2022 സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

Nna Thaan Case Kodu

 


തീയറ്ററിലേക്കുള്ള റോഡുകളില്‍ കുഴികളുണ്ട്, എങ്കിലും വന്നേക്കണേയെന്ന ഒരു വാചകം വെച്ചു റിലീസ് തീയതിയിലെ മിനിമം പത്രപ്പരസ്യം മാത്രം. അതും സിനിമയുടെ കഥയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു കോപ്പി എഴുത്താണ്. എന്നിട്ടുമെന്തേ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ കാണാന്‍ ആളുകള്‍ പോകുന്നത് ? 'കൊഴുമ്മല്‍ രാജീവന്‍' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ഒരുകാലത്ത് കള്ളനായിരുന്ന രാജീവന്‍റെ ജീവിതത്തിൽ ഒരു രാത്രി റോഡിലെ ഒരു കുഴി കാരണം ഉണ്ടാവുന്ന സംഭവവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കേസും ഒക്കെയാണ് സിനിമയുടെ പശ്ചാത്തലം. റോഡിലെ ഒരു കുഴി അയാളുടെ ജീവിതത്തെ ദാരുണമാക്കുമ്പോള്‍ അയാളിറങ്ങിപ്പുറപ്പെടുന്നു. ഒട്ടും വിജയിക്കുമെന്നുറപ്പില്ലാത്ത, മിക്കവാറും വിജയിച്ചിട്ടില്ലാത്ത ഒരു സമരത്തിലേക്ക്. അപ്പോള്‍ ചുറ്റുപാട് മുഴുവനും രാജീവനെതിരാകുന്നു. കാരണം കള്ളനെന്ന ഒരു പൂര്‍വ്വചരിത്രം അയാള്‍ക്കുണ്ട്. ലിവിങ് ടുഗതര്‍ പാര്‍ട്ണര്‍ പോലും രാജീവനെ പിന്തുണക്കുന്നില്ല. മോഷണം നിര്‍ത്തിയെന്ന് അവകാശപ്പെടുന്ന അയാള്‍ക്കിപ്പോഴും നിരന്തരം പ്രതിസന്ധികള്‍, ആക്ഷേപങ്ങള്‍, ഭീഷണികള്‍ ഒക്കെയുണ്ട്. മുഖം നിരാശ നിറഞ്ഞതെങ്കിലും അകത്ത് ഊര്‍ജ്ജമുള്ളയൊരാളാണ് രാജീവന്‍. ഒടുവില്‍ സാധാരണക്കാരനായ രാജീവൻ നടത്തുന്ന സമരം വിജയിക്കുന്നുണ്ട്. വിജയത്തിന്റെ പാതയില്‍ അയാള്‍ അടികൊണ്ടും ഒറ്റപ്പെട്ടും പല കുഴികളിലും വീണും പിടഞ്ഞെഴുന്നേല്‍ക്കുന്നുണ്ട്. രാഷ്ട്രീയത്തിനും നിറങ്ങള്‍ക്കും ക്ലാസ്സിനുമപ്പുറത്ത് ചത്തു പോകുന്ന ഒരു പൊതു സമൂഹത്തെ ചിത്രം അനാവരണം ചെയ്യുന്നുണ്ട്.