സ്വേച്ഛാധിപത്യം എത്രത്തോളം ഭീതിതമാണ്. അത്തരമൊരു സ്വേച്ഛാധിപത്യത്തിന്റെ ആവിഷ്കാരമാണ് ദെര്‍ ഈസ് നോ ഈവിള്‍ എന്ന സിനിമ. ഒരു സിനിമയല്ല വാസ്തവത്തില്‍ നാല് കഥകളിലൂടെയാണ് സമകാലീന ഇറാനിലെ സാഹചര്യങ്ങളെ സംവിധായകന് മൊഹമ്മദ് റസോലഫ് ആവിഷ്കരിക്കുന്നത്. ഇറാനിലെ സ്വേച്ഛാധിപത്യത്തെ ആസ്പദമാക്കിയുള്ള നാല് കഥകള്‍ പറയുന്ന സിനിമയാണിത്. രാജ്യം നിയമിക്കുന്ന ആരാച്ചാര്മാരേക്കുറിച്ചും വധശിക്ഷക്കെതിരെ പൊരുതുന്ന മനുഷ്യരേക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ഒരു ഏകാധിപത്യ ഭരണത്തിന്‍കീഴില്‍ വ്യക്തികള്‍ക്ക് പ്രകടിപ്പിക്കാനാകുന്ന വ്യക്തിസ്വാതന്ത്ര്യം എത്രത്തോളമെന്ന് ഈ ചിത്രം വരച്ചുകാണിക്കുന്നു.
ഇറാനിൽ വധശിക്ഷ നടപ്പാക്കുന്നത് നിർബന്ധിത സൈനികസേവനത്തിനു ചുമതലപ്പെട്ട വ്യക്തികളാണ്. രണ്ടു വർഷത്തെ ഇത്തരത്തിലുള്ള നിർബന്ധിത സൈനികസേവനം പൂർത്തിയാക്കിയാൽ മാത്രമേ അവർക്കു സ്വതന്ത്രമായി യാത്ര ചെയ്യുവാനോ ഒരു പൗരന്റെ അവകാശങ്ങൾ നിർവഹിക്കാനോ കഴിയൂ. അതുകൊണ്ടുതന്നെ ഇഷ്ടമല്ലെങ്കിൽ കൂടി വധശിക്ഷ നടപ്പാക്കുന്നതുപോലുള്ള ചുമതലകൾ പോലും ഏറ്റെടുക്കാൻ അവർ നിർബന്ധിതരാവുന്നു.
ഇറാനിലെ ഇസ്ലാമിക ഭരണകൂടം സ്വതന്ത്ര ചിന്തകളെയും എതിർ ശബ്ദങ്ങളെയും അടിച്ചമർത്താൻ വധശിക്ഷ പോലുള്ള ശിക്ഷാരീതികൾ ഉപയോഗിക്കുമ്പോൾ നിർബന്ധിത സൈനിക സേവനത്തിൽ ഉള്ളവരെ വധശിക്ഷ നടത്താൻ പ്രേരിപ്പിക്കുമ്പോൾ ഇത് തികച്ചും ഒരു ധാർമികപ്രശ്നമായി മാറുകയാണ്. ഈ ധാർമികപ്രശ്നത്തെയാണ് മുഹമ്മദ് രാസൗളോഫ് There is no evil എന്ന ചിത്രത്തിൽ നാല് അധ്യായങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നത്.
കർശനമായ, പൂട്ടിയിട്ടിരിക്കുന്ന ഫ്രെയിമുകളിൽ അവതരിപ്പിച്ചിരിക്കുന്ന, “There is no evil ” എന്ന പേരിട്ടിരിക്കുന്ന പ്രാരംഭ അധ്യായം, ഞെട്ടിക്കുന്ന ചിലത് നൽകുന്നു. There is no evil എന്ന ഒന്നാം അധ്യായത്തിൽ വധശിക്ഷ നടപ്പാക്കുന്ന ജോലി ചെയ്യുന്ന ഒരാളുടെ ഒരു ദിവസത്തെ ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്. മധ്യവയസ്ക്കനും കുടുംബനാഥനുമായ ഹെഷ്മത് ആണ് നായകൻ. കുടുംബത്തോടൊപ്പം തികച്ചും സന്തോഷകരമായ ജീവിതമാണ് ഹെഷ്മത്തിന്റെത്. അയാളുടെ ജോലി എന്താണെന്ന് ഒരു സൂചനപോലും തുടക്കത്തിൽ നൽകുന്നില്ല. പക്ഷെ വിട്ടുമാറാത്ത തലവേദന എന്തിന്റെയൊക്കെയോ സൂചകമാണെന്നു ആ ഖണ്ഡത്തിന്റെ അവസാനത്തിൽ പ്രേക്ഷകന് ബോധ്യമാകുന്നുണ്ട്. പുലർച്ചെ മൂന്നു മണിക്ക് ഉണർന്നെഴുന്നേറ്റു സാധാരണ ജോലിക്കു പോകുന്നതുപോലെ എല്ലാ കാര്യങ്ങളും പൂർത്തിയാക്കി കാറിൽ യാത്രയാവുകയും ജോലിസ്ഥലത്തെത്തി ഒരു ചായയൊക്കെ കുടിച്ചു ഏർപ്പെടുന്ന ജോലി തികച്ചും പ്രേക്ഷകനെ ഞെട്ടിക്കുന്നു. ഒരിക്കലി അയാളെയല്ല, ആ വ്യവസ്ഥയ്ക്കെതിരെയാണ് സംവിധായകനും തന്റെ നിലപാട് പ്രഖ്യാപിക്കുന്നത്. ഒരിക്കലും അയാളെയല്ല, ആ വ്യവസ്ഥയ്ക്കെതിരെയാണ് സംവിധായകനും തന്റെ നിലപാട് പ്രഖ്യാപിക്കുന്നത്. ആ അധ്യായത്തിന്റെ തലക്കെട്ട് വ്യക്തികളെക്കാൾ സിസ്റ്റത്തെ കുറ്റപ്പെടുത്തുന്നു.
She said: You can do it എന്ന പേരിട്ടിരിക്കുന്ന രണ്ടാം അധ്യായത്തിൽ യുവാവായ നായകൻ തന്റെ നിർബന്ധിത സൈനികസേവനത്തിന്റെ തുടക്കത്തിലാണ്. ഒരാൾക്ക് വധശിക്ഷ നടപ്പാക്കുന്നതിനേക്കാൾ അതിനു പ്രേരിപ്പിക്കുന്നവരെ കൊല്ലുന്നതാണ് ശരിയെന്നു പറയുന്ന തരത്തിൽ വധശിക്ഷ നടത്താൻ തനിക്കു കഴിയില്ല എന്നതാണ് നായകന്റെ പക്ഷം. പക്ഷെ അയാളുടെ പെൺ സുഹൃത്തിനു നായകൻ എത്രയും വേഗം സൈനികസേവനം പൂർത്തിയാക്കി ഒന്നിച്ചു വിദേശത്തു പോകുക എന്നതാണ് താല്പര്യം. അതിനുവേണ്ടി നായകനോട് പറയുന്ന തരത്തിലാണ് അധ്യായത്തിന്റെ പേരുതന്നെ. ഒരു വധശിക്ഷ നടപ്പിലാക്കേണ്ട സാഹചര്യം വന്നപ്പോൾ നായകൻ അതിനെ എങ്ങിനെ നേരിടുന്നു എന്നതാണ് ഈ ഖണ്ഡത്തിന്റെ പ്രമേയം.
Birthday എന്ന് പേരിട്ട മൂന്നാമത്തെ അധ്യായത്തിൽ താത്കാലിക സൈനികസേവനം ചെയ്യുന്ന ഒരു യുവാവിനെ തന്നെയാണ് പ്രതിപാദിക്കുന്നത്. തന്റെ സ്നേഹിതയുടെ പിറന്നാൾ ആഘോഷിക്കുന്നതിനുവേണ്ടി മൂന്നു ദിവസത്തെ അവധിക്കു നാട്ടിലെത്തിയ യുവാവിന് ഒരു കുടുംബാംഗം മരണപ്പെട്ടതിന്റെ പേരിൽ ദുഖിതരായിരിക്കുന്ന സ്നേഹിതയെയാണ് കാണാൻ കഴിഞ്ഞത്. മരണാനന്തര ചടങ്ങിൽ ആ യുവാവിന്റെ ഫോട്ടോ കാണാനിടയായ ജാവേദിനു താനാണ് ആ വധശിക്ഷ നടപ്പാക്കിയതെന്നും അതിന്റെ പേരിൽ ലഭിച്ച മൂന്നു ദിവസത്തെ അവധിയിലാണ് നാട്ടിലെത്തിയതെന്നും സംഭഷണമധ്യേ സ്നേഹിതയായ നാനയോടു പറയേണ്ടിവരുന്നു. അപ്പോൾ നാന ഓർത്തെടുക്കുന്നു ഒരു കാര്യം ഈയടുത്തു ജാവേദ് എത്രതവണ മൂന്നു ദിവസത്തെ അവധിയിൽ നാട്ടിൽ വന്നു എന്നതാണ്. ഈ അധ്യായത്തിൽ ഉയരുന്ന ധാർമികപ്രശനം കൂടിയാണിത്. അവരുടെ ജീവിതത്തിലെ പല പ്രധാന നിമിഷങ്ങളും ഇത്തരം അവധികളിലായിരിക്കാം എന്ന മനഃസാക്ഷിയോടുള്ള ചോദ്യം കൂടെ ഉയരുന്നു.
Kiss me എന്നാണു അവസാന അധ്യായത്തിനു പേര് നൽകിയിരിക്കുന്നത്. നിർബന്ധിത സൈനികസേവനം പൂർത്തിയാകാത്തതിനാൽ സ്വന്തം ജീവിതം അജ്ഞാതവാസത്തിനു വിധേയമാക്കേണ്ടി വന്ന ഒരു ഡോക്ടർ ബിരുദം നേടിയ ഒരാളുടെ കഥയാണ് ഈ ഖണ്ഡം. ഭാര്യയെയും മകളെയും അവരുടെ ജീവിതം സുരക്ഷിതമാക്കാൻ വിദേശത്തു അയക്കുകയും സ്വയം ഒറ്റപ്പെട്ട ജീവിതം നാട്ടിൽ ജീവിക്കേണ്ടിയും വരുന്നു. ഈ സത്യങ്ങൾ ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം മകളോട് പറയേണ്ടിവരുമ്പോൾ നേരിടേണ്ടി വരുന്ന പ്രതികരണങ്ങൾ വധശിക്ഷയ്ക്ക് നേരെയുള്ള ധാർമികച്ചോദ്യങ്ങൾ ശക്തമായി ഉയർത്തുന്നു.
There is no evil എന്ന സിനിമയിലെ ഓരോ അധ്യായവും വധശിക്ഷ ഉയർത്തുന്ന ധാർമികപ്രശ്നങ്ങളും അതിനെ ഇത്തരുണത്തിൽ നടപ്പിലാക്കുന്ന വ്യവസ്ഥിതിയോടുള്ള ചോദ്യശരങ്ങളും പ്രേക്ഷകന്റെ മനസ്സിൽ ശക്തമായി ഉയർത്തുന്നുണ്ട്. ഈ സിനിമയിലെ പല സംഭാഷണങ്ങളും സമകാലീന ഇന്ത്യയിലേക്കുള്ള ചുണ്ടുപലകകൂടിയാവുകയാണ്.
