ലോകത്ത് എവിടെയും അമ്മയക്ക് ഒരു മുഖമാണ്. എന്നും ദീപ്തമായ ഒരോര്‍മയാണ് അമ്മ. മനുഷ്യനെ തന്റെ സാഹിത്യത്തിന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച മാക്സിം ഗോർക്കിയുടെ വിഖ്യാതമായ നോവലാണ് 'അമ്മ'. ജീവിതത്തിന്റെ കൊടിയ താഡനങ്ങൾ ഏറെ ഏറ്റുവാങ്ങിയ ഒരമ്മ വിപ്ലവത്തിന്റെ കനൽവഴികളിലേക്ക് ഇറങ്ങി നടക്കുന്നതിന്റേയും വിപ്ലവകാരികൾക്കെല്ലാം അമ്മയായി മാറുന്നതിന്റെയും ഹൃദയഹാരിയായ ആവിഷ്കാരം. ലോകമെങ്ങുമുള്ള തൊഴിലാളികൾക്ക് മോചനത്തിന്റെ സ്വപ്നങ്ങൾ സമ്മാനിക്കുകയും റഷ്യൻ വിപ്ലവത്തിന്റെ ഊർജ്ജസ്രോതസ്സായി മാറുകയും ചെയ്തു ഈ കൃതി. ചൂഷണങ്ങളുടേയും പീഡനങ്ങളുടേയും വർത്തമാനകാലത്തും വിമോചന സ്വപ്നങ്ങൾ നെഞ്ചേറ്റി നടക്കുന്നവർ ഗോർക്കിയുടെ 'അമ്മ'യെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച റഷ്യയിലുണ്ടായ ഒരു യഥാര്‍ത്ഥ സംഭവത്തെ ഗോര്‍ക്കി നോവലാക്കുകയായിരുന്നു.
നികോളസ് രണ്ടാമന് എന്ന സാര്‍ ചക്രവര്‍ത്തിയുടെ ഏകാധിപത്യത്തിനെതിരേ നിരവധി സമരപരമ്പരകള്‍ തന്നെ നടന്ന കാലമായിരുന്നു 1905. സാര്‍ ഭരണകൂടത്തിനെതിരേ തൊഴിലാളികള്‍ സംഘടിക്കുന്നതാണ് കഥാതന്തു. 1905-ല്‍ നടന്ന വിപ്ലവം പരാജയപ്പെട്ട് അടിമത്തത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും ഇരുട്ടിലേക്കും തളര്‍ന്നുവീണ ഒരു സമൂഹത്തെ ഉണര്‍ത്താനായിരുന്നു ഗോര്‍ക്കിയുടെ നോവൽ. രണ്ടാം അദ്ധ്യായത്തിലാണ് നിലോവ്ന എന്ന അമ്മയും പാവേൽ എന്ന മകനും ശ്രദ്ധ പിടിച്ചുപറ്റുന്നത്. അത്യധ്വാനം കൊണ്ടും ഭർത്താവിന്റെ പീഡനങ്ങളാലും അകാലവാർധക്യം ബാധിച്ച, നട്ടെല്ല് തകർന്ന, ഒരുവശത്തേക്ക് കൂനിപ്പോയ ഒരമ്മ. അമ്മയുടെ അനുഭവങ്ങളിലൂടെ ലോകം കണ്ട പാവേൽ മനുഷ്യസ്നേഹിയാകുന്നു. മരിച്ചുപോയ അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും അമ്മയുടെ സ്നേഹത്തിനുമുന്നില്‍ പാവെല്‍ ജീവിതത്തിലേക്കു ചുവടുവയ്ക്കുന്നു. വിപ്ലവാവേശത്തിന്റെ ഭാഗമാകുന്നു അവനും. പുസ്തകങ്ങള്‍ വീട്ടിലേക്കു കൊണ്ടുവരുന്നു. വായിക്കുന്നു. ചര്‍ച്ച ചെയ്യുന്നു. സമാന മനസ്കരുടെ കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നു. അപ്പോഴൊക്കെയും മകന്റെ നിഴലായി നിലോവ്നയുണ്ട്. ആവേശത്തിന്റെ അഗ്നി ഏറ്റുവാങ്ങി യുവത്വത്തിന്റെ ഊര്‍ജത്തില്‍ നല്ല നാളെയെ സ്വപ്നം കാണുകയാണു പാവെല്‍. വിപ്ലവകാരിയായ മാറുന്ന ഒരാൾ എങ്ങനെയായിരിക്കണം എന്ന് പാവൽ വ്ളാസോവിച് എന്ന കഥാപാത്രം എല്ലാ തലമുറകൾക്കും കൂടി പറഞ്ഞു തരുന്നുണ്ട്. ചൂഷണങ്ങൾക്കെതിരായ മകന്റെ സമരോത്സുകതയറിഞ്ഞ അമ്മ ആദ്യം ഭയന്നു. വിശ്വാസിയായ അമ്മ ഒരു വിപ്ലവകാരിയുടെ അമ്മയായി പരിണമിക്കുന്നു. പാവേലിന്റെ മിക്ക സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് രോഗക്കിടക്കയിൽനിന്ന് സമരമുന്നണിയിലേക്ക് പോയ പാവേലിന്റെ പ്രസംഗം അമ്മ ആൾക്കൂട്ടത്തിൽനിന്ന് കേൾക്കുന്നുണ്ട്. രാത്രി പാവേൽ അറസ്റ്റ് ചെയ്യപ്പെട്ടു. ലഘുലേഖകൾ വിതരണം ചെയ്യാനുള്ള ചുമതല വൃദ്ധയായ അമ്മ ഏറ്റെടുത്തു. ഇടക്കാലത്ത് അവരും അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കുന്നു. ജയിലിൽ പലതവണ ചെന്ന ശേഷമാണ് അവർക്ക് മകനെ കാണാൻ പറ്റുന്നത്. പാവേൽ പിന്നീട് മോചിതനായി. ഒരു മെയ്ദിനത്തിൽ അത്യാവേശകരമായ ഒരു തൊഴിലാളിമുന്നേറ്റത്തിൽ പൊലീസ് മർദ്ദനത്തിൽ കൊടിവിടാതെ പിടിച്ചുനിന്ന പാവേൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.
മകന്റെ ദൗത്യങ്ങൾ ഏറ്റെടുത്ത അമ്മ ശരിക്കും വിപ്ലവകാരിയായി മാറുന്നു. മകന്റെ വാക്കുകൾ അച്ചടിച്ച ലഘുരേഖ രഹസ്യമായി വിതരണം ചെയ്യുന്ന അമ്മയുടെ സംതൃപ്തി ഗോർക്കി അവരുടെ വാക്കുകളിൽ വിവരിക്കുന്നത് നോക്കുക: "ഞാൻ എത്ര സന്തുഷ്ടയാണ്! എന്റെ മകന്റെ വാക്കുകൾ - എന്റെ സ്വന്തം മാംസത്തിന്റെയും രക്തത്തിന്റെയും ഭാഗമായ മകന്റെ വാക്കുകൾ - ഞാൻതന്നെ മറ്റുള്ളവർക്കെത്തിച്ചുകൊടുക്കുക! എന്റെ സ്വന്തം ആത്മാവിനെ ദാനം ചെയ്യുന്നതുപോലെയാണ്".
ഒരുദിവസം ലഘുലേഖകൾ നിറച്ച പെട്ടി, രഹസ്യമായി റെയിൽസ്റ്റേഷനിൽനിന്നെടുത്തുകൊണ്ടുപോവുന്ന അമ്മയെ പോലീസ് ചാരൻ പിന്തുടർന്ന് പിടിച്ചു. പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടാൻ, അത് മകന് അപമാനമാകുമെന്നതിനാൽ, അവർ ശ്രമിച്ചില്ല. പോലീസ് മർദ്ദനത്തിൽ അവർ മരിച്ചുവീഴുമെന്ന സൂചനയിലാണ് ഈ ബൃഹത് നോവൽ അവസാനിക്കുന്നത്. ‘വിഡ്ഢികളെ നിങ്ങള്‍ ജനങ്ങളുടെ വെറുപ്പ് വാങ്ങിക്കൂട്ടും. അതു നിങ്ങളുടെ മേല്‍ത്തന്നെ വന്നുവീഴുമെന്നു’ പൊലീസുകാരെ ശപിച്ചുകൊണ്ട് അടിയേറ്റ് വീഴുന്ന പിലഗേയ നീലോവ്ന എന്ന അമ്മയുടെ കഥ കോടിക്കണക്കിനു സാധാരണക്കാര്‍ക്കു പ്രത്യാശയുടെ പുസ്തകമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ