2021 ജൂലൈ 25, ഞായറാഴ്‌ച

സര്‍പ്പാട്ട പരമ്പര വെറുമൊരു സ്‌പോര്‍ട്‌സ് ഡ്രാമയല്ല. പാ രഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് ഡ്രാമയാണ്.......

 


1980-കളുടെ പകുതി വരെ വടക്കൻ ചെന്നൈയിൽ വളരെ സജീവമായി നിലനിന്നിരുന്ന ബോക്‌സിങ് മത്സരങ്ങളെക്കുറിച്ചും അതിനെ ആവേശമായി കണ്ടിരുന്ന ഒരു ജനതയെക്കുറിച്ചുമുള്ള കഥയാണ് 'സാര്‍പട്ടാ പരമ്പരൈ'. കഴിഞ്ഞുപോയൊരു കാലഘട്ടത്തെ മനോഹരമായി വരച്ചിടുന്നതിനൊപ്പം, പ്രേക്ഷകരുടെ സിരകളിലും ബോക്സിങിൻ്റെ ആവേശം നിറയ്ക്കാൻ ചിത്രത്തിനാകുന്നു. സര്‍പ്പാട്ട പരമ്പര വ്യത്യസ്തമാകുന്നത് അത് ഹീറോയുടെ വ്യക്തിപരമായ ജേര്‍ണി അവതരിപ്പിക്കുന്നത് കൊണ്ടല്ല, മറിച്ച് ഒരു നാടിന്റെ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നുവെന്നത് കൊണ്ടാണ്.

അടിയന്തിരാവസ്ഥകാലയളവായ എഴുപതുകളുടെ മധ്യത്തിൽ നടന്ന കഥയാണ് ചിത്രത്തിലുള്ളത്. ബ്രിട്ടീഷുകാരോട് ഇടിച്ചു ജയിച്ച വീരന്മാരുടെ മദ്രാസ് പരമ്പരയിലുള്ളവർ പിന്നീട് പല വിഭാഗങ്ങളായി മാറുകയും, ഇവർക്കിടയിൽ മത്സരങ്ങൾ പിറവിയെടുക്കുകയും ചെയ്തു. റിങ്ങിലെ വിജയം ആളുകൾക്ക് തങ്ങളുടെ പരമ്പര അഭിമാനത്തിൻ്റെ പ്രതീകമായിരുന്നു. സര്‍പ്പാട്ട പരമ്പര, ഇടിയപ്പ പരമ്പര എന്നീ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വര്‍ഷങ്ങളുടെ വൈരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അങ്ങിനെയുള്ള പരമ്പരകളിൽ പോലും ജാതിമേൽക്കോയ്മ നിലനിർത്താനുള്ള ശ്രമങ്ങൾ അവരുടെ ഇടയിലും ശത്രുത ഉയർത്തുന്നുണ്ട്‌. ഇത്തരം പ്രശ്നങ്ങൾക്കിടയിൽ ഒരേ സമയം ഹീറോയുടെ ജേര്‍ണിയും ഒരു സമൂഹത്തിന്റെ ജേര്‍ണിയും അടയാളപ്പെടുത്തുക എന്ന ശ്രമകരമായൊരു ജോലിയാണ് പാ രഞ്ജിത്ത് എന്ന സംവിധായകന്‍ വിജയകരാമായി പൂര്‍ത്തിയാക്കുന്നത്.

കഥ നടക്കുമ്പോഴത്തെ സാർപാട്ട പരമ്പരയുടെ ആശാനാണ് രംഗൻ വാത്തിയാർ. രംഗൻ വാത്തിയാരും, കഥാനായകൻ കബിലൻ്റെ അച്ഛനുമൊക്കെയാണ് ഒരുസമയത്ത് സാർപട്ടാ പരമ്പരയെ ഉയർത്തി നിർത്തിയിരുന്നത്. ഒരു ഘട്ടത്തിൽ ഇടിയപ്പ പരമ്പരയിൽ നിന്നുള്ള വേമ്പുലി എന്നയാളുടെ മുൻപിൽ രംഗൻ വാത്തിയാരുടെ ശിഷ്യരെല്ലാം പരാജയപ്പെടുന്നു. ബോക്സിങിനെ സ്നേഹിക്കുന്ന മനസ്സുകൊണ്ട് രംഗനാശാൻ്റെ ശിഷ്യനായ കബിലൻ അങ്ങനെ കളത്തിലിറങ്ങുകയാണ്. അമ്മയുടെ നിർബന്ധത്താൽ അതുവരെ ബോക്സിംങിൽ നിന്നും അകന്നു നടന്നിരുന്ന കബിലൻ്റെ പിന്നീടങ്ങോട്ടുള്ള യാത്രയാണ് ചിത്രത്തിൽ കാണാനുള്ളത്.

ഇടയ്ക്ക് കബിലനും ചുവട് പിഴയ്ക്കുണുണ്ട്, ആ ഭാഗത്തൊക്കെ ആര്യ അഭിനയത്തിലൂടെ കൈയ്യടി നേടുകയും ചെയ്യുന്നു. കബിലൻ്റെ ഭാര്യയായി റിയലസ്റ്റിക്കായ പ്രകടനമാണ് ദുഷാര കാഴ്ചവെച്ചത്. രംഗൻ വാത്തിയാരായി പശുപതിയും കിടിലൻ പെർഫോമൻസ് നൽകിയിട്ടുണ്ട്.

ഷബീറിൻ്റെ ഡാൻസിംഗ് റോസ് എന്ന കഥാപാത്രം ഇൻ്ററസ്റ്റിംഗായിരുന്നു. ആര്യയ്ക്കൊപ്പമുള്ള ഷബീർ കല്ലറയ്ക്കലിൻ്റെ മത്സരം ചിത്രത്തിൽ മികച്ചു നിന്ന രംഗങ്ങളിലൊന്നാണ്. സംഘട്ടനം, ഛായാഗ്രഹണം, സംഗീതം എന്നിവ സിനിമയുടെ മികച്ച ഘടകങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ശരിക്കുള്ള ബോക്സിംങ് മത്സരം കാണുന്ന പ്രതീതിയാണ് അൻപറിവിൻ്റെ ആക്ഷൻ കൊറിയോഗ്രാഫി സമ്മാനിച്ചത്.

സംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ അടയാളങ്ങളും മെറ്റഫറുകളും ചിത്രത്തില്‍ പലയിടത്തായി കടന്നു വരുന്നുണ്ട്. പാട്ടിലും ചുവരിലെ ചിത്രത്തിലും കഥാപാത്രങ്ങളുടെ പേരിലും ഡയലോഗുകളിലുമെല്ലാം പാ രഞ്ജിത്തിന് മാത്രം സാധ്യമാകുന്ന അടയാളപ്പെടുത്തലുകളുണ്ട്. അവ തിരിച്ചറിയുന്നിടത്ത് സിനിമ നിങ്ങളോട് കാഴ്ചയ്ക്കപ്പുറത്ത് സംവദിക്കും. അടിയന്തരാവസ്ഥ കാലത്തെ തമിഴ്‌നാടിനേയും ചിത്രം അടയാളപ്പെടുത്തുന്നു. രാഷ്ട്രീയ സംഭവവികാസങ്ങളെ സിനിമയുടെ ജേര്‍ണിയുമായി ബന്ധപ്പെടുത്തുന്നതിലും പാ രഞ്ജിത്ത് വിജയിച്ചിട്ടുണ്ട്. പാ രഞ്ജിത്തിന്റെ മുന്‍ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ പോലെ തന്നെ സര്‍പ്പാട്ട പരമ്പരയിലെ സ്ത്രീകളും സ്വന്തമായ ശബ്ദമുള്ളവരാണ്. സര്‍പ്പാട്ട പരമ്പര വെറുമൊരു സ്‌പോര്‍ട്‌സ് ഡ്രാമയല്ല. പാ രഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് ഡ്രാമയാണ്. കണ്ണും കാതും തുറന്നു വച്ച് വേണം ഓരോ രംഗവും കാണാന്‍.

അഭിപ്രായങ്ങളൊന്നുമില്ല: