റെസ്യൂ സെരെസ്സ് എന്ന ഹംഗറിക്കാരനായ പിയാനോ വായനക്കാരൻ 1933-ൽ എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് ഗ്ലൂമി സൺഡേ. ഈ ഗാനം അനേകമാളുകളെ ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. ഒരവസരത്തിൽ ഈ ഗാനം, ‘ഹംഗറിയിലെ ആത്മഹത്യാഗാനം' (Hungarian suicide song) എന്നു വിശേഷിക്കപ്പെട്ടിരുന്നു. കേൾവിക്കാരുടെ മനസ്സിൽ വിഷാദവും നിരാശയും നിറക്കുന്ന വരികളാണ് ഈ ഗാനത്തിൽ.
റെസ്യൂ സെരെസ്സിന്റെ വരികളുടെ മലയാളം തർജ്ജമ ഇപ്രകാരമാണ്.
ഇതു ശിശിരം, ഇലകളെല്ലാം പൊഴിയുന്നു,
ലോകത്ത് പ്രണയമെല്ലാം മരിച്ചുപോയി.
കാറ്റ് വേദന നിറഞ്ഞ കണ്ണീരോടെ വിങ്ങിക്കരയുന്നു.
എന്റെ ഹൃദയം ഇനി ഒരിക്കലും ഒരു വസന്തത്തിനു വേണ്ടി ക്കൊതിക്കയില്ല.
എന്റെ കണ്ണീരും ദുഃഖങളും, എല്ലാം വ്യഥാവിലായി.
ഹൃദയമില്ലാത്ത മനുഷ്യർ. അതാഗ്രഹികളും ദുഷ്ടൻമാരും.
പ്രണയം മരിച്ചുപോയി.
ലോകം, അതിന്റെ അവസാനത്തിലെത്തി, പ്രത്യാശക്കു, അർത്ഥം നഷ്ടപ്പെട്ടു.
നഗരങ്ങൾ തുടച്ചുമാറ്റപ്പെടുന്നു, ബോംബുകൾ സംഗീതം സൃഷ്ടിക്കുന്നു.
പുൽത്തകിടികൾ മനുഷ്യന്റെ ചോരകൊണ്ട് ചെഞ്ചുവപ്പണിയുന്നു.
തെരുവുകളിൽ എല്ലാം ജഡങൾ.
ഞാൻ മറ്റൊരു നിശ്ശബ്ദ പ്രാർത്ഥന മന്ത്രിക്കട്ടെ.
മനുഷ്യർ പാപികളാണ്; ദൈവെമേ, അവർ തെറ്റുചെയ്യുന്നു.
ഈ ലോകം അവസാനിച്ചു...
നിക് ബാർകോവിൻറെ നോവലിനെ ഉപജീവിച്ച് റോൾഫ് ഷൂബെൽ 2003 ൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഗ്ലൂമി സൺഡേ. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന ഹംഗറിയുടെ സ്വന്തം ആത്മഹത്യാഗാനമായ ഗ്ലൂമി സൺഡേ പിറവിയെടുക്കാനുണ്ടായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുകയാണ് ഈ ചലച്ചിത്രം. 1990കളിലെ ബുഡാപെസ്റ്റ് നഗരമാണ് ചിത്രത്തിൻറെ തുടക്കത്തിൽ. വൻകിട ജർമ്മൻ വ്യവസായിയായ ഹാൻസ് വിക്ക് എൺപതാം പിറന്നാൾ ആഘോഷിക്കാൻ വേണ്ടി ബീഫ് റോളിന് പ്രശസ്തമായ സാബോ റെസ്റ്റോറൻറിൽ എത്തിച്ചേരുന്നു. പിയാനോയിൽ നിന്നുവരുന്ന ഗ്ലൂമി സൺഡേ കേട്ടിരുന്ന അയാൾ പിയാനോയുടെ മുകളിൽ ഇരുന്ന സുന്ദരിയുടെ രൂപം കണ്ട് കുഴഞ്ഞുവീഴുന്നു. പിന്നെ കാഴ്ച കൾ അറുപതുവർഷം പിന്നിലേക്ക്.
1930 കളിലെ നാസി അധിനിവേശത്തിനുമുന്പുള്ള ബുഡാപെസ്റ്റ് നഗരം. ജൂതനായ റെസ്റ്റോറൻറ് ഉടമ ലാസ്ലോ. മുഖ്യ പരിചാരികയായ ഇലോണ. പിയാനിസ്റ്റ് ആൻഡ്രോസ്. ഇവരുടെ ത്രികോണ പ്രണയം. ഇലോണയുടെ ജന്മദിനത്തിൻ ആൻഡ്രോസ് ഈണമിട്ടുപാടിയ ഗ്ലൂമി സൺഡേ പലരുടേയും ജീവനെടുക്കുന്നു. ഹാൻസ് വിക്കിൻറെ വിവാഹാഭ്യർത്ഥന ഇലോണ നിരസിച്ചു. ഡാന്യൂബ് നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ തുടങ്ങിയ അയാളെ ലാസ്ലോ രക്ഷിക്കുന്നു. എന്നെങ്കിലും പ്രത്യുപകാരം ചെയ്യുമെന്ന് പറഞ്ഞ് അയാൾ ജർമ്മനിയിലേക്ക് വണ്ടികയറി. നാസി അധിനിവേശ കാലത്ത് എസ്.എസ് ബ്രിഗേഡിൻറെ കമാൻററായ് തിരിച്ചുവന്ന അയാൾ ജൂതനായ ലാസ്ലോവിനോട് കരുണകാണിക്കുന്നില്ല. ഇതിനിടെ തൻറെ ഗാനം കേട്ട് ആളുകൾ ആത്മഹത്യചെയ്യുന്നതിൽ മനംനൊന്ത് ആൻഡ്രോസ് ആത്മഹത്യ ചെയ്യുന്നു.
ഇലോണയും മകനും ഹാൻസിനോട് പ്രതികാരം ചെയ്ത് ആയാളെ കൊന്നതാണ് എന്ന വസ്തുത ചിത്രത്തിൻറെ അവസാനം മാത്രം കാഴ്ചക്കാർക്ക് ബോധ്യപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ