെ ജീവിതപങ്കാളിയാക്കി. 1891-ൽ ഇംഗ്ലണ്ടിൽ നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് അഭിഭാഷക ജോലിയുടെ ഭാഗമായി 1893-ൽ ദക്ഷിണാഫ്രിക്കയിൽ എത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. വർണവിവേചനത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നത് ഗാന്ധിജിയിലെ പോരാളിയെ ഉണർത്തി. വർണവിവേചനത്തിനെതിരെയും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർക്കായും നടത്തിയ സമരങ്ങളാണ് അദ്ദേഹത്തെ ഗാന്ധിജിയാക്കി മാറ്റിയത്. സത്യാഗ്രഹം എന്ന ആശയത്തിന് രൂപം കൊടുത്തതോടെ ദക്ഷിണാഫ്രിക്ക യഥാർത്ഥത്തിൽ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാലയായി മാറി.
1915 ജനുവരി ഒമ്പതിന് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങി. ഈ ദിവസമാണ് ഇപ്പോൾ പ്രവാസി ഭാരതീയദിനമായി നമ്മൾ ആചരിക്കുന്നത്. ഇന്ത്യയിലെത്തിയ ഗാന്ധിജി അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ ഉപദേശപ്രകാരം ഇന്ത്യയിലെങ്ങും സഞ്ചരിച്ചു ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചു. ടാഗോർ മഹാത്മാ എന്ന് വിശേഷിപ്പിച്ചതോടെ മോഹൻദാസ് കരംചന്ദ് ഗാന്ധി മഹാത്മാഗാന്ധിയായി മാറി.
1917-ൽ ചമ്പാരനിലെ നീലം കർഷകരുടെ അവകാശ സംരക്ഷണത്തിനായി നടത്തിയ സത്യാഗ്രഹത്തോടെ ഗാന്ധിജി ഇന്ത്യയിൽ സത്യാഗ്രഹസമരത്തിനു തുടക്കം കുറിച്ചു. തുടർന്നുള്ള വർഷങ്ങൾ അഹിംസയെ സ്വാംശീകരിച്ച് ഗാന്ധിജി നിയമലംഘന, നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് കരുത്തു നൽകി. 1920-കളിൽ ജയിൽവാസക്കാലത്തു തന്റെ ജീവിതം പ്രതിപാദിക്കുന്ന ഇന്നും ഓരോ മനുഷ്യനും പാഠപുസ്തകമായി കരുതുന്ന 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' ഗാന്ധിജി എഴുതിത്തുടങ്ങി. വിവിധ സമരസംഭവങ്ങളുടെ ഭാഗമായി അഞ്ചുതവണ ഗാന്ധിജി കേരളം സന്ദർശിക്കുകയുണ്ടായി.
1930-ൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ ദണ്ഡിമാർച്ചും ഉപ്പുസത്യാഗ്രഹസമരവും ഗാന്ധിജിയുടെ ആത്മശക്തിയും ജനസ്വാധീനവും വിളംബരം ചെയ്ത പോരാട്ടമായി മാറി.
രണ്ടാം ലോകമഹായുദ്ധത്തിലേക്കു ഇന്ത്യയുടെ സമ്മതമില്ലാതെ വലിച്ചിഴച്ചതോടെ, ഇന്ത്യക്കു ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന ആഹ്വാനത്തോടെ ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമരത്തിന് ആരംഭം കുറിച്ചു. 1942-ൽ ബോംബെയിൽ അദ്ദേഹം നടത്തിയ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം അന്തിമപോരാട്ടത്തിലേക്കുള്ള നിശ്ചയദാർഢ്യം പ്രതിഫലിപ്പിക്കുന്ന ഒന്നായിരുന്നു.
ആഗ്രഹിച്ചതുപോലെ 1947 ഓഗസ്റ്റ് 15-നു ഇന്ത്യ സ്വാതന്ത്രയായെങ്കിലും അതൊരിക്കലും ഗാന്ധിജിക്കു പൂർണ്ണസംതൃപ്തി നൽകിയില്ല. ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, എന്നു വിശ്വസിച്ചിരുന്ന ഗാന്ധിജി, രാജ്യം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകിയപ്പോൾ വർഗീയലഹളകൾക്കെതിരായി നവഖാലിയിൽ സത്യാഗ്രഹ സമരത്തിലായിരുന്നു. 1948 ജനുവരി 30ന് വൈകീട്ട് 5.17ന് മതഭ്രാന്തനായ നാഥുറാം വിനായക് ഗോദ്സെയുടെ കൈത്തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയാല്‍ ചേതനയറ്റ് അദ്ദേഹം വീണു. അന്ന് വൈകീട്ട് ആകാശവാണിയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്റു പറഞ്ഞു, ‘‘നമ്മുടെ ജീവിതങ്ങളില്‍നിന്ന് പ്രകാശം അണഞ്ഞുപോയിരിക്കുന്നു’’ എന്ന്.
ഒരു ജീവിതംകൊണ്ട് ഒത്തിരി ജീവിതങ്ങള്‍ക്കു വഴികാട്ടിയായ ഈ മഹാത്മാവിനെ ‘രാഷ്ട്രപിതാവ്’ എന്ന് ആദ്യം വിളിച്ചത് നേതാജി സുഭാഷ്ചന്ദ്ര ബോസ് ആയിരുന്നു. ഗാന്ധിയന്‍ ആശയത്തോടുള്ള ബഹുമാനാർഥം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസദിനമായി പ്രഖ്യാപിച്ചു. ലോകത്തിനൊരു പാഠപുസ്തകമാണ് ഗാന്ധിജിയുടെ ജീവിതം. വളർന്നുവരുന്ന തലമുറ തീർച്ചയായും അറിഞ്ഞിരിക്കണം അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. സ്വയംപര്യാപ്തമായ ഗ്രാമങ്ങളും സ്വാശ്രയ ശീലവുമാണ് ഗ്രാമസ്വരാജ് എന്ന ഗാന്ധിയുടെ സ്വപ്നത്തിൻറ ആകെത്തുക. 'എത്ര മികവുറ്റതാണെങ്കിലും വളരെ അകലെയുള്ളതിനെ ഒഴിവാക്കിക്കൊണ്ട് നമ്മുടെ ചുറ്റുപാടുകളിലുള്ളതിനെ ഉപയോഗിക്കാനും സേവിക്കാനും മനസ്സിനെ നിയന്ത്രിക്കുന്ന നമ്മിൽത്തന്നെയുള്ള ചൈതന്യമാണ് സ്വദേശി'. ഗാന്ധിയൻ സന്ദേശങ്ങൾ ഉൾകൊള്ളുന്ന ഒരു ഭരണസംവിധാനത്തിനു മാത്രമേ ഇന്ത്യയെ ഒരു മഹത്തായ രാജ്യമായി മാറ്റാനാകൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ