ആദ്യം തന്നെ പറയട്ടെ, ഇതൊരു പുസ്തകപരിചയമോ റിവ്യൂവോ അല്ല. കേരളസമൂഹത്തിന് നേർക്കുള്ള തുറന്നെഴുത്താണിത്.
നമ്മളൊക്കെ ഓരോ നിമിഷവും അഭിമാനം കൊള്ളുന്ന പല വിശേഷണങ്ങളോടെ കോൾമയിർ കൊള്ളുന്ന നവോത്ഥാനത്തിന്റെ കേന്ദ്രമായ കേരളസമൂഹം ഒരു അധ്യാപകനോട് കാണിച്ച നീതികേടിനെ ഓർമിപ്പിക്കാനാണ് ഈ തുറന്നെഴുത്ത്. ലോകപുസ്തകദിനമായ ഏപ്രിൽ 23 നു ഇത്തരത്തിലൊന്നു രേഖപ്പെടുത്തുമ്പോൾ പുസ്തകവായന പോലും ഉപരിപ്ലവമായ ഒന്ന് മാത്രമായി കേരളസമൂഹവും അടയാളപ്പെടുത്തുന്നു എന്ന് അർത്ഥമാക്കേണ്ടി വരും. വായന നമ്മുടെ മനസ്സിനെയും ചിന്തയെയും വിമലീകരിക്കുന്ന ഒന്നായിട്ടാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്. അങ്ങിനെയുള്ള ഒരു സമൂഹത്തിലാണ് അറ്റുപോയ കൈപ്പത്തിയുമായി പ്രൊഫസർ ടി ജെ ജോസഫിന് അറ്റുപോയ ഓർമ്മകൾ എന്ന പേരിൽ ആത്മകഥനം നടത്തേണ്ടിവന്നത്. മതേതരകേരളത്തിന്റെ സീമ നിശ്ചയിക്കുന്നത് മതമൗലികവാദികളുടെ മണ്ടയിലാണ് എന്നത് ഇന്നൊരു തമാശയല്ല. കഴിഞ്ഞ കുറെ വര്ഷങ്ങളിലെ മാധ്യമവാർത്തകളായ ചേകന്നൂർ കേസ് , ശബരിമല സ്ത്രീപ്രവേശനം, മതമില്ലാത്ത ജീവൻ എന്നിവ മതേതരകേരളത്തിന്റെ കറുത്തപൊട്ടുകളാണ്. തുറന്നു വർഗീയത പറയുന്നവരേക്കാൾ അപകടകാരികളാണ് ഒളിച്ചു മതവിദ്വെഷം സൃഷ്ടിക്കുന്ന ദൈവങ്ങളുടെ കാവലാളുകൾ എന്ന് സ്വയം ബോധ്യപ്പെടുത്തുന്നവർ. കൂടുതൽ മതം പറയുന്നതാണ് മതേതരം എന്ന് കരുതുന്നവരുടെ എണ്ണം കൂടിവരികയാണ്. സ്ത്രീപീഢകനായ വൈദികനു സംരക്ഷണകവചം തീർക്കുന്നവർക്ക് ഒരു അധ്യാപകന്റെ നിരപരാധിത്വം ബോധ്യപ്പെട്ടില്ല എന്ന് മാത്രമല്ല ബോധപൂർവ്വം ശിക്ഷിച്ചു എന്നത് കൈവെട്ടിയവരെക്കാൾ മതമൗലികവാദികളിലാണ് ദൈവത്തിന്റെ അപ്പോസ്തലന്മാർ എന്ന് വിശേഷിപ്പിക്കുന്ന കൂട്ടർ എന്ന് നമ്മുടെ മുൻപിൽ ബോധ്യപ്പെടുത്തുന്നു. കേരളത്തിലെ രാഷ്ട്രീയക്കാരും നിയമപാലകരും മാധ്യമങ്ങളും ശരിയായ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ കേരളത്തിലെ ഒരു മലയാളം അധ്യാപകനും കുടുംബത്തിനും ഇങ്ങിനെയൊരു ദുരന്തം സംഭവിക്കയില്ലായിരുന്നു എന്ന് വേദനയോടെ, ഖേദത്തോടെ ഇവിടെ പറഞ്ഞുവെക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ