2020 ജൂലൈ 17, വെള്ളിയാഴ്‌ച

എന്റെ അശ്വമേധം …

വിജ്ഞാനത്തിന്റെ  മഹാമേഖലകളിലേക്കു  കേരളീയരെ  ആകർഷിച്ച  ആദ്യത്തെ  റിവേഴ്‌സ്  ക്വിസ്.     ജി  എസ് പ്രദീപ്  എന്ന  യാഗാശ്വവുമായി  മത്സരിക്കാൻ  എനിക്കവസരം  ലഭിച്ചപ്പോൾ, ഓർമയിൽ  നിന്നും ചികഞ്ഞെടുക്കുന്ന  പേരുകൾ  കൊണ്ട്  ഒരൊറ്റ  തവണയെങ്കിലും  അദ്ദേഹത്തെ  പരാജയപ്പെടുത്താൻ  കഴിഞ്ഞിരുന്നെങ്കിൽ   എന്ന  ചിന്ത  മാത്രമായിരുന്നു  മനസ്സിൽ ….

അശ്വമേധാനുഭവങ്ങളെ   കുറിച്ചെഴുതുമ്പോൾ  എവിടെ   തുടങ്ങണം  എന്ന്  പോലും  എനിക്കറിയുന്നില്ല . മത്സരാർത്ഥിയായി എന്നെയും  തെരഞ്ഞെടുത്തു    എന്ന്  വിളിച്ചറിയിക്കപ്പെട്ട  2001 നവംബർ 7 ന്റെ  പകലോ , അതോ  മൂന്നു  ദിവസത്തെ  ശ്രമഫലമായി  ഞാൻ    സംഘടിപ്പിച്ചെടുത്ത  പേരുകളുമായി  മത്സരിക്കാനായി   പുറപ്പെട്ട  നവംബർ  10 ന്റെ  പകലോ …ഏതാണ്  എന്നെ  തുണച്ചതെന്നു  എനിക്കറിയില്ല …എന്തായാലും  ആ  യാഗാശ്വത്തെ  പിടിച്ചു  നിർത്താൻ  കഴിയുമെന്നുള്ള  ആത്മവിശ്വാസവുമായി, വിവിധ  പുസ്തകങ്ങളിൽ  നിന്നും  കണ്ടെടുത്ത  പേരുകളും  മനസ്സിൽ  സൂക്ഷിച്ചു, സഹോദരനുമൊത്തു  ഞാൻ നവമ്പർ 10 നു  തിരുവനന്തപുരത്തേക്ക്  വണ്ടി  (പരശുറാം എക്സ്പ്രസ്സ് ) കയറി. കാസറഗോഡ്  നിന്ന്  14 മണിക്കൂറോളം  നീണ്ട  യാത്രയിൽ  കണ്ടു  മുട്ടിയ  അപരിചിത  മുഖങ്ങൾ, ആത്മാർത്ഥമായ  മനസ്സോടെ  എന്നെ  അനുഗ്രഹിച്ചയച്ച  ആ  സഹയാത്രികർക്കും  എന്റെ  ഓർമ്മകളിൽ  എന്നും   സ്ഥാനമുണ്ടായിരിക്കും.

മത്സരത്തിന്റെ പിരിമുറുക്കം ഞാൻ ശരിക്കും അനുഭവിച്ചു തുടങ്ങിയിരുന്നു. അനന്തപുരിയിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ തന്നെയുള്ള ഒരു മുറിയിൽ ചെന്നുകയറുമ്പോൾ ഞാനോർക്കുമായിരുന്നു. ഈ ദിവസത്തിന് ദൈർഘ്യമേറെയാണോയെന്നു ആ രാത്രിയിലും എന്റെ ചിന്തകൾ എന്നോട് പറയുകയായിരുന്നു, ഈ ദിവസം ചലിക്കുന്നത് വളരെ പതുക്കെയാണല്ലോയെന്നു. മനസ്സിൽ ഒന്നും ഓർമ്മ നിൽക്കുന്നില്ല പുതിയതായി ഒന്നും അറിയാൻ കഴിയുന്നില്ല. ആദ്യമായി എന്റെ ആത്മവിശ്വാസം കൈവിട്ടുപോകുന്നതായി തോന്നിത്തുടങ്ങിയിരുന്നു അതുവരെ സംഭരിച്ച അറിവുകളെല്ലാം ഒന്നുകൂടി ഓർത്തെടുക്കാൻ ശ്രമിക്കവേ മെല്ലെ ഉറക്കത്തിലേക്കു വഴുതിവീണു.

രാവിലെ 9.30നു തന്നെ കൈരളി  സ്റ്റുഡിയോവിൽ എത്തണമെന്നതായിരുന്നു എനിക്കു കിട്ടിയ നിർദേശം. തിരുവന്തപുരത്തെ കുറിച്ച് അന്ന് വലിയ പരിചയമില്ലാത്തതിനാൽ ഞങ്ങൾ വളരെ നേരത്തെ തന്നെ പുറപ്പെട്ടു. അറിവിന്റെ ആദ്യാക്ഷരങ്ങൾ എന്നെ പഠിപ്പിച്ച ഗുരുനാഥന്മാരെയും സ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും വഴിയിൽ എന്നെ നടത്തിയ മാതാപിതാക്കളെയും മനസ്സിലോർത്തു ഞാന് ഏട്ടനും കൈരളി സ്റ്റുഡിയോയുടെ പടികയറി. വളരെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ബാക്കിയുള്ള മത്സരാർഥികളും അശ്വമേധത്തിന്റെ പുറകിൽ പ്രവർത്തിക്കുന്നവരും എത്തിച്ചേർന്നത്. പതിനൊന്നുമണിയോടുകൂടി മത്സരാര്ഥികളെയെല്ലാം വിളിച്ചുകൊണ്ടുപോയി ചെറിയൊരു മേക്കപ്പിന്റെ  പിൻബലത്തോടെ  റെക്കോർഡിങ് റൂമിൽ കയറ്റിയ നിമിഷം അത്ര പെട്ടെന്ന് മറക്കാവുന്നതല്ല. എന്തുകൊണ്ടെന്നാൽ അപ്പോഴാണ് എനിക്ക് ജി  എസ് പ്രദീപ് എന്ന ഗ്രാൻഡ് മാസ്റ്ററിനെ പരിചയപ്പെടാൻ അവസരം കിട്ടിയത്. ആത്മവിശ്വാസം എന്ന പദത്തിനെ യഥാർത്ഥത്തിൽ  അന്വർത്ഥമാക്കുന്ന വ്യക്തി-A  Real Genius. മത്സരത്തിൽ എതിരാളികളെങ്കിലും ഞങ്ങൾക്കെല്ലാം വിജയാശംസകൾ നേർന്ന അദ്ദേഹത്തോടൊപ്പം ഞങ്ങൾ റെക്കോർഡിങ് റൂമിലേക്ക് കയറി. 

മത്സരത്തിൽ പങ്കെടുക്കാൻ ആവശ്യമായ വ്യക്തികളുടെ വിവരങ്ങൾ അടങ്ങിയ കവറും കയ്യിൽ പിടിച്ചാണ് റെക്കോർഡിങ് റൂമിലേക്ക് പ്രവേശിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം തികച്ചും പുതിയ ഒരു കാഴ്ചയായിരുന്നു മുന്നിൽ. എന്റെ ജീവിതത്തിലെ ആദ്യ റെക്കോർഡിങ് അനുഭവം-സെറ്റും ക്യാമറകളും.  കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനം ഈ ദൃശ്യമാധ്യമത്തിലൂടെ എന്നെയും കാണുമെന്ന അഭിമാനവും.     

മത്സരാർത്ഥികളെ സീറ്റുകളിൽ   ഇരുത്തി  മത്സരം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. കേരളത്തിലെ ദൃശ്യമാധ്യമരംഗത്തെ  പ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്ന സന്തോഷ് പാലി ആണ് അന്ന് അശ്വമേധത്തിന്റെ പിന്നണിയിൽ ഉണ്ടായിരുന്നത്. മത്സരാർത്ഥികൾക്കുള്ള നിർദേശങ്ങൾ അദ്ദേഹമാണ് നൽകിയത്. അതിനുശേഷം അശ്വമേധത്തിന്റെ യാഗാശ്വം കടന്നുവരികയായി. പ്രദീപിന്റെ അവതരണം ഏറെ ആകർഷകമാണ്. നാലുവരി കവിതയിൽ തുടങ്ങി പിന്നെ വാക്കുകളുടെ ഒരു മലവെള്ളപ്പാച്ചിലാണ്. 

അവതരണത്തെ തുടർന്ന് ഹോട്സീറ്റിലേക്കുള്ള മത്സരാർത്ഥിയെ തെരഞ്ഞെടുക്കുന്നതിനുള്ള ചോദ്യം ഇങ്ങനെ ആരംഭിച്ചു. "ബംഗാളുകാരനായ ഒരു സ്വാതന്ത്ര്യസമരസേനാനി. ഒരു വിശേഷണം കൂടിയുണ്ട് അദ്ദേഹത്തിന് ....". മനസിനുള്ളിൽ നിന്ന് അതിന്റെ ഉത്തരം എന്റെ നാവിൻതുമ്പിലേക്കുവന്നു.  പെട്ടെന്നുതന്നെ കയ്യുയർത്തി ഉത്തരം പറഞ്ഞു.   "ദേശബന്ധു സി ആർ ദാസ്". എന്റെ ഭാഗ്യമോ അതോ മറ്റുള്ളവരുടെ നിർഭാഗ്യമോ? എന്തായാലും ആ ദിവസം എനിക്കവകാശപ്പെട്ടതായിരുന്നു.  

മത്സരത്തിനായി തയ്യാറാക്കിയ വ്യക്തികളുടെ വിവരങ്ങൾ ബാബു ഭരദ്വാജ്, ശശികുമാർ എന്നിവരടങ്ങിയ പാനലിനു കൈമാറുകയും, അവർ അംഗീകരിച്ചതോടെ ഞാൻ ഹോട്സീറ്റിലേക്കു ആനയിക്കപ്പെട്ടു. എല്ലാ കണ്ണുകളും എന്നിൽ പതിയുന്നു എന്നറിയുമ്പോൾ സ്വാഭാവികമായ ഒരു പരിഭ്രമം ഉണ്ടായി. റിയാലിറ്റി ഷോ യിൽ ആദ്യമായി പങ്കെടുക്കുന്നു ...അതും അറിവിനെ അമ്മാനമാടുന്ന ഒരു ഗ്രാൻഡ് മാസ്റ്ററുടെ മുന്നിൽ. മനസ്സിൽ നല്ല പിരിമുറുക്കമുണ്ടായി എന്നതാണ് വാസ്തവം.

അന്നത്തെ തലമുറയ്ക്ക് അശ്വമേധം എന്തായിരുന്നുവെന്ന് കൃത്യമായി അറിയാം. യാഗം, യജ്ഞം, രാജസൂയം എന്നിങ്ങനെ 3 ഘട്ടങ്ങൾ അടങ്ങിയ 21 ചോദ്യങ്ങൾ. ഞാൻ പാനലിനു കൈമാറിയ വ്യക്തിയെ സംബന്ധിച്ച യെസ്   എന്നോ നോ എന്ന് മാത്രം പറയാവുന്ന 21 ചോദ്യങ്ങൾ.   അതാണ് മത്സര രീതി. അങ്ങിനെയുള്ള 21ചോദ്യങ്ങൾ കഴിയുമ്പോൾ ഗ്രാൻഡ് മാസ്റ്റർ വ്യക്തിയെ തിരിച്ചറിഞ്ഞാൽ മത്സരാർത്ഥി പരാജയപ്പെടും. ഗ്രാൻഡ് മാസ്റ്റർക്ക് അതിനു സാധിച്ചില്ലെങ്കിൽ മത്സരാർത്ഥിക്കു ഒരു സ്വർണനാണയം ലഭിക്കുകയും അടുത്ത  റൗണ്ടിലേക്ക് മുന്നേറുകയും ചെയ്യാം. അങ്ങിനെ 5 റൗണ്ടുകൾ. രണ്ടാം റൗണ്ടിൽ വിജയിച്ചാൽ 2 ഒരു പവൻ  സ്വർണനാണയം. മൂന്നാം റൗണ്ടിൽ വിജയിച്ചാൽ ൫സ്വർണനാണയം. നാലും അഞ്ചും റൗണ്ടുകൾ ഓപ്ഷണൽ റിസ്ക് റൌണ്ട്  ആണ്. നാലാം റൗണ്ടിൽ വിജയിച്ചാൽ 10 പവനും തോറ്റാൽ ഒരു പവനും ആണ് മത്സരാർത്ഥിക്കു ലഭിക്കുക. അവസാന റൗണ്ടിൽ വിജയിച്ചാൽ ഒരു കിലോഗ്രാം സ്വർണവും തോറ്റാൽ ഒരു പവനും ലഭ്യമാകുന്ന രീതിയിലാണ് അശ്വമേധം നടത്തപ്പെടുന്നത്.

തലേദിവസമായിരുന്നു കേരളത്തെ നടുക്കിയ അമ്പൂരിയിലെ ഉരുൾപൊട്ടൽ.  ആ ദുരന്തത്തിൽ മരിച്ചവർക്കു ആത്മശാന്തി നേർന്നുകൊണ്ട് മത്സരം ആരംഭിച്ചു.   
 ഒടുവിൽ മത്സരം തുടങ്ങി. 'ഇന്ത്യൻ'? അതെ
                                          'കേരളീയൻ'? അതെ
ചോദ്യങ്ങൾ ഓരോന്നായി പിന്നിടുകയായിരുന്നു . പത്താമത്തെ ചോദ്യത്തിൽ 'ഇന്ത്യക്കു പുറത്താണോ പ്രവർത്തനമേഖല?' എന്ന ചോദ്യം ഉയർന്നപ്പോൾ ഞാൻ കൂടുതൽ പിരിമുറുക്കത്തിലായി. പക്ഷെ അദ്ദേഹത്തിന്റെ മനസ്സിൽ കെ പി എസ് മേനോൻ ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്  അവസാന ചോദ്യം ഉന്നയിക്കുമ്പോഴും എന്റെ മനസ്സിലെ വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ചോദ്യങ്ങൾ അവസാനിച്ച ശേഷം നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം ചോദിച്ചു. "ആരായിരുന്നു താങ്കളുടെ മനസ്സിൽ ?" എന്റെ ഉത്തരം ACN നമ്പ്യാർ എന്നതായിരുന്നു.
മലയാളി അധികം അറിയാതെ പോയ മഹാവിപ്ലവകാരിയാണ് എ.സി.എന്‍ നമ്പ്യാര്‍. ജര്‍മ്മനിയില്‍ ഹിറ്റ്ലർ കമ്യൂണിസ്റ്റാണെന്ന് പറഞ്ഞ് തടവിലിട്ട ഏക മലയാളിയാണ് നമ്പ്യാര്‍. 1951 -ൽ ജർമനിയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ ആയി നമ്പ്യാരെ നിയമിച്ചു. 1958 -ൽ അദ്ദേഹത്തിന് പദ്മഭൂഷൻ നൽകുകയും ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസിന്റെ യൂറോപ്പിലെ ലേഖകനായിരുന്നു അവസാനകാലം. അദ്ദേഹംവേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെയും ആരതിൽ കണ്ടത്തിൽ കല്യാണി അമ്മയുടെയും  മകനായിരുന്നു അദ്ദേഹം. സരോജിനി നായിഡുവിന്റെ സഹോദരിയായിരുന്ന സുഹാസിനി ചാട്ടോപാധ്യായ് ആയിരുന്നു നമ്പ്യാരുടെ ഭാര്യ.

രണ്ടാമത്തെ റൗണ്ടിൽ ഞാൻ വിചാരിച്ചതു ജോൺ വോൺ ന്യുമാൻ  എന്ന മഹാനായ ഹംഗേറിയൻ ഗണിതശാസ്ത്രജ്ഞനെ ആയിരുന്നു. കമ്പ്യൂട്ടിങ് ആയി ബന്ധപ്പെട്ട  (വോൺ  ന്യൂമാൻ  ആർക്കിടെക്ചർ , ലീനിയർ  പ്രോഗ്രാമിങ് , self  -replicating മെഷീൻസ് , സ്റ്റോക്കാസ്റ്റിക്  കമ്പ്യൂട്ടിങ്)  ഒരു പാട് കണ്ടുപിടിത്തങ്ങൾ ആണ് അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഗണിതശാസ്ത്രജ്ഞൻ എന്ന നിലയിൽ ആണോ പ്രശസ്തി എന്ന ചോദ്യത്തിന് സ്വാഭാവികമായി ഞാൻ അതെ എന്ന ഉത്തരം നൽകിയത് പ്രദീപിന്റെ ചിതകളെ വഴി തെറ്റിച്ചു എന്ന് പറയാതെ വയ്യ. അവസാനം കമ്പ്യൂട്ടറുമായി   ബന്ധമുള്ള ആളാണോയെന്ന ചോദ്യത്തിന് അതെ എന്ന ഉത്തരം നൽകിയപ്പോൾ അദ്ദേഹം എത്തിയത് ചാൾസ് ബാബേജ് ലേക്കായിരുന്നു. ഒരിക്കൽ കൂടി ഞാൻ വിജയിച്ചിരിക്കുന്നു. രണ്ടു പവൻ സ്വർണത്തിനു അവകാശിയുമായി.  ആദ്യ രണ്ടു റൗണ്ടിലെ വിജയങ്ങൾ എന്റെ പിരിമുറുക്കത്തിന് അയവു വരുത്തുകയും ആത്മവിശ്വാസം ഉയർത്തുകയും ചെയ്തു.  

മൂന്നാമത്തെ റൗണ്ടിൽ ഞാൻ വിചാരിച്ചതു പ്രമുഖനായ ഒരു ഭാരതീയ ശിൽപിയും ചിത്രകാരനും ഫോട്ടോഗ്രാഫറും ഗവേഷകനുമായ ബാലൻ നമ്പ്യാർ എന്ന വ്യക്തിയെ ആയിരുന്നു. ഇറ്റലിയിലും ബാംഗ്ലൂരിലുമായി ജീവിക്കുന്ന വ്യക്തി. മലയാളിയാണോ എന്ന് ചോദിച്ചാൽ അതെ എന്ന ഉത്തരം പറയാനാകുകയും എന്നാൽ കേരളത്തിന് പുറത്തു ജീവിക്കുന്ന ഒരു വ്യക്തിയുമായതിനാൽ ചോദ്യകർത്താവിനു ആശയക്കുഴപ്പമുണ്ടാക്കാൻ എനിക്ക് സാധിച്ചു.  അവിടെയും വിജയം എന്റെ കൂടെ നിന്നു. എന്റെ ആത്മവിശ്വാസം വളരുകയും പിരിമുറുക്കം പ്രദീപിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥ. അഞ്ചു പവൻ സ്വർണത്തിൽനിന്ന് അശ്വമേധം വിജയി എന്ന നിലയിലേക്ക് ഇനി രണ്ടു റൗണ്ടുകൾ മാത്രം.

മൂന്നു റൗണ്ടുകൾ പിന്നിട്ടപ്പോൾ തന്നെ ഒരു ദിവസത്തെ എപ്പിസോഡിന്റെ സമയമായ അരമണിക്കൂർ സമയം കഴിഞ്ഞതിനാൽ എനിക്കൊപ്പം മത്സരിക്കാനെത്തിയവരുടെ അവസരം നഷ്ടമായി. പുതിയ മത്സരാർത്ഥികൾ രംഗത്ത് വന്നെങ്കിലും ഞാനുമായുള്ള മത്സരം തുടരുകതന്നെയായിരുന്നു.

നാലാമത്തെ റൗണ്ട്  റിസ്ക് റൗണ്ട് ആണ്. വിജയിച്ചാൽ ഫൈനൽ റൗണ്ടിലേക്കുള്ളത് അവസരവും തോറ്റാൽ ലഭിച്ചവ നഷ്ടമാകാനുള്ള സാധ്യതയും. വേണമെങ്കിൽ പിന്മാറാം. പക്ഷെ മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെ വന്ന ഞാൻ ധൈര്യപൂർവം   മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.

നാലാമത്തെ റൗണ്ടിൽ എന്റെ മനസ്സിൽ ''എൻകോസി ജോൺസൺ' എന്ന ആഫ്രിക്കക്കാരനായ  ബാലനായിരുന്നു.  ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഈ ആൾ എച്ച്ഐവി കൊണ്ട് ജനിച്ചു. 12 വർഷക്കാലം ജീവിച്ച എൻകോസി ജോൺസൺ പതിനായിരം പ്രേക്ഷകർക്കു മുന്നിൽ ഡർബാനിലെ 13-ാം ഇന്റർനാഷണൽ എയ്ഡ്സ് കോൺഫറൻസിൽ സംസാരിച്ചു. എയ്ഡ്സ് തടയാൻ സാധ്യമായതെല്ലാം ചെയ്തു ജീവിക്കുന്ന രക്തസാക്ഷിയായി ചിത്രീകരിക്കപ്പെട്ടു.

മൂന്നാമത്തെ ചോദ്യത്തിൽ തന്നെ ആഫ്രിക്കക്കാരനാണ് എന്റെ മനസ്സിലെന്നു പ്രദീപിന് മനസ്സിലായി. ഇൻസിഡന്റൽ പ്രശസ്തി ഉണ്ടോ എന്ന ചോദ്യം ചോദിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹത്തിന് എന്നെ തോൽപ്പിക്കാൻ കഴിഞ്ഞേനെ. കൂടാതെ സംഘടനയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഞാൻ ഇല്ല എന്ന് മറുപടി പറഞ്ഞെങ്കിലും പാനൽ എന്നെ തിരുത്തി. അത് പ്രദീപിനെ കൂടുതൽ ചിന്താകുഴപ്പത്തിലാക്കി. അദ്ദേഹം കരുതിയത് കുറച്ചുകൂടി പ്രായമുള്ള സംഘടനകളുമായി വളരെ നല്ല ബന്ധമുള്ള ഒരു വ്യക്തിയായിരിക്കും എന്നതാണ്. അവിടെയും വിജയം എന്റെ കൂടെ നിന്നു.

അവസാന റൗണ്ടിലേക്ക് ആത്മവിശ്വാസത്തോടെ. ആത്മവിശ്വാസം കൈവിടാതെ നിന്ന ഗ്രാൻഡ് മാസ്റ്റർ നാലാമത്തെ റൗണ്ടിൽ ക്യാമറയിലേക്ക് നോക്കി എന്റെ അമ്മയോടെന്നപോലെ പറഞ്ഞിരുന്നു - "ഞങ്ങൾ ഇരുവരെയും ഒരുമിച്ചനുഗ്രഹിക്കണം"  എന്ന്. പക്ഷെ അവസാന റൗണ്ടിൽ അദ്ദേഹം പറഞ്ഞത് "ദിലീപിന്റെ അമ്മേ, അമ്മയില്ലാത്ത ഈ മകനെ അനുഗ്രഹിക്കണേ" എന്നായിരുന്നു .  മനസ്സിന്റെ പിരിമുറുക്കം തന്നെയാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്.           
മത്സരം തുടങ്ങി, തുളച്ചുകയറുന്ന നോട്ടത്തോടുകൂടി പ്രദീപ് എന്നോട് ചോദ്യങ്ങൾ ആരംഭിച്ചു. അഞ്ചു ചോദ്യങ്ങൾക്കുള്ളിൽ അദ്ദേഹം കണ്ടെത്തി അമേരിക്കക്കാരനായ കായികതാരം ആണ് എന്റെ മനസ്സിലെന്നു. പതിനഞ്ചു ചോദ്യങ്ങൾക്കുള്ളിൽ അദ്ദേഹം ഒരു അത്‌ലറ്റ് ആണ് എന്ന നിഗമനത്തിലെത്തി. എന്റെ മനസ്സിലും ആശങ്ക ഉയർന്നു തുടങ്ങി. ചോദ്യങ്ങൾ പിന്നെയും കടന്നുപോയി. അവസാനം പ്രദീപ് എന്റെ മുഖത്തുനോക്കി " അത് റ്റെർനെർ   ആകാം , തോർപ്പ് ആകാം,വൂഡ്ബ്രിഡ്ജ്   ആകാം " ഇത് പറയുമ്പോൾ എന്റെ മുഖഭാവങ്ങൾ ശ്രദ്ധിക്കുകയായിരുന്നു ലക്‌ഷ്യം. ഓരോ പേര് കേൾക്കുമ്പോഴും എന്റെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചു അത് കണ്ടെത്താനായിരുന്നു ആ ജീനിയസിന്റെ ലക്‌ഷ്യം. അവസാനം അദ്ദേഹം ഒരു ഉത്തരം പറഞ്ഞു .  ജിം വുഡ്ബ്രിഡ്ജ്‌. നോ എന്നായിരുന്നു എന്റെ മറുപടി.
ഞാൻ അശ്വമേധത്തിന്റെ രണ്ടാമത്തെ ഫൈനലിസ്റ്റായി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു അവിടെ.