2021 മേയ് 13, വ്യാഴാഴ്‌ച

ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മനോഹരമായ യാത്ര


 

80 വയസ്സ് കഴിഞ്ഞ കറുപ്പ് ദുരൈ കഴിഞ്ഞ ഏതാനും മാസങ്ങളായി കോമയിൽ കിടക്കുന്ന ചിത്രത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അയാളുടെ മകനും ബന്ധുക്കളും അവരുടെ ജീവിതത്തിലെ വലിയൊരു ബാധ്യതയായി ഇതിനെ കണക്കാക്കുകയും അയാളെ ദയാവധത്തിന് വിധേയമാക്കാനും ആലോചിക്കുന്ന സമയത്തു കറുപ്പ് ദുരൈക്ക് ബോധം വീഴുന്നു. എല്ലാവരുടെയും തീരുമാനം മനസ്സിലാക്കിയ അയാൾ വീട് വിട്ടു പോകുകയാണ്. നിരാശ്രയനായി ദൂരെയുള്ള ഒരു ഗ്രാമത്തിലെത്തിയ അയാൾ അവിടെ വച്ച് കുട്ടി എന്ന അനാഥബാലനെ കണ്ടുമുട്ടുന്നു. ഓരോതരത്തിൽ അനാഥരായ രണ്ടുപേരും ചങ്ങാതികളായി മാറുന്നു. വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന കുട്ടി കറുപ്പ് ദുരൈയുടെ ജീവിതത്തോടുള്ള മനോഭാവം മാറ്റുകയാണ്. കുട്ടി അയാൾക്കായി ബക്കറ്റ് ലിസ്റ്റ് തയ്യാറാക്കുന്നു. കറുപ്പ് ദുരൈയുടെ നടക്കാതെ പോയ സ്വപ്‌നങ്ങൾ ഓരോന്നും കുട്ടിയുടെ സഹായത്തോടെ നേടുന്ന ദുരൈ യഥാർത്ഥത്തിൽ ജീവിതം തന്നെ തിരിച്ചുപിടിക്കുകയായിരുന്നു. അവരുടെ യാത്രകളും മരച്ചോട്ടിലെ താമസവും ഉത്സവത്തിമിർപ്പുകളും ഒരർത്ഥത്തിൽ ഇരുവരുടെയും അനാഥത്വത്തിൽ നിന്നുള്ള രക്ഷപ്പെടലുകളായിരുന്നു. രണ്ടുപേരും ആഗ്രഹനിവർത്തി നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിക്ക് ചെന്നൈയിലെ ഒരു സ്കൂളിൽ അഡ്മിഷൻ ലഭിക്കുന്നത്. ആദ്യം അത് സ്വീകരിക്കാൻ ദുരൈ മടിച്ചെങ്കിലും താൻ ജീവിതത്തിന്റെ അവസാനത്തിലാണ് എന്ന ബോധ്യം വേദനയോടെ ആണെങ്കിലും കുട്ടിയെ പിരിയാൻ അയാൾക്ക് പ്രേരകമാവുന്നു. കടലിരമ്പുന്ന മനസ്സുമായി രണ്ടുപേരും പിരിയാൻ തീരുമാനിക്കുന്നു. ഉറ്റവരല്ലാത്ത രണ്ടുപേർ എവിടെയോവച്ചു കണ്ടുമുട്ടി പരസ്പരം ആരൊക്കെയോ ആയി മാറുമ്പോൾ സ്നേഹം എന്ന വാക്കിന്റെ ശക്തി നിർവ്വചിക്കുകയാണിവിടെ. കുട്ടി വിട്ടുപോയതോടെ ജീവിതത്തിനു അർഥം നഷ്ടപ്പെട്ടെന്ന് തോന്നിയ കറുപ്പുദുരൈ തിരിച്ച തന്റെ വീട്ടിലേക്കെത്തുമ്പോൾ ഒരു ദുരന്തപര്യവസാനം ആണ് പ്രേക്ഷകർക്ക് തോന്നിയിരിക്കുക. എന്നാൽ തന്റെ സ്വത്തെല്ലാം മകന് എഴുതിക്കൊടുത്തു ദയാവധത്തിന് കാത്തുനിൽക്കാതെ വീണ്ടും യാത്രയാവുകയാണ് ദുരൈ. ഇത് മരണത്തെ പേടിച്ചോടിയ ദുരൈ അല്ല, ഭയം മാറി ജീവിതത്തെ തിരിച്ചുപിടിച്ച കറുപ്പ് ദുരൈയുടെ തീർത്ഥാടനമായി യാത്ര മാറുന്നു. ഇന്നലെകൾ ആട്ടിപ്പുറത്താക്കിയ രണ്ടുപേർ വർത്തമാനകാലത്തിൽ ആർത്തുതിമിർത്തു ഇന്നലെയോടു പകരം വീട്ടുന്ന ദൃശ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ തീർച്ചയായും ജീവിതത്തോടുള്ള പ്രത്യാശ വളർത്തുമെന്നത് തീർച്ചയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: