നമ്മൾ ജീവിക്കുന്ന സമൂഹം മിത്തുകളും യാഥാർത്ഥ്യങ്ങളും ഇടകലർന്ന വിശ്വാസങ്ങൾ വച്ചുപുലർത്തുന്നവരാണ്. എത്രത്തോളം യുക്തിചിന്ത വച്ച് പുലർത്തിയാലും ചിലപ്പോഴൊക്കെ നമ്മൾ ഈ മിത്തുകളെയും ഐതിഹ്യങ്ങളെയും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. യാഥാർത്ഥ്യങ്ങൾ പോലും കാലങ്ങൾക്കപ്പുറം കൈമറിഞ്ഞു പോവുമ്പോൾ മിത്തുകളായി മാറും.
കെ ആർ മീരയുടെ പുതിയ നോവൽ ആയ ഖബർ, കൺകെട്ടുകളുടെയും പഴംകഥകളുടെയും ചെപ്പിലടച്ച് ഇന്നിന്റെ കഥ പറയുകയാണ്. പഴയ ശവകുടീരങ്ങളും ജന്മസ്ഥലങ്ങളും തേടിപ്പോവുന്ന ഈ ആധുനിക കാലത്തു ഇനിയും ഇത്തരം ഖബറുകൾ ഉയർന്നുവരിക തന്നെ ചെയ്യും.
പിന്നേക് മാറ്റിവെക്കേണ്ട ഒന്നല്ല എന്ന് തോന്നിയതിനാൽ, ഒറ്റയിരിപ്പിലാണ് ഞാൻ ഖബർ വായിച്ചു തീർത്തത്. വരികൾക്കിടയിൽ സമകാലിക ഇന്ത്യയുടെ രാഷ്ട്രീയചിത്രവും സംഭവങ്ങളും പരാമർശ്ശിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും തെളിവുകളില്ലാത്ത മിത്തുകൾ ചരിത്രത്തെ മാറ്റി എഴുതുന്ന കോടതിവിധികളുടെ കാലത്തു.
ഇപ്പോഴും പുരോഗമന കേരളത്തിലെ കുടുംബബന്ധങ്ങളുടെ പുരുഷമേധാവിത്ത സമീപനങ്ങളും അത് സൃഷ്ടിക്കുന്ന തകർച്ചകളും കഥാകാരി ഇവിടെ പ്രതിപാദിക്കുന്നുണ്ട്. പരസ്പരം പ്രണയിച്ചു ദമ്പതികളാവുന്നവരുടെ ജീവിതത്തിൽ പോലും പുരുഷമേധാവിത്ത സമീപനങ്ങൾ പുതിയ ഖബറുകൾ സൃഷ്ടിക്കുന്നുണ്ട്. നായികയായ ഭാവനയുടെയും അമ്മയുടെയും ജീവിതം അത്തരം ഖബറുകളിൽ അടക്കം ചെയ്യപ്പെടാൻ ആഗ്രഹിക്കാതെ ജീവിതത്തിന്റെ വിശാലതയിലേക്കു വരാൻ തയ്യാറാകുന്ന ഒന്നാണ്. എഴുത്തുകാരിയുടെ സ്ത്രീപക്ഷസമീപനം അവരുടെ കൃതികളിൽ എപ്പോഴും നമുക്ക് വായിച്ചെടുക്കാനാകും.
ഈ ലോകത്തു ഓരോ മനുഷ്യന്റെയും സ്വത്വം നൂറ്റാണ്ടുകൾക്കു മുൻപ് രൂപപ്പെട്ടതാണ്. അതിൽ മതം മാറ്റങ്ങളുടെയും മതപ്രവർത്തനങ്ങളുടെയും പിന്ബലവുമുണ്ട്. മതവർഗീയതയ്ക്കു ആഹ്വാനം നൽകുന്നവർ ചിന്തിക്കേണ്ടത് താൻ ശത്രുവായി കാണുന്നയാൾ സ്വത്വപരമായി തന്റെ സഹോദരൻ തന്നെയായിരുന്നു എന്നതാണ്. അങ്ങിനെ വരുമ്പോൾ വിശ്വസാഹോദര്യം എന്ന ലോകവീക്ഷണമാണ് ഇന്നിന്റെ യാഥാർത്ഥ്യമായി മാറേണ്ടത്.
ഖബർ എന്ന നോവലിൽ രാഷ്ട്രീയം പ്രത്യക്ഷമായി കടന്നുവരുന്നത് 2019 നവംബർ 9 എന്ന തീയതിയിലൂടെയാണ്. നോവലിൽ ആ തീയതിയിൽ ആണ് പുതുക്കിപ്പണിയാനുള്ള ശ്രമത്തിനിടയിൽ പുരാതനസ്മാരകത്തിന്റെ തൂണ് തകർന്നുവീണു നായകകഥാപാത്രം മരണപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രം നോക്കുമ്പോൾ 2019 നവംബർ 9 ന് ആണ് അയോദ്ധ്യ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നതും. നോവലിലെ തകർന്നുവീണ തൂണ് യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യ ഘടകമായ മതേതരത്വത്തെ തന്നെയല്ലേ സൂചിപ്പിക്കുന്നതെന്ന് വായനക്കാരുടെ യുക്തിക്കു വിട്ടുകൊണ്ട് നോവൽ അവസാനിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ