2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച

ദൈവം എന്ന ദുരന്തനായകൻ

തെയ്യമെന്ന ആദിമമായ ആത്മബോധത്തിലുറഞ്ഞു, കുത്തുവിളക്കിന്റെ കാലപ്പഴമയിൽ കരിന്തിരിക്കൊപ്പം ദ്രവിച്ചുപോയ ഒരു മനുഷ്യായുസ്സിന്റെ കഥയാണ് ഇത്. പ്രാചീനതയിൽ വേരുകളാഴ്ത്തിയ ഒരു സമൂഹത്തിന്റെ ദൈവാവബോധത്തിനു ഇരയാകേണ്ടിവരുന്ന ബലിപുരുഷനായ കഥാനായകനെ മകന്റെ വാക്കുകളിൽ ആഖ്യാനം ചെയ്യുന്നു എന്നതാണ് ഈ നോവലിന് വൈകാരികമായ ഒരു ഭാവം നൽകുന്നത്.

വർണവംശജാതി വർഗ്ഗ വൈരുധ്യങ്ങളിലേക്കു പരിണമിച്ചെത്തിയ മനുഷ്യാത്മകതയുടെ പരിച്ഛേദം തന്നെയാണ് ഉത്തരകേരളത്തിലെ ജനസമൂഹവും. അങ്ങിനെയുള്ള എല്ലാ വൈരുധ്യങ്ങളെയും വൈവിധ്യങ്ങളെയും ഒരുമിപ്പിക്കുന്ന ദൈവപ്രഭാവമാണ് അവർക്കു തെയ്യം. ഒരുപക്ഷെ ജാതീയതയുടെ അളവുകോൽ പരിശോധിച്ചാൽ മറ്റുഭാഗങ്ങളിൽനിന്നും ഉത്തരകേരളം വേറിട്ടുനിൽക്കുന്നതും തെയ്യത്തിന്റെ പ്രതിഫലനമാകാം.

പതിനാലാം വയസ്സിലാണ് കഥാനായകൻ രാമനെ ദൈവം തന്റെ കോലധാരിയായി തിരഞ്ഞെടുക്കുന്നത്. സാമൂഹികമായ അധഃസ്ഥിതാവസ്ഥയിലും നിത്യദാരിദ്ര്യത്തിലും രാമന്റെ ആനന്ദവും വേദനയും വിധിനിശ്ചിതമായ ഈ ദൈവബാധയായിരുന്നു. പാതിദൈവവും പാതിമനുഷ്യനായും ഉള്ള ജീവിതം അദ്ദേഹം ജീവിച്ചു എന്നുതന്നെ പറയാം. തന്റെ ഉയിരറിഞ്ഞ പത്നിയുടെ തിരോധാനത്തോടെ രാമൻ എന്ന കോലധാരിയുടെ അസ്തമനവും സംഭവിക്കുന്നു.

ഈ ഉദയാസ്തമനങ്ങൾക്കിടയിൽ രാമൻ ജീവിച്ചുതീർത്ത ദൈവജീവിതവും വാശിയോടെ കൊണ്ടുപോയ ജാതീയമായ അടിമബോധവും പരസ്പരപൂരകവുമായിരുന്നു. അതുകൊണ്ടുതന്നെ ദൈവമാകുമ്പോൾ ബഹുമാനിക്കപ്പെടുകയും മനുഷ്യനാകുമ്പോൾ കാഴ്ചയുടെ പിന്നാമ്പുറങ്ങളിലേക്കു മാറ്റിനിർത്തപ്പെടുകയും ചെയ്‌യുന്ന ഓരോ കോലധാരിയുടെ ജീവിതവുമാണ് ഈ കൃതി.

പുസ്തകത്തിന്റെ ഓരോ പേജ് മറിക്കുമ്പോഴും ചെറുപ്പത്തിലെവിടെയോ ആഘോഷിച്ച നാട്ടിലെ തെയ്യങ്ങളായിരുന്നു ഓർമ്മയിൽ. അപ്പോഴൊക്കെയും മനസ്സിൽ ആലോചിച്ച പലതും ഉറക്കെച്ചിന്തിക്കാൻ വായന പ്രേരിപ്പിച്ചു. തെയ്യക്കാർക്കു കല്പിച്ചുകൊടുത്ത പലജാതിതട്ടുകൾ അവർ കെട്ടിയാടുന്ന തെയ്യങ്ങൾക്കും കല്പിച്ചുകൊടുതിരുന്നു നടത്തിപ്പുകാർ. ഓലമെടഞ്ഞ പന്തലിട്ട മുറ്റത്തു കെട്ടിയാടാൻ ഒരു വിഭാഗത്തിന് അനുമതി നൽകുമ്പോൾ മറ്റൊരു കൂട്ടർക്ക് നല്ല കടുത്ത വെയിലിൽ ഒരു മറപോലുമില്ലാതെ കെട്ടിയാടാനായിരുന്നു വിധി. അതിനോട് കലഹിച്ചു മുറ്റത്തേക്കും തറവാടിനകത്തേക്കും കയറിവന്ന തെയ്യങ്ങളുണ്ടായിരുന്നു. തെയ്യമാകുമ്പോൾ ബഹുമാനിക്കുന്നവർ തന്നെ അല്ലാതെ കാണുമ്പോൾ അവരെ കാണുമ്പോൾ പുച്ഛിക്കുന്നതും കണ്മുന്പിലെ യാഥാർഥ്യമായിരുന്നു.

തെയ്യക്കാലങ്ങളിലെ ജീവിതം സമൃദ്ധമാകുമ്പോഴും അല്ലാത്ത സമയങ്ങളിൽ ദാരിദ്ര്യം നിറഞ്ഞ ജീവിതവും കുട്ടിക്കാലത്തെ കാഴ്ചയുടെ ബാക്കിപത്രമായിരുന്നു. വീട്ടിലേക്കു വന്നിരുന്ന തെയ്യങ്ങൾക്കും അവരുടെ അകമ്പടിക്കാർക്കും ബഹുമാനം നൽകിയ അച്ഛനിലെ കമ്മ്യൂണിസ്റ്റിനെ തന്നെയാണ് വ്രതകാലത്തു രാമന് മാമ്പഴം നൽകുന്ന കണ്ണൻ മാഷിലും ദർശിക്കാനായത്. അടിസ്ഥാനപരമായി ഭൗതികവാദിയാകുമ്പോഴും സാമൂഹ്യയാഥാർഥ്യത്തെ മനസ്സിലാക്കികൊണ്ടുള്ള നിലപാടുകൾ എടുത്തതുകൊണ്ടുകൂടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മലബാറിൽ വേരുപിടിച്ചത്‌.

ജന്മിയോട് ചോദ്യമുയർത്തുന്ന കണ്ണൻ മാഷ് കമ്മ്യൂണിസ്റ്റ് ആണെങ്കിൽ ഞാന് കമ്മ്യൂണിസ്റ്റ് ആണെന്നത് അടിമബോധത്തിൽനിന്നും മോചനം തേടുന്ന മനുഷ്യന്റെ ചിന്ത തന്നെയാണ്. അപ്പോഴും താൻ അടിമയാണെന്നു മനസ്സിലാക്കാൻ രാമന് കഴിയാതെ പോകുന്നുണ്ട്. ആ തിരിച്ചറിവ് വരാത്തിടത്തോളം കാലം അടിമത്തം തുടരുക തന്നെ ചെയ്യുമെന്നത് ഇന്നും നമ്മുടെ മുന്നിലെ യാഥാർഥ്യമാണ്. സ്വയം വെളിപ്പെടുത്തലിന്റെ പ്രതീകമായി കഥാനായകൻ ചൂട്ടിനെ ചൂണ്ടിക്കാട്ടുമ്പോൾ അത് ചോദ്യം ചെയ്യുന്നത് ടോർച്ചുപോലെ മറ്റുള്ളതിനെ ചൂണ്ടി സ്വയം വെളിപ്പെടുത്താതെ രക്ഷപ്പെടുന്ന പ്രത്യയശാസ്ത്രത്തെ തന്നെയാണെന്ന ബോധ്യം നമുക്കുണ്ടായേ പറ്റൂ.


അഭിപ്രായങ്ങളൊന്നുമില്ല: