പത്രങ്ങളിലെ കായികപേജുകളിൽനിന്നാണ് ഫുട്ബോളിനോടുള്ള ഇഷ്ടം ആരംഭിക്കുന്നത്. പ്രൈമറിസ്കൂൾ പഠനകാലം എല്ലാ കായിക ഇനങ്ങളോട് ഇഷ്ടമുണ്ടായിരുന്ന കാലമായിരുന്നു. 1986 -ലെ അര്ജന്റീന വിജയവും മറഡോണയും എല്ലാം പത്രവാർത്തകളായി മാത്രം ശ്രദ്ധിച്ചു. ഇന്ത്യൻ ഫുട്ബോൾ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചത്. ഇഷ്ട ടീം മോഹൻ ബഗാൻ. ഏട്ടന്റെ ടീം മുഹമ്മദൻസ് ആയിരുന്നു. എപ്പോഴും തർക്കങ്ങൾ ഇവരെ സംബന്ധിച്ചു മാത്രമായിരുന്നു. 1988 ലെ യൂറോകപ്പ് ഹോളണ്ടിനെയും രുദ് ഗുള്ളിറ്, വാൻബാസ്റ്റാൻ, റൈക്കാർഡ് എന്നിവരെയും എന്റെ ശ്രദ്ധയിലെത്തിച്ചു. ബ്രസീൽ , USSR ടീമുകൾ ഇഷ്ട ടീമുകൾ ആയിരുന്നു. അങ്ങനെയിരിക്കെയാണ് 1990 ലെ ഇറ്റാലിയ ലോകകപ്പ് ദൂരദർശനിൽ കാണാൻ അവസരം ലഭിക്കുന്നത്. കളി കാണാനായി വൈകുന്നേരം ഏട്ടനോടൊപ്പം 20km അകലെയുള്ള അമ്മയുടെ ബന്ധുവീട്ടിലേക്ക് ബസ്സിൽ പോകുകയും രാത്രി അവിടെ താമസിച്ചു പാതിരാത്രിവരെ കളി കണ്ടു പുലർച്ചെ വീട്ടിലേക്കു മടങ്ങി സ്കൂളിൽ പോകും. ഇതായിരുന്നു മിക്കവാറും ദിവസങ്ങളിലെ പതിവ്. ആ യാത്രയാണ് ഫുട്ബോൾ എന്നത് ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഇഷ്ടമാക്കി മാറ്റിയത്. അതിനുശേഷമുള്ള ഒരു ലോകകപ്പും എന്റെ കാഴ്ചകളിൽനിന്നും ഒഴിവാക്കിയിട്ടില്ല. മറഡോണ, ഗുല്ലിട്ട്, ലോതർ മതിയാസ്, വാൽഡറാമ മുതലായ മഹാരഥന്മാരുടെ കളികൾ ടീവി യിലൂടെയെങ്കിലും കാണാൻ കഴിഞ്ഞത് എന്റെ തലമുറയുടെ ഒരു ഭാഗ്യം തന്നെയായി കരുതുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ